ആ നടിമാരെ വേണ്ടാത്തതിന് അവർക്ക് കാരണങ്ങൾ, അതിനാൽ പ്രിവിലേജ് ആർട്ടിസ്റ്റ് ആണെന്നതിൽ അഹങ്കരിക്കുന്നു: ഷീലു
മലയാള സിനിമാ രംഗത്തെ ഷീലു എബ്രാഹാമിന്റെ സാന്നിധ്യം പലപ്പോഴും ചർച്ചയായിട്ടുണ്ട്. ഷീലു അഭിനയിച്ച മിക്ക സിനിമകളുടെ നിർമാതാവ് ഷീലുവിന്റെ ഭർത്താവാണ്. ഇതിന്റെ പേരിൽ ചിലപ്പോഴൊക്കെ ട്രോളുകളും ഷീലുവിന് നേരിടേണ്ടി വരാറുണ്ട്. 15 സിനിമകൾ ഇതുവരെ ഷീലു നിർമ്മിച്ചു. സിനിമാ രംഗത്തെക്കുറിച്ച് പുതിയ അഭിമുഖത്തിൽ നടി പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. ലെെഫ് നെറ്റ് ടിവിക്ക് നൽകിയ അഭിമുഖത്തിലാണ് പരാമർശം.
സിനിമയിൽ എനിക്കാരെയും കണ്ട് പഠിക്കാനില്ല. ഒരു മനുഷ്യന്റെ സൗന്ദര്യമല്ല പ്രധാനം. അവരെങ്ങനെ നമ്മളോട് പെരുമാറുന്നു എന്നതാണ്. എങ്ങനെ റെസ്പോണ്ട് ചെയ്യുന്നു എന്ന് ഒരു ഗ്ലാസ് വെള്ളം കൊടുക്കുമ്പോൾ പോലും നമുക്ക് ഫീൽ ചെയ്യും. റിയാക്ഷൻസ് ആണ്. ചെറിയ കാര്യങ്ങളിൽ നിന്ന് പോലും നമുക്കൊരു വ്യക്തിയോട് ഇഷ്ടവും വെറുപ്പും തോന്നാം. അല്ലാതെ അവർ സ്ക്രീനിൽ അഭിനയിച്ച് മറിയുന്നത് കണ്ടിട്ടോ അവരുടെ സൗന്ദര്യം കണ്ടിട്ടോ അവരുപയോഗിക്കുന്ന ആഭരണം കണ്ടിട്ടോ അല്ല ഞാനൊരു വ്യക്തിയെ ഇഷ്ടപ്പെടുന്നത്. എല്ലാവരും മനുഷ്യരാണ്. ഒരാളെ കണ്ട് പഠിക്കാൻ പറഞ്ഞാൽ ഞാൻ പറയുക കെആർ നാരായണനെയാണ്.

സിനിമയിലുള്ള ആരെയും എനിക്കങ്ങനെ തോന്നിയിട്ടില്ല. അവരെല്ലാം മനുഷ്യൻമാരാണ്. ഗ്ലാമർ ലോകത്തിലുള്ള അവർ ഗ്ലാമർ രീതിയിൽ പെരുമാറുന്നു. ആരെയും പുകഴ്ത്തി പറയാനും ഇകഴ്ത്തി പറയാനും ഞാനില്ല. അവരും മനുഷ്യരാണ്. സിനിമയിൽ എന്നെക്കുറിച്ച് മോശമേ പറഞ്ഞിട്ടുള്ളൂ. പക്ഷെ സാരി ബിസിനസിൽ നല്ലത് പറയുന്നു. ഇന്ന് നല്ലത് പറഞ്ഞവർ നാളെ ചീത്ത പറയും. ഒന്നും ശ്വാശ്വതമല്ല. അത് സുഹൃത്തുക്കളായാലും ബന്ധങ്ങളായാലും സിനിമയായാലും.
ഞാൻ നിർമാതാവാണെന്ന് അറിയാതെ എന്നെ സിനിമയിൽ കണ്ട് ഇഷ്ടപ്പെട്ട ജനങ്ങളുണ്ട്. പക്ഷെ സിനിമാ രംഗത്ത് ജനങ്ങളില്ല. അവിടെ സിനിമ മേക്കേർസിന്റെയാണ്. ആരെ നടിയാക്കണം എന്ന് അവരാണ് തീരുമാനിക്കുന്നത്. അല്ലെങ്കിൽ ഞാനഭിനയിച്ച പടം വലിയ ഹിറ്റായാൽ എന്നെ ആവശ്യമായി വരും. അല്ലെങ്കിൽ മേക്കേർസിന് എന്നെ ആവശ്യം ഇല്ലല്ലോ. ഞാനവർക്ക് പ്രിവിലേജുള്ള നടിയാണ്. നല്ല നടിയെന്ന പേര് വേണമെങ്കിൽ ഞാൻ പുറത്ത് നിന്ന് വരുന്ന അവസരങ്ങൾ വേണം. ഹിറ്റാകുന്ന സിനിമകളുടെ ഭാഗമാകാൻ പറ്റണം. അതിന് വിളിക്കുന്നത് മേക്കേർസ് ആണ്. ഹിറ്റ് സിനിമ മാത്രം പോര, നമ്മളൊരു നടി മാത്രമായിരിക്കണം. അപ്പോഴേ അവർ സ്പേസ് തരൂ.
ചിലരൊക്കെ ഭയങ്കര നന്നായി അഭിനയിച്ചിട്ടുണ്ടാകും. ഒന്നോ രണ്ടോ സിനിമ കഴിഞ്ഞ് അവരെ കാണാനില്ല. അവരെ ജനങ്ങൾ സ്വീകരിക്കാത്തതല്ല കാരണം. ഫിലിം മേക്കേർസിന് അവരെ വേണ്ട. അതിന് പിന്നിൽ പല കാരണങ്ങളുണ്ടാകും. അതിനാൽ ഞാനൊരു പ്രിവിലേജ് ആർട്ടിസ്റ്റ് ആണെന്നതിൽ അഹങ്കരിക്കുന്നെന്നും ഷീലു എബ്രഹാം പറഞ്ഞു. സിനിമയിൽ നിന്ന് സാമ്പത്തിക സ്ഥിതി ഉണ്ടാക്കാം എന്ന് പ്രതീക്ഷിച്ചാൽ 500 പ്രൊഡ്യൂസേർസിൽ പത്ത് പേർക്കൊക്കെയേ അത് ഉണ്ടായിട്ടുള്ളൂയെന്നും ഷീലു എബ്രഹാം പറഞ്ഞു.


Click it and Unblock the Notifications

