മുപ്പത്തിയാറാം വയസിൽ വീണ്ടും അമ്മയാകുന്നു; മൂന്നാമത്തെ കുഞ്ഞിനെ കാത്ത് അശ്വതി; സന്തോഷം പങ്കുവെച്ച് താരം!
അൽഫോൻസാമ്മയായും പ്രൊഫസർ ജയന്തിയുടെ മകളായും എല്ലാം സീരിയൽ പ്രേമികൾക്ക് പ്രിയങ്കരിയായി മാറിയ അഭിനേത്രിയാണ് അശ്വതി തോമസ്. വിവാഹശേഷം അഭിനയരംഗത്ത് അത്ര സജീവമായിരുന്നില്ല താരം. വിരലിൽ എണ്ണാവുന്ന സീരിയലുകളില്‍ മാത്രമാണ് അശ്വതി തന്റെ കരിയറില്‍ അഭിനയിച്ചത്. എന്നിരുന്നാലും വലിയൊരു ആരാധവൃന്ദത്തെ സമ്പാദിക്കാൻ അശ്വതിക്ക് കഴിഞ്ഞു. പ്രസില്ല ജെറിൻ എന്നാണ് താരത്തിന്റെ യഥാർത്ഥ പേര്. നീണ്ട ഒമ്പത് വർഷത്തെ ഇടവേളയ്ക്കുശേഷം ഫ്ലവേഴ്സ് ടിവിയിലെ സുരഭിയും സുഹാസിനിയും എന്ന സിറ്റ്കോം സീരിയലിലൂടെ അഭിനയത്തിലേക്ക് അശ്വതി തിരിച്ച് വന്നിരുന്നു.
ലക്ഷ്മി എന്ന കഥാപാത്രമായിട്ടായിരുന്നു അശ്വതിയുടെ രണ്ടാം വരവ്. മല്ലികാ സുകുമാരൻ, അനുമോൾ തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങൾ അവതരിപ്പിച്ച സിറ്റ്കോമാണ് സുരഭിയും സുഹാസിനിയും.

വർഷങ്ങൾക്കുശേഷം തിരിച്ച് എത്തിയപ്പോഴും ആ പഴയ സ്വീകാര്യത തന്നെ അശ്വതിക്ക് ലഭിച്ചിരുന്നു. ബിഗ് ബോസ് മലയാളം സീസണുകൾ നടക്കുന്ന സമയത്ത് മനോഹരമായി എപ്പിസോഡ് റിവ്യൂസ് പങ്കിട്ടും അശ്വതി ശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിതാ ഒരു സന്തോഷ വാർത്ത പങ്കിട്ട് എത്തിയിരിക്കുകയാണ് താരം. അശ്വതി വീണ്ടും അമ്മയാകാൻ പോകുന്നു.
മൂന്നാമത്തെ കുഞ്ഞ് ഈ വർഷം പിറക്കുമെന്ന് പ്രെഗ്നൻസി അനൗൺസ് ചെയ്ത് അശ്വതി അറിയിച്ചു. ഞങ്ങളുടെ കുടുംബം വലുതാകുന്നു. ഞങ്ങളുടെ ഹൃദയം നിറയുന്നു. കുടുംബത്തിലെ അഞ്ചാമത്തെ അംഗം 2026ൽ എത്തും എന്നാണ് അശ്വതി പുതിയ പോസ്റ്റിലൂടെ അറിയിച്ചത്. രണ്ട് പെൺമക്കളാണ് അശ്വതിക്ക്. താരത്തിന്റെ മൂത്തമകൾ ജോഹാനയ്ക്ക് പതിനഞ്ച് വയസാണ് പ്രായം.
രണ്ടാമത്തെ മകൾ ബ്രിയന്നയും സ്കൂൾ വിദ്യാർത്ഥിനിയാണ്. സീരിയൽ രംഗത്തുള്ളവരും ആരാധകരുമെല്ലാം അശ്വതിക്കും കുടുംബത്തിനും ആശംസകൾ നേർന്ന് എത്തി. റെനീഷ റെഹ്മാൻ, ശാലു മെൽവിൻ, ശ്രീലക്ഷ്മി ശ്രീകുമാർ തുടങ്ങിയവരെല്ലാം സ്നേഹം അറിയിച്ച് ആശംസകൾ കുറിച്ചു. വിവാഹശേഷം ദുബായിൽ കുടുംബസമേതം സെറ്റിൽഡാണ് അശ്വതി. ഭർത്താവിനൊപ്പം വിദേശത്ത് സെറ്റിൽഡായതുകൊണ്ടാണ് വിവാഹശേഷം അഭിനയത്തിൽ ശ്രദ്ധിക്കാൻ കഴിയാതെ പോയത്.
അഭിനയത്തിൽ സജീവമല്ലായിരുന്നുവെങ്കിലും നടി സോഷ്യൽമീഡിയയിൽ ആക്ടീവായിരുന്നു. തന്റേയും കുടുംബത്തിന്റെയും വിശേഷങ്ങളും ചിത്രങ്ങളും എല്ലാം പങ്കിടാറുണ്ടായിരുന്നു. 2010ൽ ആയിരുന്നു അശ്വതിയുടെ വിവാഹം. ഒരിടയ്ക്ക് ശരീരഭാരം കുറച്ചും നടി ആരാധകരെ അമ്പരപ്പിച്ചിരുന്നു. 105 കിലോയിൽ നിന്ന് 75 കിലോയിലേക്കാണ് ഡയറ്റിലൂടെ അശ്വതി എത്തിയത്.

2019 ഒക്ടോബറിലാണ് ഡയറ്റ് തുടങ്ങുന്നത്. ഡയറ്റ് തുടങ്ങി ഏതാനും ആഴ്ചയായപ്പോൾ തന്നെ ഭാരം കുറയാൻ തുടങ്ങി. അതോടെ ഉത്സാഹമായി. 2020 ഒക്ടോബറായപ്പോഴേക്കും ശരീരഭാരം 75 കിലോയിലെത്തി. പണ്ട് ഡ്രസ് സൈസ് 4 എക്സ്എൽ ഒക്കെയായിരുന്നു. ഇപ്പോൾ ലാർജ് മതി. ഇഷ്ടമുള്ള ഡ്രസ്സൊന്നും സൈസ് ശരിയായി കിട്ടുന്നില്ലെന്ന് പറഞ്ഞ് കരഞ്ഞിട്ടുണ്ട് പണ്ട്. എന്നാലും വണ്ണം കുറയ്ക്കാൻ മെനക്കെടില്ലായിരുന്നു.
അത്ര ഇഷ്ടപ്പെടുന്ന ഡ്രസ്സ് ചെറുതാണെങ്കിലും വെറുതെ വാങ്ങിവെച്ചിരുന്നു മുമ്പ്. അതൊക്കെ തടി കുറച്ചശേഷമാണ് ഇടാൻ പറ്റിയത് എന്നാണ് ശരീരത്തിനുണ്ടായ മാറ്റം വെളിപ്പെടുത്തി മുമ്പൊരിക്കൽ സംസാരിക്കവെ അശ്വതി പറഞ്ഞത്. അമല, അൽഫോൺസാമ്മ എന്നീ കഥാപാത്രങ്ങളാണ് എന്നും അശ്വതിയുടെ ഐഡിന്റിറ്റി. മലയാള ടെലിവിഷനിൽ ഏറ്റവും ഹിറ്റായ പരമ്പരയായിരുന്നു കങ്കുമപ്പൂവ്.
അൽഫോൺസാമ്മ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചശേഷം അശ്വതിയെ സ്വന്തം വീട്ടിലെ കുടുംബാംഗത്തെപ്പോലെയാണ് പ്രേക്ഷകർ കണ്ടിരുന്നത്. എന്നാൽ കുങ്കുമപ്പൂവിൽ വില്ലത്തി അമലയായി വേഷമിട്ടതോടെ കാര്യങ്ങൾ ആകെ മാറി മറിഞ്ഞു. പോസിറ്റീവ് ഷെയ്ഡുള്ള കഥാപാത്രങ്ങൾ മാത്രമെ ചെയ്യുകയുള്ളുവെന്ന വാശിയൊന്നും അശ്വതിക്കില്ല. കുങ്കുമപ്പൂവിൽ ആശാ ശരത്തും ഷെല്ലിയുമായിരുന്നു മറ്റ് പ്രധാന വേഷങ്ങൾ ചെയ്തത്.


Click it and Unblock the Notifications