ദല്ലാൾ നന്ദകുമാറും ശ്വേതയും തമ്മിലുള്ള ബിസിനസുകൾ ബോംബെയിൽ, മോഹൻലാലുമായൊക്കെ ചേർത്താണ് മോശം പറയുന്നത്!
മലയാള സിനിമയിലെ നടീ നടന്മാരുടെ ഉന്നതിക്ക് വേണ്ടി സ്ഥാപിതമായതാണ് അമ്മ എന്ന സംഘടന. മധു മുതൽ മോഹൻലാൽ വരെ അമ്മയുടെ ഭാരവാഹികളായി പ്രവർത്തിച്ചിട്ടുണ്ട്. എന്നാൽ കഴിഞ്ഞ കുറച്ച് നാളുകളായി അമ്മ സംഘടനയെ പറ്റി വിവാദങ്ങളാണ് ഉയരുന്നത്. അംഗങ്ങൾ പരസ്പരം ചെളി വാരിയെറിയുന്ന സ്ഥിതിയിലേക്ക് കാര്യങ്ങൾ എത്തി. ഇപ്പോൾ ഇതാ എഎംഎംഎയിലെ പുതിയ പൊട്ടിത്തെറികളിൽ തന്റെ അഭിപ്രായം പങ്കുവെക്കുകയാണ് ശാന്തിവിള ദിനേശ്.
ഒരിക്കലും ഒറ്റകെട്ടായി നിൽക്കില്ലായെന്നും ആറുപേർ അറുപത് ചേരിയിൽ നിൽക്കുമെന്നും പത്ത് മാസം കൊണ്ട് അമ്മ ഭാരവാഹികളായ അമ്മച്ചിമാർ തെളിയിച്ചുവെന്ന് ശാന്തിവിള ദിനേശ് പറയുന്നു. സംവിധായകന്റെ വാക്കുകളിലൂടെ തുടർന്ന് വായിക്കാം... ഞങ്ങൾ ഒരിക്കലും ഒറ്റകെട്ടായി നിൽക്കില്ലായെന്നും ആറുപേർ അറുപത് ചേരിയിൽ നിൽക്കുമെന്നും പത്ത് മാസം കൊണ്ട് അമ്മ ഭാരവാഹികളായ അമ്മച്ചിമാർ തെളിയിച്ചു.

ഫാഷൻ പരേഡ് പോലെ ഡ്രസ്സിട്ട് നടക്കാനും അട്ടഹാസ ചിരി ചിരിക്കാനും അല്ലാതെ തനിക്ക് ഒരു ചുക്കും ചെയ്യാൻ അറിയില്ലെന്ന് അമ്മയുടെ പ്രസിഡന്റ് ശ്വേത മോനോൻ തെളിയിച്ചു. വഴിയെ പോകുന്നവർക്കൊക്കെ അമ്മയുടെ ഓഫീസിൽ കയറി നിന്ന് ക്യാമറയ്ക്ക് മുന്നിൽ എന്തും പറയാൻ അനുവദിക്കുന്ന ഒരു മുടിഞ്ഞ കണ്ണാടി മാളിക മാത്രമായി അമ്മ എന്ന സംഘടന അധപതിക്കുന്നു. എന്തൊക്കെ പറഞ്ഞാലും ദല്ലാൾ നന്ദകുമാറിനെ മലയാളികൾക്ക് നന്നായി അറിയാം.
ഇ.പി ജയരാജനെ വരെ കുഴിയിൽ ചാടിച്ചയാളാണ് അയാൾ. പ്രോഗ്രാം അവതരിപ്പിക്കാൻ അല്ലാതെ തന്നെ പലപ്പോഴും വെണ്ണല ക്ഷേത്രത്തിൽ പോകുന്നയാളാണ് അൻസിബ. അങ്ങനെയുള്ളൊരാൾ എങ്ങനെ ഡ്രൈവറെ മതംമാറ്റാൻ നോക്കും?. ഡ്രൈവറെ മുസ്ലീമാക്കിയിട്ട് പകരം അൻസിബ ഹിന്ദുവാകുമോ എന്നാണ് എന്റെ സംശയം. എന്തിനാകും ദല്ലാൻ നന്ദകുമാർ അമ്മ സംഘടനയ്ക്ക് സഹായം വേണമെന്ന് ശ്വേത മോനോൻ പറഞ്ഞയുടനെ 75 ലക്ഷം രൂപ സ്പോൺസർ ചെയ്തത്?.
ഇവരുടെ ഇടപാടുകൾ വെണ്ണലയിലാണോ അതോ ബോംബെയിലാണോയെന്ന് എനിക്ക് അന്വേഷിക്കാനുള്ള ശേഷിയില്ല. കഴിയുന്നവർ അന്വേഷിക്കുക. ദല്ലാൾ നന്ദകുമാറും ശ്വേത മേനോനും തമ്മിലുള്ള ബിസിനസുകൾ ബോംബെയിലാണെന്ന് ഞാൻ പറയും. സാഹചര്യങ്ങൾ വെച്ചാണ് പറയുന്നത്. ഒരു പെൺകുട്ടിയുടെ പേരെടുത്ത് പറഞ്ഞ് ഇവൾ അവിഹിതക്കാരിയാണ്, ഇവൾ മതം മാറ്റാൻ നടക്കുന്നവളാണ് എന്നൊക്കെ തോൽപ്പിക്കാൻ വേണ്ടിയാണെങ്കിൽ പോലും പറയുന്നത് പുരുഷലക്ഷണം അല്ല എന്നാണ് എന്റെ പക്ഷം.
അല്ലെങ്കിൽ പറയുന്നവൻ മാന്യനായിരിക്കണം. എങ്കിൽ പറഞ്ഞോട്ടെ. മോഹൻലാലിന്റെ പേര് പറയാതെ മോഹൻലാലുമായിട്ടൊക്കെ ചേർത്ത് ഈ കുട്ടിയെ അനാവശ്യമായി പറയുന്നത്. എനിക്ക് അതിനുള്ള യോഗ്യത ഉണ്ടോ എന്ന് ഇവനൊക്കെ കണ്ണാടിയുടെ മുമ്പിൽ ഒന്ന് നോക്കിയിട്ടെങ്കിലും പറയണ്ടേ. പ്രേം നസീറിനെ പറ്റി ഇല്ലാക്കഥ പറഞ്ഞതിന് മലയാളികൾ എത്ര ടൺ തെറിയാണ് ടിനി ടോമിനെ വിളിച്ചത്. ടിനി ടോമിന് നല്ല തൊലിക്കട്ടിയുണ്ട്. എന്തൊക്കെ തെറിവിളിച്ചാലും ചിരിച്ചുകൊണ്ടിരിക്കും.

അന്ന് പ്രേം നസീർ ട്രസ്റ്റിന് മുന്നിൽ ടിനി ടോമിനെ ഹാജരാക്കി സമസ്താപരാധം മാപ്പ് പറയിച്ച് ഊരിക്കൊണ്ടുപോയത് ഈ പറഞ്ഞ അൻസിബയായിരുന്നു. മോശമായിപ്പോയി ടിനി നിങ്ങളുടെ നീക്കം. നീനാ കുറുപ്പിനെ വേദിയിലിട്ട് തല്ലാൻ പോയത്രേ ടിനി. ഇവൻ ആരാ എറണാകുളത്തെ വൈറ്റിലയിലെ ഗുണ്ടയോ?. ടിനി നീ ഒരു ആണാണെങ്കിൽ എന്തിനാണ് ഇങ്ങനത്തെ നാണംകെട്ട പണികൾക്ക് പോകുന്നത് എന്നാണ് ഞാൻ ചോദിക്കുന്നത്. ഒരു പരിഹാസ്യ കഥാപാത്രമായി ആളുകളുടെ മുന്നിൽ. ഇപ്പോൾ ടിനി ടോം എന്തെല്ലാം കേസിൽ ചെന്ന് പെട്ടു.
നിങ്ങളെ കണ്ടിട്ടാകണം നിങ്ങളുടെ മോൻ വളരുന്നത്. സിനിമയിൽ വന്നാൽ മോന്റെ പല്ലുകൾ പൊടിയും എന്ന പേടിയിൽ മോനെ സിനിമയിൽ വിട്ടില്ല എന്നൊക്കെ ടിനി വീമ്പ് പറഞ്ഞിരുന്നു. കേട്ടപ്പോൾ എനിക്ക് ടിനിയോട് മതിപ്പും തോന്നിയിരുന്നു. മോൻ പാതിരാത്രി വെളിവില്ലാതെ കാറോടിച്ച് വയോധികരായ ദമ്പതികൾ ജീവിക്കുന്ന ഒരു വീട്ടിൽ അവരുടെ ഉറക്കം കെടുത്തി.
അവസാനം അവരുടെ വിദേശത്തുള്ള മകൻ വന്ന് കേസ് കൊടുത്തു. അങ്ങനെ ഒരുപാട് പ്രശ്നങ്ങൾ ഉണ്ടാക്കി. ആ മകൻ എന്നെ വിളിച്ച് പറഞ്ഞപ്പോൾ ഞാൻ ടിനിയെ വിളിച്ചു. അസൂയയാണ് ചേട്ടാ എന്നായിരുന്നു ടിനിയുടെ മറുപടി. എന്നിട്ട് അവസാനം പറഞ്ഞത് രസം. ഞാൻ ആ മനോജ് എബ്രഹാമിനെ കൊണ്ട് പരാതി പറഞ്ഞവനെ തൂക്കാം ചേട്ടാ എന്നാണ്. സംസ്ഥാന ഡിജിപിയാണ് മനോജ് എബ്രഹാം. ഇതാണ് സെറ്റപ്പ്. സോഷ്യൽ മീഡിയ മുഴുവൻ ടിനിയുടെ മോന്റെ അട്ടഹാസമാണ്. മുള്ളിന്റെ മൂട്ടിൽ മുള്ളല്ലാതെ ചെമ്പകം വളരില്ലല്ലോ.
ജോയി മാത്യു അമ്മ എക്സിക്യൂട്ടീവിന്റെ മെമ്പറാണ്. അദ്ദേഹം പറയുന്നത് അമ്മയിൽ നേതൃത്വത്തിന് പക്വതയില്ല എന്നാണ്. ഇയാളും ആ കമ്മിറ്റിയിൽ ഉള്ള ആളാണ്. അപ്പോൾ ഇയാൾക്കും പക്വത ഇല്ലേ?. അധികാരമോഹം മാത്രം പോരാ ജോയി മാത്യു ഭരിക്കാനും പഠിക്കണം. നിങ്ങൾ ചലച്ചിത്ര അക്കാദമി ചെയർമാനാകാനായി അങ്കം കുറിച്ചിരിക്കുന്നത് കൊണ്ടാണോ ഈ താന്തോന്നിത്തരങ്ങൾ കണ്ടിട്ട് നേതൃത്വത്തിന് പക്വതയില്ലെന്ന് പറഞ്ഞ് കൈകഴുകുന്നത്?.
നിങ്ങൾക്കും അൻസിബയുടെ പ്രായത്തിൽ ഒരു മകൾ ഉള്ളതല്ലേ. ഇത്തരം ഭാഷാപ്രയോഗങ്ങൾ മുളയിലെ നുള്ളാൻ നിങ്ങൾ ബാധ്യസ്ഥനല്ലേ?. ഈ പ്രശ്നങ്ങൾ പരിഹരിക്കാൻ ദിലീപ് ഒഴിച്ച് മമ്മൂട്ടി, മോഹൻലാൽ, സുരേഷ് ഗോപി മുതലായവരെ കണ്ട് സംസാരിക്കാൻ ജോയി മാത്യുവിന് ബാധ്യതയില്ലേ എന്നാണ് ഞാൻ ചോദിക്കുന്നത്. അതോ അമ്മ എക്സിക്യൂട്ടീവ് മെമ്പർ എന്നത് ഒരു അലങ്കാര പദവിയാണോ? അങ്ങനെയാണോ നിങ്ങൾ ധരിച്ച് വെച്ചിരിക്കുന്നതെന്നും ശാന്തിവിള ദിനേശ് ചോദിച്ചു.


Click it and Unblock the Notifications


