ഭാര്യ തല മറച്ചില്ല, കുറ്റപ്പെടുത്തി മതവാദികൾ; കണക്കിന് കൊടുത്ത് വായടപ്പിച്ച് ഷംന കാസിമിന്റെ ഭർത്താവ് ഷാനിദ്
അഭിനയ രംഗത്തും നൃത്തവേദികളിലും വർഷങ്ങളായി സജീവ സാന്നിധ്യമാണ് ഷംന കാസിം. വിവാഹിതയാകുമ്പോൾ ഷംന ഉറപ്പ് വരുത്തിയ കാര്യം ഭർത്താവ് തന്റെ കലാജീവിതത്തിന് തടയിടില്ല എന്നാണ്. ആഗ്രഹിച്ചത് പോലെ ഷംനയുടെ സ്വപ്നങ്ങളെ പിന്തുണയ്ക്കുന്നയാളാണ് ഭർത്താവ് ഷാനിദ് ആസിഫ് അലി. കഴിഞ്ഞ ദിവസം ഷംനയ്ക്കൊപ്പമുള്ള ഫോട്ടോ ഷാനിദ് തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിൽ പങ്കുവെച്ചു. പിന്നാലെ വ്യാപകമായി കുറ്റപ്പെടുത്തൽ വന്നു. മുസ്ലിം ആയിട്ടും ഷംന തലമറച്ചില്ലെന്നായിരുന്നു കമന്റുകൾ.
കമന്റുകൾ കടുത്തതോടെ ഇവർക്ക് തക്ക മറുപടി നൽകിയിരിക്കുകയാണ് ഷാനിദ് ആസിഫ് അലി. ഒരു വ്യക്തി മുസ്ലിമാണോ അല്ലയോ എന്ന് വിധിയെഴുതുന്നത് മറ്റൊരാളുടെ ഉത്തരവാദിത്വമല്ലെന്ന് ഷാനിദ് ചൂണ്ടിക്കാട്ടി. ഇസ്‌ലാമിന്റെ പേരിൽ ചിലർ ഖുർആനിലെ "നടുവിലെ പേജ്" എന്നു സ്വയം വിശേഷിപ്പിച്ച് പലവിധ അഭിപ്രായങ്ങളും കമന്റുകളും ചെയ്യുന്നതായി ശ്രദ്ധയിൽപ്പെട്ടു. ആദ്യം അതിന് മറുപടി നൽകേണ്ടതില്ലെന്ന് കരുതിയെങ്കിലും, പരിധികൾ കടക്കുമ്പോൾ മൗനം പാലിക്കുന്നത് ശരിയല്ലെന്ന് തോന്നി.

നമുക്ക് സ്വയം ചോദിക്കേണ്ട ചില കാര്യങ്ങൾ ഉണ്ട്:
ഇന്ന് നാം സുബ്ഹി നമസ്കാരം നിർവഹിച്ചോ?
അഞ്ച് വഖ്ത് നമസ്കാരവും കൃത്യമായി പാലിക്കുന്നുണ്ടോ?
നമ്മുടെ വീട്ടിലുള്ള സ്ത്രീകൾ ഇസ്‌ലാം നിർദ്ദേശിച്ച പ്രകാരം ഔറത്ത് പാലിക്കുന്നുണ്ടോ?
നാം ഭക്ഷണം കഴിക്കുമ്പോൾ, ചുറ്റുമുള്ള 40 വീടുകളിൽ ആരെങ്കിലും പട്ടിണിയിലാണോ എന്ന് അന്വേഷിക്കുന്നുണ്ടോ?
നമ്മുടെ വീട്ടിലുള്ളവർ അഞ്ചു വഖ്ത് നമസ്കാരം കൃത്യമായി ചെയ്യുന്നുണ്ടോ?
ഒരു വ്യക്തി മുസ്ലിമാണോ അല്ലയോ എന്ന് വിധിയെഴുതുന്നത് നമ്മുടെ ഉത്തരവാദിത്തമല്ല. അതിന് നമുക്ക് എല്ലാം റബ്ബിന്റെ മുമ്പിൽ മറുപടി പറയേണ്ടിവരും. മറ്റുള്ളവരെ വിമർശിക്കുകയും അപകീർത്തിപ്പെടുത്തുകയും ചെയ്യുന്നത് നമ്മുടെ ഇമാനിന് ഗുണകരമല്ല.
മഹ്ശറയിൽ നിൽക്കുന്ന ദിവസം, സ്വന്തം രക്ഷക്കായി മറ്റുള്ളവരെ നിന്ദിച്ച പ്രവൃത്തികൾ നമ്മെ സഹായിക്കുകയില്ല.
അതിനാൽ പരസ്പരം മാന്യതയും സഹിഷ്ണുതയും പാലിക്കാം. ആദ്യം 'ഗീബത്ത്' (പരനിന്ദ)യും 'നമീമത്ത്' (ചുരുള്‍പ്പറച്ചിൽ)യും എന്താണെന്ന് മനസ്സിലാക്കി, അത് ഒഴിവാക്കാൻ ശ്രമിക്കാം. അല്ലാഹു നമ്മെ എല്ലാം ശരിയായ വഴിയിൽ നിലനിറുത്തട്ടെ എന്നാണ് ഷാനിദ് ആസിഫ് അലി സോഷ്യൽ മീഡിയയിൽ കുറിച്ചത്.
2022 ഒക്ടോബറിലായിരുന്നു ഷംന കാസിമിന്റെ വിവാഹം. ഒരു ഇവന്റിന് വേണ്ടി ദുബായിലെത്തിയപ്പോഴാണ് ഷംന കാസിം ഷാനിദ് ആസിഫലിയെ പരിചയപ്പെടുന്നത്. ആദ്യം ഇഷ്ടം പറയുന്നത് ഷംനയാണ്. വീട്ടുകാരോട് സംസാരിച്ച് വിവാഹവും നടന്നു. പരസ്പരം അടുത്ത സമയത്ത് ഷംന അറിയപ്പെടുന്ന നടിയാണെന്ന് ഷാനിദിന് അറിയില്ലായിരുന്നു. തന്നെ മനസിലാക്കുന്ന വ്യക്തിയാണ് ഷാനിദെന്നാണ് ഷംന പറയുന്നത്. കരിയറിലും ജീവിതത്തിലുമെല്ലാം നിർണായക തീരുമാനങ്ങളിൽ ഷംനയ്ക്ക് ഒപ്പം നിന്നത് മാതാപിതാക്കളാണ്. ഷംനയിലെ നർത്തകിയെ കണ്ടെത്തുന്നത് ഉമ്മയാണ്. ഇന്ന് അതേ പിന്തുണ ഭർത്താവ് ഷംനയ്ക്ക് നൽകുന്നു.


Click it and Unblock the Notifications











