ഇവിടെ നിന്നാണ് അമ്മ ഒളിച്ചോടിയത്, അന്ന് പ്ലാവും വെട്ടി കളഞ്ഞു; ഇത്ര കണ്ടൻ്റുണ്ടായിട്ടാണോ ഞങ്ങളോട് ചോദിച്ചത്!
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താര ദമ്പതികളാണ് നടി ആനിയും സംവിധായകൻ ഷാജി കൈലാസും. മുപ്പത് വർഷം തികയ്ക്കാൻ പോവുകയാണ് ഇവരുടെ ദാമ്പത്യം. മലയാള സിനിമയിൽ ആനി തിളങ്ങി നിൽക്കുന്ന കാലത്തായിരുന്നു പ്രണയം ആരംഭിച്ചത്. വീട്ടുകാരുടെ സമ്മതം ലഭിക്കില്ലെന്ന് ഉറപ്പായപ്പോഴാണ് ആനി ഷാജി കൈലാസിനൊപ്പം ഒളിച്ചോടി പോയി വിവാഹം കഴിച്ചത്. 1996ലാണ് ഷാജി കൈലാസും ആനിയും വിവാഹിതരാകുന്നത്.
മൂന്ന് ആണ്‍മക്കളാണ് ദമ്പതികള്‍ക്ക്. ജഗന്നാഥൻ, ഷാരോൺ, റുഷിൻ. ഏറ്റവും ഇളയവനായ റുഷിൻ അടുത്തിടെ മുതലാണ് യുട്യൂബ് ചാനലും വ്ലോഗിങ്ങുമായി സജീവമായി തുടങ്ങിയത്. റുഷിന്റെ പ്രധാന കണ്ടന്റ് അമ്മ ആനിയും അച്ഛൻ ഷാജിയുമെല്ലാമാണ്. പതിനയ്യായിരത്തിന് അടുത്ത് സബ്സ്ക്രൈബേഴ്സുള്ള യുട്യൂബ് ചാനലിൽ കഴിഞ്ഞ ദിവസം റുഷിൻ ഒരു വീഡിയോ പങ്കിട്ടു.

അമ്മ ആനി ജനിച്ച് വളർന്ന തറവാട് വീട് സന്ദർശിക്കുന്ന വ്ലോഗായിരുന്നു അത്. റുഷിനൊപ്പം സഹോദരനും ആനിയും ഉണ്ടായിരുന്നു. പച്ച മാങ്ങ പറിക്കാനായിട്ടാണ് മക്കളേയും കൊണ്ട് ആനി എത്തിയത്. വീടും പരിസരവും തന്റെ സബ്സ്ക്രൈബേഴ്സിന് പരിചയപ്പെടുത്തി കൊടുക്കുന്നതിന് ഇടയിൽ റുഷിൻ പറഞ്ഞ ചില രസകരമായ കൗണ്ടറുകൾ അതിവേഗത്തിൽ വൈറലായി.
തറവാട് വീടിന്റെ ദൃശ്യം കാണിച്ചശേഷം ഇവിടെ നിന്നാണ് അമ്മ ഒളിച്ചോടി പോയത് എന്നാണ് റുഷിൻ പറഞ്ഞത്. അന്ന് അവിടെ മുറ്റത്തോട് ചേർന്ന് വളർന്ന് നിന്ന പ്ലാവ് വെട്ടി കളഞ്ഞുവെന്നും അത് മറ്റൊരു വ്ലോഗിൽ താൻ വിശദീകരിച്ച് പറയാനാണ് ഉദ്ദേശിക്കുന്നതെന്നും റുഷിൻ പറഞ്ഞു. മകന്റെ കൗണ്ടറുകളും ട്രോളുകളും ശ്രദ്ധക്കുന്നുണ്ടെങ്കിലും ആനി ഒന്നിനോടും പ്രതികരിച്ചില്ല.
പച്ച മാങ്ങ വീട്ടിൽ കൊണ്ടുപോകാനായി കവറിലാക്കുന്നതിന്റേയും കുടുംബാംഗങ്ങളുമായി കുശലം പറയുന്നതിന്റേയും തിരക്കിലായിരുന്നു. ആനിയുടെ തറവാട് വീട് ആദ്യമായാണ് റുഷിൻ വ്ലോഗിൽ ഉൾപ്പെടുത്തുന്നത്. മാങ്ങ മാത്രമല്ല നിരവധി പഴങ്ങളും മറ്റ് വിഭവങ്ങളുമെല്ലാം ആനിയുടെ തറവാട് വീട്ടിലുണ്ട്. കുന്നുകുഴിയിലാണ് ആനിയുടെ തറവാട് വീട്. വ്ലോഗ് വീഡിയോ അതിവേഗത്തിൽ വൈറലായി.
വീട്ടിൽ ഇത്രയും നല്ല കണ്ടന്റ് ഉണ്ടായിട്ടാണോ ഞങ്ങളോട് സജഷൻ ചോദിച്ചത് എന്നായിരുന്നു വ്ലോഗിൽ ഒരാൾ കമന്റായി കുറിച്ചത്. റുഷിന്റെ വ്ലോഗുകൾ ഒരുപാട് ഇഷ്ടമാണ്. കുറച്ചു ലെങ്ത് കൂട്ടി ഇടുമോ വീഡിയോ. പെട്ടന്ന് തീർന്നപോലെ, ഈ ചെറിയ മോന്റെ വീഡിയോ സൂപ്പർ. അവനെ കാണുമ്പോഴെ ചിരി വരും, ആനി ചേച്ചിയെ കാണാൻ വേണ്ടി മാത്രമാണ് ഞാൻ വീഡിയോ കാണുന്നത് എന്നിങ്ങനെ നീളുന്നു കമന്റുകൾ.

അടുത്തിടെ വിവാദമായ അഭിമുഖങ്ങളെ കുറിച്ച് സംസാരിച്ച് ആനിയും റുഷിനും ചേർന്ന് നടത്തിയ സംഭാഷണവും ശ്രദ്ധ നേടിയിരുന്നു. ഷാജി കൈലാസും ഇടയ്ക്ക് വന്ന് മുഖം കാണിച്ച് മടങ്ങാറുണ്ട്. ഷാജി കൈലാസുമായുള്ള വിവാഹശേഷം ഹിന്ദു മതം സ്വീകരിച്ച ആനി പേരും ചിത്ര എന്നാക്കി മാറ്റിയിരുന്നു.
ഒരിക്കല്‍ പാച്ചിക്കയുടെ സിനിമയ്ക്കായി ഒരു നടിയെ തേടിയുള്ള അന്വേഷണം ചെന്ന് നിന്നത് അമ്മയാണെ സത്യം എന്ന സിനിമയുടെ ഡബ്ബിങിനിടയിലാണ്. അരുണാചലം സ്റ്റുഡിയോയില്‍ വെച്ചാണ് ചിത്രയെ (ആനി) ഞാനാദ്യമായി നേരില്‍ കാണുന്നത്. അതിന് മുമ്പ് പല മാഗസിനുകളിലും കണ്ട ആ മുഖം പെട്ടെന്ന് എന്റെ മനസില്‍ ഒരിടം നേടിയെന്ന് എനിക്ക് തോന്നി. അതിനുശേഷമാണ് രുദ്രാക്ഷം എന്ന സിനിമയിലേക്ക് ഞാന്‍ ക്ഷണിക്കുന്നത്. ലൊക്കേഷനില്‍ പൊതുവെ ഞാന്‍ വളരെ കടുംപിടുത്തക്കാരനാണ്.
ചിത്രയാണെങ്കില്‍ എല്ലാവരോടും ചിരിച്ചുകളിച്ച് തമാശ പറഞ്ഞുനടക്കുന്ന സ്വഭാവക്കാരിയും. പക്ഷെ എന്താണെന്നറിയില്ല അവളുടെ തമാശയും കളിയുമെല്ലാം അവളറിയാതെ ഞാനാസ്വദിക്കുന്നുണ്ടായിരുന്നു എന്നായിരുന്നു ആനിയെ ആദ്യമായി കണ്ട നിമിഷത്തെ കുറിച്ച് വെളിപ്പെടുത്തി ഒരിക്കൽ ഷാജി കൈലാസ് പറഞ്ഞത്. മാതാപിതാക്കളെ പോലെ മക്കളും സിനിമയിൽ കരിയറുണ്ടാക്കിയെടുക്കാൻ ശ്രമിക്കുന്നവരാണ്.


Click it and Unblock the Notifications


