എങ്ങനെ ഭാര്യമാർ സഹിച്ചു, ഭാര്യയും മക്കളും ഒരുപാട് അനുഭവിച്ച് കാണും, മക്കൾ എതിർത്ത് വരേണ്ട: ശാന്തിവിള ദിനേശ്
വിവാദ പരാമർശങ്ങൾ നടത്തുന്ന സംവിധായകൻ ശാന്തിവിള ദിനേശ് മലയാള സിനിമാ താരങ്ങളെക്കുറിച്ചും സിനിമാലോകത്തെ സമകാലിക സംഭവങ്ങളെക്കുറിച്ചും എപ്പോഴും സംസാരിക്കാറുണ്ട്. ചിലപ്പോഴൊക്കെ പരാമർശങ്ങൾ പൊലീസ് കേസിന് കാരണമായിട്ടുമുണ്ട്. എന്നാൽ തനിക്ക് പറയാനുള്ളത് തുറന്നടിക്കുന്ന പ്രകൃതക്കാരനാണ് ഇപ്പോഴും ശാന്തിവിള ദിനേശ്. നടൻ തിലകനെക്കുറിച്ച് ശാന്തിവിള ദിനേശ് പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്.
പിജെ ആന്റണിയെയും തിലകനെയുമൊക്കെ എങ്ങനെ അവരുടെ ഭാര്യമാർ സഹിച്ചു എന്നാണ് ഞാൻ ആലോചിക്കുന്നത്. നാടകമെഴുത്തും റിഹേഴ്സലും തട്ടിക്കയറലും ഏത് കൂതറ മാട്ട സാധനം വലിച്ച് കയറ്റലും പുകവലിയും ഉറക്കമില്ലായ്മയും എന്തെന്ന് കേട്ടാൽ കുന്തം എന്ന് പറയലുമൊക്കെയായി ജീവിക്കുന്ന ഇവരോടൊപ്പം ജീവിക്കുക. മാന്യമായി ജീവിക്കാനുള്ള സമ്പാദ്യമൊന്നും ഉണ്ടാക്കാനും അറിയില്ല. ഇവരുടെയൊക്കെ ഭാര്യമാരും കുഞ്ഞുങ്ങളും ഒരുപാട് അനുഭവിച്ചിരിക്കാം എന്ന് വിശ്വസിക്കുന്ന ആളാണ് ഞാൻ.

ഞങ്ങൾ അച്ഛൻ സ്വർണക്കരണ്ടിയിലാണ് കഞ്ഞി ഒഴിച്ച് തന്നതെന്ന് പറഞ്ഞ് ആരും വരേണ്ട. ഞാൻ സത്യസന്ധമായി ആലോചിച്ചതാണ്. അവർ എന്തെല്ലാം അനുഭവിച്ചിരിക്കാം ജീവിതത്തിൽ. ജോൺ എബ്രഹാം തിരുവനന്തപുരത്തെ ഒരു ചേരിയിലെ സ്ത്രീയോട് ഒന്നിച്ച് ജീവിക്കാമോ എന്ന് തിരക്കി. ഡൽഹിയിലുള്ള ഒരു കവിയത്രിയെ കെട്ടാനിരുന്നതുമാണ്. കട്ടപ്പുക ആയിപ്പോയെനെ ആ രണ്ട് പേരുടെ കാര്യവും. ജോണിനൊന്നും അങ്ങനെ ഒതുങ്ങിക്കഴിയാൻ പറ്റില്ലെന്നും ശാന്തിവിള ദിനേശ് പറയുന്നു. തന്റെ യൂട്യൂബ് ചാനലിൽ സംസാരിക്കുകയായിരുന്നു ഇദ്ദേഹം.
ഷമ്മി തിലകൻ, ഷോബി തിലകൻ എന്നിവരുൾപ്പെടെ ആറ് മക്കളാണ് തിലകനുള്ളത്. 2012 ൽ തന്റെ 77ാം വയസിലാണ് തിലകൻ അന്തരിച്ചത്. തിലകന്റെ കുടുംബത്തെക്കുറിച്ച് നേരത്തെയും ശാന്തിവിള ദിനേശ് സംസാരിച്ചിട്ടുണ്ട്. തിലകൻ ചേട്ടന് മക്കൾ സ്വസ്ഥത കൊടുത്തിട്ടില്ലെന്നാണ് എനിക്ക് തോന്നുന്നത്. ആ മനുഷ്യൻ മനസമാധാനം എന്താണെന്ന് അറിയാതെയാണ് മരിച്ചത്.
ആശുപത്രിയിൽ കിടന്ന 32 ദിവസവും അദ്ദേഹത്തിന്റെ ഹൃദയം വിങ്ങിക്കാണും. ആറ് മക്കളിൽ രണ്ട് പെൺമക്കളെ വളരെ സ്നേഹിച്ച് വളർത്തിയതാണ്. ആദ്യത്തെ മകനൊക്കെ ഒരു പരിധി കഴിഞ്ഞപ്പോൾ തിലകൻ ചേട്ടനുമായി അധികം അടുക്കാതെ ജോലി സമ്പാദിച്ച് പോയി. എന്നും പ്രശ്നങ്ങളായിരുന്നു. സമ്പത്തിലാണ് മക്കൾക്ക് കണ്ണെന്ന് തിലകൻ തന്നോട് പറഞ്ഞിരുന്നെന്നും ശാന്തിവിള ദിനേശ് ഒരിക്കൽ പറയുകയുണ്ടായി.


Click it and Unblock the Notifications

