ഉർവശിയുടെ സംസാരത്തിലും നടത്തത്തിലും എന്തോ കുഴപ്പം, അത് കൂടി ഓർക്കുമ്പോൾ എന്തോ പോലെ: ശാന്തിവിള ദിനേശ്
ശ്രീനിവാസൻ മരിച്ചപ്പോൾ ആദരാഞ്ജലിയർപ്പിക്കാൻ വരാതിരുന്നതിന് കാരണം വ്യക്തമാക്കിയ നടി ഉർവശിയെ വിമർശിച്ച് സംവിധായകൻ ശാന്തിവിള ദിനേശ്. ഉർവശി പറഞ്ഞ കാരണം നുണയാണെന്ന് ശാന്തിവിള ദിനേശ് തന്റെ യൂട്യൂബ് ചാനലിൽ പറഞ്ഞു. എന്തുപറ്റിയെന്നറിയില്ല, അടുത്ത കാലത്ത് നമ്മുടെ ഉർവശി പറയുന്നതിലും നടക്കുന്നതിലും നിൽക്കുന്നതിലും പത്ത് പെെസയുടെ കുറവുള്ളത് പോലെ എനിക്ക് തോന്നി. എന്താകാം കാരണമെന്ന് എനിക്കറിയില്ല. ഇനി വീഡിയോകൾ കാണുമ്പോൾ നിങ്ങൾ ശ്രദ്ധിച്ചാൽ മതി.
നായികയായി വിലസിയ കാലത്ത് നല്ല ബോൾഡായിരുന്നു ഉർവശി. അതുകൂടി ഓർക്കുമ്പോൾ ഇപ്പോൾ എന്തോ പോലെ. നമ്മുടെ ശ്രീനിവാസൻ അധികകാലം ഇനി നമ്മളോടൊപ്പം ഉണ്ടാകില്ലെന്ന് ഉറപ്പിച്ച ആളായിരുന്നു ഞാൻ.

അതിനാൽ അദ്ദേഹം രോഗത്തിന്റെ പിടിയിൽ അമർന്ന ശേഷം ഒരിക്കലും ഞാൻ വിളിച്ചിട്ടില്ല. എന്നെ ശ്രീനി ചേട്ടനും വിളിച്ചിട്ടില്ല. പക്ഷെ ഞങ്ങൾക്കിടയിൽ വിശ്വസിക്കാൻ കൊള്ളാവുന്ന ഒരു ഹംസമുണ്ടായിരുന്നു. അദ്ദേഹത്തിന്റെ അക്കൗണ്ടന്റ് കൃഷ്ണകുമാർ. എനിക്ക് ശ്രീനി ചേട്ടനോട് പറയാനുള്ളത് ഞാൻ കൃഷ്ണകുമാറിനോട് പറയും. ശ്രീനി ചേട്ടൻ പറയുന്ന മറുപടി കൃഷ്ണകുമാർ എന്നോട് പറയും. ഒരുപാട് കാലം അങ്ങനെ തുടർന്നു. നിനച്ചിരിക്കാതെ കൃഷ്ണകുമാറും പോയി.
തലയണമന്ത്രത്തിലെ കാഞ്ചന എന്ന റോൾ മാത്രം മതി ഉർവശിയുടെ റേഞ്ച് അളക്കാൻ. 1990 ലെ മികച്ച നടിക്കുള്ള സംസ്ഥാന അവാർഡ് കാഞ്ചനയിലൂടെ ഉർവശി നേടുകയും ചെയ്തു. പൊന്മുട്ടയിടുന്ന താറാവ് അടക്കം ഉർവശിക്ക് മനോഹരമായ വേഷങ്ങൾ എഴുതിയ ആളായിരുന്നു ശ്രീനിവാസൻ. ഒരാൾ മരിക്കുമ്പോൾ കൃത്യമായി അവിടെ കാണണം എന്ന നിയമം ഇവിടെ ഇല്ല. പക്ഷെ അതിനെ ന്യായീകരിച്ച് മെഴുകി കുളമാക്കരുത്.
വരാൻ പറ്റാത്തതിന് കാരണം താനും ജയറാമും പാണ്ഡ്യരാജിന്റെ സിനിമയുടെ നിർണായക ഷൂട്ടിൽ പെട്ട് പോയെന്നാണ് പറയുന്നത്. ഷൂട്ട് നിർത്തി പോന്നാൽ സിനിമ മുടങ്ങുമായിരുന്നു എന്നാണ് ഉർവശി പറയുന്ന കാരണം. ഒരു സിനിമയിൽ അഭിനയിക്കുമ്പോൾ ഒറ്റ ദിവസം മാറി നിൽക്കാത്തവരാണോ ജയറാമും ഉർവശിയുമെല്ലാം. പച്ച നുണ ഉർവശി പറയാമോ എന്നാണെനിക്ക് ചോദിക്കാനുള്ളതെന്ന് ശാന്തിവിള ദിനേശ് പറഞ്ഞു.
2025 ഡിസംബർ 20 നാണ് ശ്രീനിവാസൻ മരിച്ചത്. തമിഴ് സിനിമാ രംഗത്ത് നിന്നുൾപ്പെടെയുള്ള പ്രമുഖർ ശ്രീനിവാസന് അനുശോചനമറിയിക്കാൻ എത്തി. എന്നാൽ ജയറാം എത്തിയില്ല. ഇക്കാര്യം ചൂണ്ടിക്കാട്ടി നിരവധി പേർ ജയറാമിനെ വിമർശിച്ചു. ഈ സാഹചര്യത്തിലാണ് ഉർവശി ഒരു അഭിമുഖത്തിൽ ഇതേക്കുറിച്ച് സംസാരിച്ചത്. ഷൂട്ട് നിർത്താൻ പറ്റാത്ത സാഹചര്യമായിരുന്നെന്നും അല്ലെങ്കിൽ ജയറാം വന്നേനെയെന്നും ഉർവശി പറഞ്ഞു. ജയറാമും ഉർവശിയും ശ്രീനിവാസനൊപ്പം നിരവധി സിനിമകളിൽ പ്രവർത്തിച്ചിട്ടുണ്ട്. അടുത്ത കാലത്തായി തുടരെ വിവാദങ്ങളിലാണ് നടൻ ജയറാം. സോഷ്യൽ മീഡിയയിൽ നടനെതിരെ വ്യാപകമായി കമന്റുകൾ വരുന്നു. മലയാള സിനിമാ രംഗത്ത് ജയറം ഇപ്പോൾ സജീവമല്ല.


Click it and Unblock the Notifications
















