പ്രണയം നടിച്ച് ലക്ഷങ്ങൾ തട്ടിയെടുത്തു, നഗ്നദൃശ്യങ്ങള്‍ പുറത്ത് വിടുമെന്ന് ഭീഷണി; ഷിയാസ് കരീമിന് എതിരെ യുവതി!
ബിഗ് ബോസ് മലയാളം സീസൺ ഒന്ന് മത്സരാർത്ഥിയും മോഡലും നടനുമായ ഷിയാസ് കരീം വീണ്ടും വിവാദത്തിൽ. പ്രണയം നടിച്ച് പണം തട്ടിയെടുത്തുവെന്നും നഗ്നദൃശ്യങ്ങള്‍ പുറത്ത് വിടുമെന്ന് ഭീഷണിപ്പെടുത്തിയെന്നും ആരോപിച്ച് പ്രവാസി യുവതിയാണ് നടന് എതിരെ പോലീസിൽ പരാതി നൽകിയത്. അറുപത്തിയഞ്ച് ലക്ഷം രൂപ ഷിയാസ് തട്ടിയെടുത്തുവെന്നാണ് യുവതിയുടെ പരാതിയിൽ പറയുന്നത്.
പണം തിരികെ ആവശ്യപ്പെട്ടപ്പോഴാണ് നഗ്നദൃശ്യങ്ങള്‍ പോൺ സൈറ്റിലൂടെ പുറത്ത് വിടുമെന്ന് ഷിയാസ് ഭീഷണിപ്പെടുത്തിയതെന്നും യുവതിയുടെ പരാതിയിൽ പറയുന്നു. അഭിഭാഷകന്‍ മുഖേന പാലാരിവട്ടം പൊലീസിലാണ് യുവതി പരാതി നല്‍കിയത്. ജിം നവീകരണത്തിനെന്ന് പറഞ്ഞ് ആവശ്യപ്പെട്ടതിനെ തുടർന്ന് വൻതുക ഷിയാസിന് കൈമാറിയതാണെന്ന് യുവതി പറയുന്നു.

എന്നാൽ പിന്നീട് പണം തിരികെ ചോദിച്ചപ്പോള്‍ യുവതിയെ ഷിയാസ് ഭീഷണിപ്പെടുത്തുകയായിരുന്നുവത്രെ. നഗ്നദൃശ്യങ്ങള്‍ പോണ്‍ സൈറ്റുകള്‍ക്ക് നല്‍കുമെന്നായിരുന്നു ഭീഷണിയെന്നും പരാതിയിലുണ്ട്. ഇത് മാനസികമായി തളര്‍ത്തിയെന്നും യുവതി പറയുന്നു. ഇന്‍സ്റ്റഗ്രാം പോസ്റ്റുകള്‍, ബാങ്ക് സ്‌റ്റേറ്റ്‌മെന്റുകള്‍, വോയ്സ് റെക്കോര്‍ഡുകള്‍ എന്നിവയും യുവതി പരാതിക്കൊപ്പം പോലീസിന് നല്‍കി.
ആദ്യമായല്ല ഇത്തരം പരാതികൾ ഷിയാസിന്റെ പേരിൽ ഉയരുന്നത്. രണ്ടര വർഷം മുമ്പ് വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്നും പതിനൊന്ന് ലക്ഷം രൂപ തട്ടിയെടുത്തെന്നും ആരോപിച്ച് മറ്റൊരു യുവതി ഷിയാസ് കരീമിന് എതിരെ പരാതിയുമായി എത്തിയിരുന്നു. ജിംനേഷ്യം പരിശീലകയായ യുവതിയുടെ പരാതിയില്‍ കാസര്‍കോട് ചന്തേര പോലീസാണ് അന്ന് ഷിയാസിനെതിരെ കേസെടുത്തത്.
ഷിയാസ് പിന്നീട് പോലീസ് പിടിയിലാവുകയും ചെയ്തിരുന്നു. എറണാകുളത്ത് സ്വന്തമായി ജിംനേഷ്യം നടത്തുന്ന ഷിയാസ് ജിംട്രെയിനെ ആവശ്യമുണ്ടെന്ന് പരസ്യം നല്‍കിയിരുന്നു. ഈ പരസ്യംകണ്ടാണ് ജിംനേഷ്യം പരിശീലകയായ മുപ്പത്തിരണ്ടുകാരി ഷിയാസിനെ ബന്ധപ്പെടുന്നതും പരിചയത്തിലാകുന്നതും. തുടര്‍ന്ന് സ്ഥാപനത്തിന്റെ ഉടമസ്ഥാവകാശത്തില്‍ പങ്കാളിയാക്കാമെന്ന് പറഞ്ഞ് പതിനൊന്ന് ലക്ഷം രൂപ പ്രതി വാങ്ങിയതായും ആയിരുന്നു പരാതിയില്‍ പറഞ്ഞത്.
2023 മാര്‍ച്ച് 21ന് ചെറുവത്തൂരിലെ ഹോട്ടലിലേക്ക് വിളിച്ചുവരുത്തി മര്‍ദിച്ചെന്നും രണ്ട് തവണ ഗര്‍ഭഛിദ്രം നടത്തിയെന്നും പരാതിക്കാരി അന്ന് ആരോപിച്ചിരുന്നു. പിന്നീട് ഈ കേസിൽ പ്രതികരിച്ച് ഷിയാസ് എത്തിയിരുന്നു. വിവാഹ വാഗ്ദാനം നൽകിയിരുന്നുവെന്നും മുമ്പ് വിവാഹം കഴിച്ചത് യുവതി മറച്ചുവെച്ചതുകൊണ്ട് പിന്മാറിയെന്നുമാണ് നടൻ പറഞ്ഞത്.

യുവതിക്ക് വിവാഹ വാഗ്ദാനം നൽകിയിരുന്നു. നേരത്തെ വിവാഹം കഴിച്ച വിവരവും ആദ്യ വിവാഹത്തിൽ മകനുള്ളതും യുവതി എന്നിൽ നിന്ന് മറച്ചുവെച്ചു. ലൈംഗിക പീഡനമുണ്ടായിട്ടില്ലെന്നുമാണ് ഷിയാസ് പൊലീസിന് അന്ന് മൊഴിനൽകിയത്. ആ വിവാദങ്ങൾ ഒന്ന് കെട്ടടങ്ങിയശേഷമായിരുന്നു നടന്റെ വിവാഹം. ദീര്‍ഘകാല സുഹൃത്തായ ദര്‍ഫയെയാണ് ഷിയാസ് വിവാഹം ചെയ്തത്. ഷിയാസ് ആദ്യം പെണ്ണ് കണ്ട കുട്ടി കൂടിയായിരുന്നു.
ഇഷ്ടപ്പെട്ടിരുന്നുവെങ്കിലും പ്രായം കുറവാണെന്ന കാരണത്താൽ വിവാഹത്തിലേക്ക് പോകേണ്ടെന്ന് ഷിയാസ് തീരുമാനിക്കുകയായിരുന്നു. ഇരുവരും തമ്മില്‍ 12 വയസ് പ്രായ വ്യത്യാസമുണ്ട്. പക്ഷെ പിന്നീട് ഇരുവരും തമ്മിൽ സൗഹൃദം ഉടലെടുക്കുകയും ഇരുവരും വിവാഹത്തിലേക്ക് എത്തുകയുമായിരുന്നു. കുറച്ച് ദിവസം മുമ്പാണ് ഇരുവർക്കും ആദ്യത്തെ കുഞ്ഞ് പിറന്നത്.
മകനാണ് പിറന്നത്. ആ സന്തോഷത്തിനിടയിലാണ് പുതിയ കേസ് നടന് എതിരെ ഉണ്ടാകുന്നത്. ഷിയാസിനെതിരെയുള്ള വാർത്ത ശ്രദ്ധയിൽപ്പെട്ട നടിയും മുൻ ബിഗ് ബോസ് താരവുമായ ലക്ഷ്മിപ്രിയ വിമർശിച്ച് എത്തി. ഷിയാസിന്റെ പേരിൽ വന്ന പുതിയ കേസിന്റെ വാർത്തയുടെ സ്ക്രീൻഷോട്ട് പങ്കിട്ട് കിതാബിൽ ഇത് പറഞ്ഞിട്ടുണ്ടോ ആവോ? എന്നാണ് ലക്ഷ്മിപ്രിയ പരിഹസിച്ച് ചോദിച്ചത്. നടിയുടെ പോസ്റ്റിന് അനുകൂലിച്ചും വിമർശിച്ചുമെല്ലാം കമന്റുകൾ പ്രത്യക്ഷപ്പെടുന്നുണ്ട്.


Click it and Unblock the Notifications