എമ്പുരാന്റെ സമയത്തെ ആന്റണി പെരുമ്പാവൂർ അല്ല ഇപ്പോൾ, അത്രയും ടെൻഷനിലായിരുന്നു: സന്തോഷ് ടി കുരുവിള
മലയാള സിനിമാ രംഗത്ത് എമ്പുരാനെ പോലെ വിവാദമായ മറ്റാെരു സിനിമ അടുത്ത കാലത്തൊന്നും ഉണ്ടായിട്ടില്ല. പൃഥ്വിരാജ് സംവിധാനം ചെയ്ത് മോഹൻലാൽ പ്രധാന വേഷത്തിലെത്തിയ എമ്പുരാൻ ചിത്രത്തിന്റെ ഒന്നാം ഭാഗമായ ലൂസിഫറിനെ പോലെ ആഘോഷിക്കപ്പെടുമെന്നാണ് പലരും കരുതിയത്. എന്നാൽ വിവാദങ്ങൾ എമ്പുരാന്റെ വിജയത്തിളക്കത്തിന് മങ്ങലേൽപ്പിച്ചു. ആന്റണി പെരുമ്പാവൂരാണ് എമ്പുരാന്റെ നിർമാതാക്കളിൽ ഒരാൾ.
ആന്റണി പെരുമ്പാവൂരിനെക്കുറിച്ചും എമ്പുരാനെക്കുറിച്ചും ഇദ്ദേഹം നിർമ്മിക്കുന്ന ദൃശ്യം 3 എന്ന അടുത്ത സിനിമയെക്കുറിച്ചും നിർമാതാവ് സന്തോഷ് ടി കുരുവിള പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. മൂവി വേൾഡ് മീഡിയക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ഇദ്ദേഹം. ദൃശ്യം 3 യെക്കുറിച്ച് വളരെ പോസിറ്റീവായാണ് ആന്റണി പെരുമ്പാവൂർ എന്നോട് സംസാരിക്കാറുള്ളത്. പുള്ളി ഒരു അപാര ബിസിനസുകാരനാണ്.

അതിൽ വിദ്യഭ്യാസമൊന്നും ഘടകമല്ല. അറിവ് പങ്കുവെക്കുന്ന പ്രൊഡ്യൂസർ വേറെ ഇല്ലെന്ന് ഞാൻ പറയും. പുള്ളി ഒരു സിനിമ എടുക്കുകയാണെങ്കിൽ ആ സെറ്റിൽ ചെല്ലുന്ന വേണ്ടപ്പെട്ടയാൾക്കാരോടെല്ലാം ആ സിനിമയുടെ മുഴുവൻ കഥയും പറയും. കാരണം ഇവർക്കെന്തെങ്കിലും പറയാനുണ്ടെങ്കിൽ പുള്ളിക്ക് കേൾക്കുകയും ചെയ്യാം. ലാലേട്ടന്റെ മോൾ അഭിനയിക്കുന്ന പടത്തിന്റെ കഥ മുഴുവനും പറഞ്ഞു. നല്ല കഥയാണ്.
ലാലേട്ടനെ പോലെ തന്നെ ഡിസിപ്ലിൻഡ് ആണ് പുള്ളിയും. അതാണ് പുള്ളിയുടെ വിജയം. ദൃശ്യം ത്രീയുടെ കാര്യത്തിൽ പുള്ളിക്ക് ഒരു ടെൻഷനും മുഖത്ത് കണ്ടിട്ടില്ല. എമ്പുരാന്റെ ദിവസങ്ങളിൽ ഞാൻ പുള്ളിയുടെ ടെൻഷൻ മുഖത്ത് കണ്ടതാണ്. ഞാൻ എന്റെ വീട്ടിൽ ഭാര്യയോടും പിള്ളേരോടും പുള്ളിക്ക് വേണ്ടി പ്രാർത്ഥിക്കണം എന്ന് പറഞ്ഞു. കാരണം വല്ല അറ്റാക്കും വരുമോയെന്ന് എനിക്ക് പേടി തോന്നി. ആരുടെയും ഫോൺ എടുക്കുന്നില്ലായിരുന്നു. ആ അവസ്ഥയിൽ അല്ല ഇപ്പോൾ പുള്ളി സംസാരിക്കുന്നത്. വളരെ ആത്മവിശ്വാസമുണ്ടെന്നും സന്തോഷ് ടി കുരുവിള പറയുന്നു.
എമ്പുരാൻ വിവാദങ്ങൾ പൃഥ്വിരാജിനെ ഇപ്പോഴും വിട്ടൊഴിഞ്ഞിട്ടില്ല. സിനിമയുടെ പേരിൽ നടന് നേരെ ഇപ്പോഴും സെെബർ ആക്രമണം നടക്കുന്നുണ്ട്. വിവാദം രൂക്ഷമായ സമയത്ത് ജനങ്ങളോട് മോഹൻലാൽ ക്ഷമാപണം നടത്തിയിരുന്നു. വിഷയത്തിൽ പൃഥ്വിരാജിനെ മാത്രം ലക്ഷ്യം വെച്ച് ആക്രമണങ്ങൾ നടക്കുന്നുണ്ടെന്ന് പൃഥ്വിരാജിന്റെ അമ്മ മല്ലിക സുകുമാരൻ ആരോപിച്ചിരുന്നു. മോഹൻലാലിനെയും ആന്റണി പെരുമ്പാവൂർ ഉൾപ്പെടെയുള്ള നിർമാതാക്കളെയും പൃഥ്വിരാജ് ചതിച്ചു എന്ന് ചിലർ മനഃപൂർവം പ്രചാരണം നടത്തുകയും ചില മാധ്യമങ്ങൾ അത് ഏറ്റെടുക്കുകയും ചെയ്തിരിക്കുകയാണ് ഇപ്പോൾ.
ഈ സിനിമയുടെ അണിയറയിൽ എന്താണ് നടന്നത് എന്ന് അറിയാവുന്ന എനിക്ക് പൃഥ്വിരാജിനെ ഒറ്റപ്പെടുത്തി ആക്രമിക്കാൻ ചിലർ ശ്രമിക്കുന്നതിൽ അങ്ങേയറ്റം വേദന ഉണ്ട്. പൃഥ്വിരാജ് തങ്ങളെ ചതിച്ചു എന്ന് മോഹൻലാലോ നിർമാതാക്കളോ ഇതു വരെ പറഞ്ഞിട്ടില്ല. ഇനി പറയും എന്നും എനിക്ക് തോന്നുന്നില്ലെന്നും മല്ലിക സുകുമാരൻ പറഞ്ഞു.


Click it and Unblock the Notifications











