എനിക്കറിയാവുന്ന സഹപ്രവർത്തകയുടെ മുഖമായിരുന്നില്ല ആ വീഡിയോയിൽ, രേഖ തളരരുത്: സരിത ബാലകൃഷ്ണൻ
യൂട്യൂബ് ചാനലുകൾ തന്നെ നിരന്തരം അപമാനിക്കുന്നതിൽ കഴിഞ്ഞ ദിവസമാണ് നടി രേഖ രതീഷ് പ്രതികരിച്ചത്. കരഞ്ഞ് കൊണ്ടാണ് രേഖ വീഡിയോയയിൽ സംസാരിച്ചത്. മുഖ്യമന്ത്രി പിണറായി വിജയൻ ഇവർക്കെതിരെ നടപടി എടുക്കണമെന്നും രേഖ രതീഷ് അഭ്യർത്ഥിച്ചു. ഇപ്പോഴിതാ വിഷയത്തിൽ പ്രതികരണവുമായി രംഗത്ത് വന്നിരിക്കുകയാണ് നടി സരിത ബാലകൃഷ്ണൻ. രേഖ തളരരുതെന്ന് സരിത പറയുന്നു.
കണ്ണീരല്ല, ഇത് ഒരു അമ്മയുടെയും കലാകാരിയുടെയും അതിജീവനത്തിനായുള്ള നിലവിളിയാണ്! സ്ക്രീനിൽ നമ്മൾ കണ്ടുശീലിച്ച രേഖ രതീഷ് എന്ന നടിയുടെ എനിക്കറിയാവുന്ന എന്റെ സഹപ്രവർത്തകയുടെ മുഖമായിരുന്നില്ല ഇന്ന് ആ വീഡിയോയിൽ കണ്ടത്. നിസ്സഹായയായ, തകർന്നുപോയ ഒരു സ്ത്രീയുടെ, ഭയന്നുവിറയ്ക്കുന്ന ഒരു അമ്മയുടെ മുഖമായിരുന്നു അത്. "എന്നെ ജീവിക്കാൻ അനുവദിക്കണം" എന്ന് അവർ കൈകൂപ്പി അപേക്ഷിക്കുമ്പോൾ, അത് കണ്ടുനിൽക്കാൻ മനസാക്ഷിയുള്ള ആർക്കും കഴിയില്ല.

പക്ഷെ, ചിലർ പ്രതീക്ഷിച്ചത് ഇതല്ലല്ലേ? എന്ത് ബോറാണ്, അല്ലേ? ഒരു നല്ല, ചൂടുള്ള 'ബ്രേക്കിംഗ് ന്യൂസ്' അല്ലേ ആഗ്രഹിച്ചത്? ഇതിപ്പോ വെറും കരച്ചിൽ! യൂട്യൂബ് എന്ന 'മഹത്തായ' തൊഴിൽ മേഖലയിൽ കഷ്ടപ്പെടുന്ന പാവം 'മഞ്ഞ' പത്രക്കാരെ കുറ്റം പറയരുത്. അവർക്കും ജീവിക്കണ്ടേ? മറ്റുള്ളവരുടെ കിടപ്പുമുറിയിലേക്കും അടുക്കളയിലേക്കും ക്യാമറയും കൊണ്ട് ഒളിഞ്ഞുനോക്കി, അവിടെ കാണുന്ന കാര്യങ്ങൾക്ക് സ്വന്തം മനോരോഗത്തിനനുസരിച്ച് ക്യാപ്‌ഷൻ ഇട്ട് വിറ്റാലേ അവർക്ക് അരി മേടിക്കാൻ പറ്റൂ.
ഒരു സ്ത്രീയുടെ കണ്ണീരിന് മാർക്കറ്റിൽ നല്ല വിലയാണെന്ന് കരുതി, അവരുടെ സ്വകാര്യത വിറ്റ് കാശാക്കുന്നതിനെ 'മാധ്യമധർമ്മം' എന്ന് വിളിക്കുന്നത് അശ്ലീലമാണ്. ഏറ്റവും നോവിച്ചത് ആ അമ്മയുടെ വാക്കുകളാണ്: "എന്റെ മകൻ പത്താം ക്ലാസ്സിലാണ്". സ്വന്തം അമ്മയെക്കുറിച്ച് നാട്ടുകാർ മുഴുവൻ ഇല്ലാത്ത കഥകൾ പറഞ്ഞുണ്ടാക്കുമ്പോൾ ആ കൗമാരക്കാരൻ അനുഭവിക്കുന്ന മാനസിക സംഘർഷം നമ്മൾ ചിന്തിച്ചിട്ടുണ്ടോ? തൊഴിൽ ചെയ്ത് ജീവിക്കാനുള്ള അവകാശം പോലും നിഷേധിച്ച് ഒരു സ്ത്രീയെ വീടിനുള്ളിൽ തളച്ചിടാൻ ആരാണ് ഈ 'സൈബർ ഗുണ്ടകൾക്ക്' അധികാരം നൽകിയത്?
ഇവിടെ കുറ്റം ഈ മഞ്ഞപ്പത്രക്കാരുടേത് മാത്രമല്ല. ഇത്തരം വാർത്തകൾ ആവേശത്തോടെ ക്ലിക്ക് ചെയ്യുന്ന, ഷെയർ ചെയ്യുന്ന നമ്മൾ ഓരോരുത്തരുമാണ് യഥാർത്ഥ പ്രതികൾ. നമ്മുടെ ഈ വിരൽത്തുമ്പിലെ ചോരക്കറ നമ്മളുടേത് കൂടിയാണ്!
സോഷ്യൽ മീഡിയ ഒരു കോടതിയും, അവിടുള്ളവർ ജഡ്ജിമാരുമാകുന്ന കാലമാണിത്. തെളിവുകളില്ല, വിചാരണയില്ല. ഇഷ്ടമില്ലാത്തവരെ, പ്രത്യേകിച്ച് സ്ത്രീകളെ, "മോശക്കാരി" എന്ന് മുദ്രകുത്താൻ ഒരു നിമിഷം മതി. ഒരാളുടെ വസ്ത്രധാരണത്തെയോ, വ്യക്തിപരമായ തീരുമാനങ്ങളെയോ വളച്ചൊടിച്ച് ആഘോഷിക്കുമ്പോൾ, അവിടെ തകരുന്നത് ഒരു മനുഷ്യന്റെ ജീവിതമാണ്.
രേഖ, നിങ്ങൾ തളരരുത്. ഈ കണ്ണീർ വീണ് നീറേണ്ടത് അന്നം മുട്ടിക്കുന്ന രീതിയിൽ വാർത്തകൾ ചമയ്ക്കുന്നവരുടെ മനസാക്ഷിയാണ്. നിങ്ങൾ തോറ്റാൽ ജയിക്കുന്നത് അശ്ലീല തലക്കെട്ടുകൾ നൽകി കാശുണ്ടാക്കുന്ന ആ സംസ്കാരശൂന്യരാണ്. സ്ത്രീസുരക്ഷയ്ക്ക് എന്നും മുൻഗണന നൽകുന്ന മുഖ്യമന്ത്രി പിണറായി വിജയൻ ഈ വിഷയത്തിൽ അതിവേഗം ഇടപെടുമെന്നും, കരുതുന്നു എന്നാണ് സരിത ബാലകൃഷ്ണന്റെ കുറിച്ച്.


Click it and Unblock the Notifications











