'ഇൻസ്റ്റാൾമെന്റ് പിരിവുകാരനിൽ നിന്നും കോടീശ്വരനായി, ആ മാറ്റം വരുത്തിയിരുന്നെങ്കിൽ അകാലത്തിൽ പോകില്ലായിരുന്നു'
അന്തരിച്ച നടൻ സലിം കുമാറിനെക്കുറിച്ച് സംസാരിച്ച് സംവിധായകൻ ശാന്തിവിള ദിനേശ്. ജീവിതത്തിൽ ചില പാളിച്ചകൾ സലിം കുമാറിനുണ്ടായെന്ന് ശാന്തിവിള ദിനേശ് പറയുന്നു. തന്റെ യൂട്യബ് ചാനലിലാണ് പരാമർശം. കാലൻ കാത്തിരുന്ന ഒരു മനുഷ്യന്റെ കഥ എവിടെയോ ഞാൻ വായിച്ചിട്ടുണ്ട്. ഓരോ നാളും പോത്തിന്റെ പുറത്ത് കറുത്ത വസ്ത്രങ്ങൾ ധരിച്ച് ആളെ പിടിക്കാനിറങ്ങുന്ന കാലൻ എന്നാകും തന്നെ തേടി വരിക എന്നായിരുന്നു ആ മനുഷ്യന്റെ ചിന്ത. കാലൻ വന്നെത്തുന്നതിന് മുമ്പ് പരമാവധി ജീവിതം അടിച്ച് പൊളിക്കണമെന്ന് അയാൾ നിശ്ചയിച്ചു. ജീവിതം സ്വയം നശിപ്പിച്ചു. ദിവസവും ഇയാളുടെ മുന്നിൽ കൂടെ പോത്തിന്റെ പുറത്ത് കയറുമായി കാലൻ പോയിട്ടുണ്ട്. ഇയാളെ തിരിഞ്ഞ് നോക്കിയതേ ഇല്ല. സമയമായില്ല എന്ന് മാത്രം പറഞ്ഞ് കാലൻ ചിരിക്കും.
ജീവിതത്തിൽ എല്ലാം നശിപ്പിച്ച് ഒന്നുമല്ലാതായപ്പോൾ പോലും കാലൻ പറഞ്ഞത് സമയമായിട്ടില്ല എന്നാണ്. പൂജ്യത്തിൽ നിന്നും ജീവിതം വെട്ടിപ്പിടിച്ച് സമ്പന്നതയിലേക്ക് വളർന്നവനായിരുന്നു 56ാം വയസിൽ വിട പറഞ്ഞ സലിം കുമാർ. തന്റെ മുൻഗാമികളും സഹപ്രവർത്തകരുമായിരുന്ന എത്രയോ പേർ ജീവിതം മദ്യത്തിൽ ഹോമിച്ച് അകാലത്തിൽ വിട പറഞ്ഞത് ബുദ്ധിമാനായ സലീമിന് അറിയാം. സലീമിന്റെ ഭാര്യ പൊട്ടിക്കരഞ്ഞ് അന്ത്യ ചുംബനം നൽകുന്നത് കണ്ടപ്പോൾ എന്താണ് സലീമേ നീയൊക്കെ കുടുംബത്തെക്കുറിച്ച് ചിന്തിക്കാത്തത് എന്ന് ചോദിക്കാനാണ് എനിക്ക് തോന്നിയത്.

ഞാൻ മരിക്കുമ്പോൾ കരയരുതെന്ന് സലിം കുമാർ പറഞ്ഞിരുന്നു എന്ന് പറയുന്നു. എങ്ങനെ കരയാതിരിക്കും സലിമേ. 56 വയസല്ലേ നിങ്ങൾക്കായുള്ളൂ. എനിക്ക് ആ വിഷ്വൽ കണ്ടപ്പോൾ വലിയ വിഷമം തോന്നി. ഗ്രാമഫോണിലെ പാട്ടിൽ അഭിനയിച്ച നാല് പേരും മരിച്ചു. അഞ്ചാമനായ ഞാൻ ക്യൂവിൽ നിൽക്കുകയാണെന്ന് ആലോചിക്കുമ്പോൾ എനിക്ക് പേടി തോന്നുമെന്ന് സലിം തന്നെ പറയുമായിരുന്നു. ഈ തിരിച്ചറിവ് പോലും ഇല്ലാതെ സലിം ജീവിച്ചു എന്നതാണ് കഷ്ടം.
ഇൻസ്റ്റാൾമെന്റ് പിരിവുകാരനായി ജീവിതം തുടങ്ങിയ ആളാണ് സലിം കുമാർ. അവിടെ നിന്നും കോടീശ്വരനിലേക്ക് വളരുമ്പോൾ അതിന് അനുസരിച്ച് ജീവിതത്തെയും നമ്മൾ ട്യൂൺ ചെയ്യണമായിരുന്നു. അങ്ങനെ സലിം ചെയ്തില്ല. ചെയ്തിരുന്നെങ്കിൽ അകാലത്തിൽ പോകേണ്ടി വരില്ലായിരുന്നു. സലിമിന്റെ മുന്നിലൂടെ എത്രയോ പേർ ഇങ്ങനെ പോയി. എത്രയോ പേർ പഠിക്കാതെ ക്യൂവിൽ നിൽക്കുന്നു. സലീമേ നീ പോയ്ക്കൊ, നിന്റെ പുറകെ ഞങ്ങളും വരുമെന്ന് വാചകമൊക്കെ അടിക്കാൻ കൊള്ളാം.
എനിക്ക് കുടുംബമുണ്ട് ഭാര്യയുണ്ട് മക്കളുണ്ട് സമൂഹമുണ്ട് എന്ന ചിന്ത വേണമായിരുന്നു. അതില്ലാത്ത ഒരുപാട് പേരുണ്ട് സിനിമയിൽ. സലിം കുമാറെന്ന പച്ചയായ മനുഷ്യന് ആദരാഞ്ജലി അറിയിക്കുന്നെന്നും ശാന്തിവിള ദിനേശ് പറഞ്ഞു. മലയാള സിനിമാ ലോകത്തെ നിരവധി പേർ സലിം കുമാറിന് ആദരാഞ്ജലി അർപ്പിച്ചിട്ടുണ്ട്. കരൾ രോഗ ബാധിതനായിരുന്നു ഏറെക്കാലമായി സലിം കുമാർ. ആരോഗ്യ പ്രശ്നങ്ങൾ കാരണം സിനിമാ രംഗത്ത് സലിം കുമാർ സജീവമായിരുന്നില്ല. മികച്ച നടനുള്ള ദേശീയ പുരസ്കാരമുൾപ്പെടെ സലിം കുമാറിന് ലഭിച്ചിട്ടുണ്ട്.


Click it and Unblock the Notifications

