കണ്ടിട്ട് സഹിക്കാനാവുന്നില്ല; മുടി മുഴുവനായും മുറിച്ച് രേണു സുധി; പ്രാർത്ഥനയിലുണ്ടെന്ന് ആവർത്തിച്ച് ആരാധകർ!
സ്തനത്തിൽ വന്നൊരു മുഴ കൃത്യമായി ചികിത്സിച്ച് മാറ്റാൻ ശ്രമിക്കാതിരുന്നതിനാലാണ് രേണു സുധിക്ക് കാൻസർ എന്ന മാരക രോഗം പിടിപെടാൻ കാരണമായത്. അടുത്തിടെയാണ് കാൻസറാണെന്ന് ഡോക്ടർമാർ സ്ഥിരീകരിച്ചത്. അസുഖം മൂന്നാം ഘട്ടം പിന്നിട്ടുവെന്നതുകൊണ്ട് തന്നെ ചികിത്സ കുറച്ച് കൂടി വേഗത്തിലാക്കിയിട്ടുണ്ട് ഡോക്ടർമാർ. ഒരു കീമോ ഇതിനോടകം കഴിഞ്ഞു. ആൻ്റിബോഡിയും കുത്തിവെച്ചു. കീമോയ്ക്കുശേഷം വീട്ടിൽ വിശ്രമത്തിലാണ് രേണു.
കീമോയുടെ ക്ഷീണവും വേദനയും തന്നെ വല്ലാതെ അലട്ടുന്നതായി സോഷ്യൽമീഡിയയിൽ പങ്കുവെയ്ക്കുന്ന വീഡിയോയിൽ രേണു പറഞ്ഞിരുന്നു. രോഗം സ്ഥിരീകരിച്ചശേഷം ചികിത്സ ആരംഭിക്കുന്നതിന് മുന്നോടിയായി രേണു മുടി കഴുത്തൊപ്പം മുറിച്ചിരുന്നു. ഇപ്പോഴിതാ മുടി പൂർണ്ണമായും മുറിച്ചിരിക്കുന്നു. തല മൊട്ടയടിച്ചതിന്റെ ദൃശ്യങ്ങൾ രേണു റീലായി ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചു.

ഇതുവരെ രേണുവിനെ ഇങ്ങനൊരു രൂപത്തിൽ പ്രേക്ഷകർ ആരും തന്നെ കണ്ടിട്ടില്ല. പക്ഷെ ഒരു രോഗത്തിന്റെ ഭാഗമായി രേണു മുടി മുഴുവൻ മുറിച്ചുവെന്നത് ആരാധകരിലും വലിയ വേദനയുണ്ടാക്കി. കണ്ടിട്ട് സഹിക്കാനാവുന്നില്ലെന്നാണ് ഏറെയും കമന്റുകൾ. രേണുവിന്റെ തലയിൽ ചേച്ചി തലോടി ആശ്വസിപ്പിക്കുന്നതും വൈറൽ വീഡിയോയിൽ കാണാം. ഡോക്ടറുടെ നിർദേശപ്രകാരമാണ് രേണു മുടി പൂർണ്ണമായും മുറിച്ച് നീക്കിയത്.
കീമോയും മറ്റ് ചികിത്സകളും തുടർന്നും നിരവധി രേണുവിന് ബാക്കിയുണ്ട്. കാൻസർ ബാധിക്കുമ്പോൾ മുടി കൊഴിയുന്നത് കാൻസർ മൂലമല്ല. മറിച്ച് നൽകപ്പെടുന്ന ചികിത്സകൾ പ്രത്യേകിച്ച് കീമോതെറാപ്പി, റേഡിയേഷൻ മൂലമാണ്. കാൻസർ കോശങ്ങളെ നശിപ്പിക്കാൻ ഉപയോഗിക്കുന്ന ഈ ചികിത്സകൾ മുടി വളരുന്ന കോശങ്ങളെക്കൂടി ബാധിക്കുന്നതിനാലാണ് മുടി കൊഴിയുന്നത്.
ചികിത്സ അവസാനിച്ച ശേഷം മുടി സാധാരണ നിലയിൽ വളർന്ന് തുടങ്ങും. കീമോതെറാപ്പിയിൽ കാൻസർ കോശങ്ങളെ നശിപ്പിക്കാൻ ഉപയോഗിക്കുന്ന മരുന്നുകൾ പെട്ടെന്ന് വളരുന്ന കോശങ്ങളെയാണ് ലക്ഷ്യമിടുന്നത്. ഇത് തലയിലെ മുടി മാത്രമല്ല പുരികം, കൺപീലി, ശരീരത്തിലെ മറ്റ് രോമങ്ങൾ എന്നിവ കൊഴിയാനും കാരണമാകാം. അതുപോലെ റേഡിയേഷൻ നൽകുന്ന ശരീരഭാഗങ്ങളിൽ മാത്രമാണ് മുടി കൊഴിച്ചിൽ ഉണ്ടാകുന്നത്.
ഉദാഹരണത്തിന് തലച്ചോറിലെ കാൻസറിന് റേഡിയേഷൻ ചെയ്യുമ്പോൾ തലയിലെ മുടി കൊഴിയാം. ഹോർമോൺ തെറാപ്പി അല്ലെങ്കിൽ ടാർഗെറ്റഡ് തെറാപ്പി ഈ ചികിത്സകൾ മുടി പൂർണ്ണമായി കൊഴിയാൻ കാരണമാകില്ലെങ്കിലും മുടി നേർത്തതാകാനോ വളർച്ച മന്ദഗതിയിലാകാനോ ഇടയാക്കാം. ചികിത്സ തുടങ്ങുന്നതിന് മുമ്പ് മുടി വെട്ടുന്നത് കൊഴിച്ചിൽ ഉണ്ടാക്കുന്ന മാനസിക വിഷമം കുറയ്ക്കാൻ സഹായിക്കും.

മുടി കൊഴിച്ചിൽ തടയാൻ സ്കാൽപ് കൂളിംഗ് ക്യാപ്സ് പോലെയുള്ള മാർഗങ്ങൾ ചില ചികിത്സാ കേന്ദ്രങ്ങളിൽ ലഭ്യമാണ്. രേണുവിന് രോഗം സ്ഥിരീകരിച്ചശേഷം ആളുകൾക്ക് താരത്തോടുള്ള സമീപനത്തിൽ വലിയ മാറ്റം വന്നിട്ടുണ്ട്. മുമ്പ് രേണുവിന്റെ കമന്റ് ബോക്സ് നിറയെ പരിഹാസവും ചീത്ത വിളികളും ശാപവാക്കുകളും ആയിരുന്നുവെങ്കിൽ ഇന്ന് കമന്റ് ബോക്സ് മുഴുവൻ പ്രാർത്ഥനകളും പോസിറ്റിവിറ്റിയും നിറയുന്ന വാക്കുകൾ കൊണ്ട് നിറഞ്ഞിരിക്കുകയാണ്.
എന്ത് തന്നെ പറഞ്ഞാലും രേണുവിനെ ഇങ്ങനെ കണ്ടപ്പോൾ വല്ലാത്ത വേദന തോന്നി. വിഷമിക്കാതെ എല്ലാം ശരിയാകും, ധൈര്യം ആയിരിക്കൂ. എല്ലാം പെട്ടെന്ന് മാറി പഴയതിനേക്കാൾ ഉഷാറായി വേഗം വായോ. മുടിയൊക്കെ ഇനിയും വരും. പേടിക്കേണ്ട ഒരുപാട് പേരുടെ പ്രാർത്ഥനയുണ്ട്, മുടിയൊക്കെ പോട്ടെ അസുഖം ഭേദമായാൽ മതിയായിരുന്നു എന്നിങ്ങനെ നീളുന്നു കമന്റുകൾ.
തനിക്ക് വേണ്ടിയല്ല തന്റെ മകനെ ഓർത്ത് രോഗം ഭേദമായി ജീവിതത്തിലേക്ക് ഞാൻ തിരിച്ച് വരാൻ എല്ലാവരും പ്രാർത്ഥിക്കണമെന്നാണ് രേണു നിരന്തരം പറയുന്നത്. കുടുംബത്തിലെ ഏക വരുമാന സ്രോതസ്സായിരുന്നു രേണു. സുധിയുടെ മരണശേഷം കുടുംബം നോക്കിയത് രേണുവായിരുന്നു.


Click it and Unblock the Notifications


