പ്രൊഡ്യൂസർ യാചിച്ചിട്ടും സുരേഷ് ഗോപി സമ്മതിച്ചില്ല, വാരിക്കോരി കൊടുക്കുന്നയാളുടെ യഥാർത്ഥ മുഖം: സാബു സർഗം
നടനും എംപിയുമായ സുരേഷ് ഗോപിക്കെതിരെ രൂക്ഷ വിമർശനവുമായി സംവിധായകനും ഡബ്ബിംഗ് ആർട്ടിസ്റ്റുമായ സാബു സർഗം. ദാനശീലനാണെന്ന ഇമേജുണ്ടെങ്കിലും സുരേഷ് ഗോപിക്ക് മറ്റൊരു മുഖമുണ്ടെന്ന് സാബു സർഗം പറയുന്നു. ഒരു നിർമാതാവിന്റെ ദുരവസ്ഥയും സാബു സർഗം തുറന്ന് പറഞ്ഞു. മാസ്റ്റർ ബിൻ യൂട്യൂബ് ചാനലിലാണ് പരാമർശം.
സുരേഷ് ഗോപി എന്ന നടൻ ദാനധർമ്മിഷ്ടനാണ്, വാരിക്കോരി കൊടുക്കുന്നവനാണ് എന്നൊക്കെ പറഞ്ഞിട്ട് സിനിമയിൽ നിൽക്കുന്ന ആളാണ്. എളിയ സിനിമാപ്രവർത്തകൻ എന്ന നിലയിൽ എനിക്ക് പറയാനുള്ളത് ഏതെങ്കിലും ഒരു പ്രൊഡ്യൂസറെ പുള്ളി സഹായിച്ചിട്ടില്ല എന്നാണ്. 17 ലക്ഷം രൂപ കൊടുക്കാനുള്ള ഒരു പ്രാെഡ്യൂസറോട് പെെസ കൊണ്ട് വരാതെ ഞാൻ ഈ സിനിമ ഡബ് ചെയ്ത് തരില്ല എന്ന് പറഞ്ഞു. നിർമാതാവ് കിടപ്പാടം എഴുതി വിറ്റ് പെെസ കൊടുത്തു. അതിന് ശേഷമാണ് അദ്ദേഹം ഡബ് ചെയ്തത്.

വലിയ സാമ്പത്തികമുള്ള പ്രൊഡ്യൂസറേ അല്ല. സാധാ മനുഷ്യനാണ്. സിനിമയോടുള്ള ഇഷ്ടം കൊണ്ട് നിർമാണത്തിലേക്ക് വന്നു. ഇദ്ദേഹം സുരേഷ് ഗോപിയുടെ വീട്ടിൽ പോയി ഭിക്ഷ യാചിക്കുന്നത് പോലെ സംസാരിച്ചു. 17 ലക്ഷമുണ്ടെങ്കിലേ ഞാനത് ചെയ്യൂ മോനെ, മോൻ ഇപ്പോൾ തിരിച്ച് പോ, നിങ്ങൾ വിചാരിക്കുന്നത് പോലെയല്ല സിനിമ എന്ന് സുരേഷ് ഗോപി പറഞ്ഞു.
ഇടക്കാലത്ത് സംവിധായകർ കഥ പറയാൻ ചെല്ലുമ്പോൾ നിങ്ങളാദ്യം 10 ലക്ഷം രൂപ അഡ്വാൻസ് തരൂ എന്നിട്ട് കഥ കേൾക്കാമെന്ന് പറയുമായിരുന്നു. ഇത് എവിടത്തെ ന്യായമാണ്. സുരേഷ് ഗോപി സിനിമാ രംഗത്ത് വന്ന സമയത്ത് സ്വന്തം ശബ്ദം പോലും ഉപയോഗിക്കാൻ സംവിധായകർ സമ്മതിച്ചിട്ടില്ല. മോഹൻലാൽ ചെന്നെെയിൽ പ്രായമായ അഭിനേതാക്കൾക്ക് മാസം ഒരു നിശ്ചിത തുക കൊടുക്കുന്നുണ്ടെന്നും സാബു സർഗം പറഞ്ഞു. സുരേഷ് ഗോപി ചെയ്യുന്ന സഹായം എല്ലാവരും അറിയും. കാരണം സഹായിക്കുന്നതിന് മുമ്പേ സഹായിക്കുന്നെന്ന് പറയും. സുരേഷ് ഗോപി ഒരു സിനിമാക്കാരനെ കരയിച്ചതിന് സാക്ഷിയാണ് ഞാനെന്നും സാബു സർഗം പറഞ്ഞു.
സുരേഷ് ഗോപിയുടെ ദാനശീലൻ എന്ന ഇമേജ് രാഷ്ട്രീയത്തിലും ഉപകരിച്ചിട്ടുണ്ട്. സഹപ്രവർത്തകരിൽ പലരും സുരേഷ് ഗോപി സഹായിച്ചതിനെക്കുറിച്ച് സംസാരിച്ചിട്ടുമുണ്ട്. സിനിമാ, സീരിയൽ മേഖലയിൽ സുരേഷ് ഗോപിയോട് കടപ്പാടുള്ള ഒരുപാട് പേരുണ്ട്. പലരുടെയും ജീവിതത്തിൽ വലിയ സ്വാധീനമാണ് സുരേഷ് ഗോപിയുണ്ടാക്കിയത്. അതേസമയം താരത്തെ വിമർശിക്കുന്നവരും ഏറെയാണ്. രാഷ്ട്രീയത്തിലിറങ്ങിയ ശേഷം പല തവണ സുരേഷ് ഗോപി വിവാദത്തിലായി.


Click it and Unblock the Notifications















