ചേട്ടൻ ബിയർ ചോദിച്ചപ്പോൾ അവർ കൊടുത്തത്, നികൃഷ്ടമായി കുത്തിവെച്ചു! മണിയുടെ മരണത്തിൽ തുറന്ന് പറച്ചിൽ
കലാഭവൻ മണിയുടെ മരണത്തെക്കുറിച്ച് സഹോദരൻ വിഎൽ രാമകൃഷ്ണൻ. ആശുപത്രിയിലാകുന്ന ദിവസം നടന്ന കാര്യങ്ങൾ ഒപ്പമുണ്ടായിരുന്നവർ ഒന്നും പറഞ്ഞില്ലെന്ന് ആർഎൽവി രാമകൃഷ്ണൻ പറയുന്നു. സഫാരി ചാനലിലാണ് തുറന്ന് പറച്ചിൽ. ചേട്ടന്റെ വേർപാട് ഇന്നും നമ്മുടെ മനസിലുണ്ട്. അന്ന് ശനിയോ ഞായറോ മറ്റോ ആയിരുന്നു. അന്ന് അച്ഛന്റെ സ്മാരകത്തിൽ ഞാൻ ക്ലാസ് എടുക്കുന്നുണ്ട്. അന്ന് വെകുന്നേരം ആറര ഏഴ് മണിയോടെയാണ് എനിക്ക് ഫോൺ വരുന്നത്.
2016 മാർച്ച് 5. ചേട്ടൻ അമൃതയിലാണ്, സീരിയസാണ് പെട്ടെന്ന് വരണമെന്ന് പറഞ്ഞു. എന്റെ സുഹൃത്തും ഞാനും കൂടെ അവിടേക്ക് ഓടിയെത്തി. ചേട്ടൻ വെന്റിലേഷനിലാണ്. മണി എന്താണ് കഴിച്ചതെന്ന് പറഞ്ഞാലേ ആന്റി ഡോസ് കൊടുക്കാൻ പറ്റൂ, ഇപ്പോൾ അബോധാവസ്ഥയിലാണ് എന്ന് പറഞ്ഞറിഞ്ഞു. പുറത്തേക്കിറങ്ങി ഇദ്ദേഹത്തിന്റെ കൂടെയുണ്ടായിരുന്നു മുഴുവൻ സുഹൃത്തുക്കളോടും ചോദിച്ചു. ആരും ഒന്നും പറയുന്നില്ല.

മാർച്ച് ആറിന് അദ്ദേഹം മരിക്കുന്നു. കുറച്ച് ദിവസങ്ങൾക്കുള്ളിൽ പോസ്റ്റ്മോർട്ടം റിപ്പോർട്ട് വരുന്നു. മീഥെയ്ൽ ആൽക്കഹോൾ പോയിസനിംഗ് കാരണമാണ് മരിച്ചതെന്നാണ് അതിൽ പറയുന്നത്. അദ്ദേഹത്തിന് ചെറിയ തോതിൽ ലിവർ സിറോസിസിന്റെ അസുഖവും ഉണ്ടായിരുന്നു. എന്താണ് മരണ കാരണം എന്നറിയാതെ ഞങ്ങൾ നിശബ്ദരായിരുന്നു. പോസ്റ്റ്മോർട്ടം റിപ്പോർട്ട് വന്നതോടെ ചാനലുകൾ മുഴുവനും വിളിച്ച് തുടങ്ങി.
പിന്നെയാണ് മാർച്ച് 5 ന് മുമ്പുള്ള ദിവസങ്ങളെക്കുറിച്ച് അന്വേഷിക്കുന്നത്. സാധാരണ ചേട്ടൻ ബിയർ ആണ് കഴിക്കാറ്. കുട്ടിക്കാലം മുതൽ ചേട്ടൻ മദ്യപിക്കുകയോ പുകവലിക്കുകയോ ചെയ്യുന്ന ആളല്ല. സിനിമയിൽ കയറി വളരെ കാലങ്ങൾക്ക് ശേഷമാണ് അദ്ദേഹം ബിയർ തന്നെ കഴിച്ച് തുടങ്ങിയത്. എന്റെ കൺമുന്നിൽ അദ്ദേഹം ഒരുപാട് മദ്യപിച്ച് വരുന്ന സാഹചര്യം ഉണ്ടായിട്ടില്ല. അന്വേഷിച്ചപ്പോൾ അവിടെ അടുത്തുണ്ടായിരുന്ന ഒരു വ്യക്തി എന്നോട് പറഞ്ഞത് തലേ ദിവസം അതിഥികൾ വന്ന് പോയിരുന്നു. പിറ്റേ ദിവസം രാവിലെ ചേട്ടൻ ബിയർ ചോദിച്ചപ്പോൾ ബിയർ ഉണ്ടായിരുന്നില്ല. അവിടെയുണ്ടായിരുന്ന രണ്ട് പേർ പുറത്ത് പോയി പെപ്സി വാങ്ങിക്കൊണ്ട് വന്ന് ബിയർ കുപ്പിയിൽ ഒഴിച്ച് ബിയർ ആണെന്ന് പറഞ്ഞ് കൊടുത്തു. അതോടെ അദ്ദേഹത്തിന് കണ്ണിന്റെ കാഴ്ച പോയത് പോലെ സാഹചര്യം ഉണ്ടാകുകയും നിലത്ത് കിടന്നുരുളുകയും ചെയ്തു. ഒരുപാട് സംഭ്രമങ്ങൾ അദ്ദേഹമവിടെ കാണിച്ചു.
പക്ഷെ അവിടെയുള്ള ആരും ഈ വിവരങ്ങൾ വീട്ടിൽ അറിയിച്ചില്ല. ഹോസ്പിറ്റലിൽ കൊണ്ട് പോകാൻ ബെൻസോഡെെസ്പിൻ കുത്തി വെച്ചു. സഡേറ്റ് ചെയ്തു. സുഹൃത്തായ ഡോക്ടറുടെ നേതൃത്വത്തിലാണ് കുത്തിവെച്ചത്. ഇതൊന്നും നമ്മളോട് പറയുന്നില്ല. ചേട്ടന് വേറെ വസ്ത്രം വാങ്ങിച്ച് വെെകുന്നേരം നാല് മണിയോടെയാണ് ആശുപത്രിയിൽ എത്തിക്കുന്നത്. വീട് പാഡിയിൽ നിന്നും 200 മീറ്റർ പോലുമില്ല. ക്ലാസ് എടുക്കുന്നതിന്റെ മുമ്പിലൂടെയാണ് ചേട്ടനെ കൊണ്ട് പോയത്. പക്ഷെ ഞങ്ങളോട് പറഞ്ഞില്ല. ലിവർ സിറോസിസ് രോഗികൾക്ക് പാരസെറ്റമോൾ ഗുളിക പോലും കൊടുക്കാൻ പാടില്ല. നികൃഷ്ടമായ രീതിയിൽ കുത്തിവെച്ചാണ് അവർ ചേട്ടനെ കൊണ്ട് പോയതെന്നും ആർഎൽ വി രാമകൃഷ്ണൻ പറയുന്നു. ചേട്ടനുടുത്ത വസ്ത്രങ്ങൾ വസ്ത്രങ്ങൾ അവർ കത്തിച്ചു കളഞ്ഞു. അവിടെയെല്ലാം കഴുകി വൃത്തിയാക്കി. പുതിയ തെളിവുകൾ കൊടുക്കാനില്ല. അന്വേഷണത്തിൽ തൃപ്തിയില്ലെന്നും മരണത്തിൽ ദുരൂഹതയുണ്ടെന്ന് ഇന്നും വിശ്വസിക്കുന്നെന്നും ആർഎൽവി രാമകൃഷ്ണൻ പറയുന്നു.


Click it and Unblock the Notifications
