ലിവ് ഇൻ റിലേഷനിൽ പോകാൻ സമയം ഇല്ല, പരാതിക്കാരിയെ ഭാര്യക്കും ഉമ്മയ്ക്കും അറിയാം: ഷിയാസ് കരീം
പ്രണയം നടിച്ച് ലക്ഷങ്ങൾ തട്ടിയെന്ന കേസിൽ പ്രതികരിച്ച് ആരോപണ വിധേയനായ ഷിയാസ് കരീം. താൻ നിരപരാധിയാണെന്നും നിയമത്തിൽ വിശ്വാസമുണ്ടെന്നും ഷിയാസ് കരീം പറഞ്ഞു. ബിഗ് ടിവിയോടാണ് പ്രതികരണം. എനിക്ക് കേരള പൊലീസിലും ഇവിടത്തെ നിയമത്തിലും നല്ല വിശ്വസമുണ്ട്. ഈ കേസിൽ എനിക്ക് വിശ്വാസമുണ്ട്. ഞാൻ ആരെയും റേപ് ചെയ്തിട്ടില്ല. എന്റെ വിവാഹം കഴിഞ്ഞിട്ട് രണ്ട് വർഷമായിട്ടേയുള്ളൂ. എനിക്കൊരു കുട്ടിയുണ്ട്. ഞാൻ മാന്യമായി ജീവിക്കുകയാണ്. ഇതിന് മുമ്പ് എനിക്കെതിരെ ഇങ്ങനെ പരാതി വന്നിരുന്നു. ഞാൻ വളരെ കെയർഫുളായാണ് സംസാരിക്കുന്നതും പെരുമാറുന്നതുമെല്ലാം. കള്ളക്കേസാണിത്. കഴിഞ്ഞ മൂന്ന് ദിവസമായി ഞാൻ ഒരു പൊളിറ്റിക്കൽ പ്രശ്നത്തിലാണ്.
കേസ് കൊടുത്തു എന്ന് പറയുന്ന ആൾ എന്റെ കുടുംബവുമായി ബന്ധമുള്ളയാളാണ്. ഇവർക്കെതിരെ പെരുമ്പാവൂർ പൊലീസ് സ്റ്റേഷനിൽ ഞാൻ പരാതി കൊടുത്തതാണ്. എന്റെ കുടുംബത്തിൽ നിന്ന് ഇവർ സ്വർണം വാങ്ങി. അത് ചോദിച്ചപ്പോൾ ഇവർ പ്രശ്നമാക്കി. ഞാൻ കൊടുത്ത കേസിൽ ഇവർക്ക് നോട്ടീസ് ലഭിച്ചു. അതിന് ശേഷമാണീ പരാതി. ഇതിന് പിന്നിൽ ചില ആളുകളുണ്ട്. ഞാൻ ആരെയും പീഡിപ്പിച്ചിട്ടില്ല. എനിക്കതിന്റെ ആവശ്യവുമില്ല. ഞാൻ വിവാഹം ചെയ്തിട്ട് രണ്ട് വർഷമാകാറായി.

ഇതിനിടെ ഞാൻ ലിവ് ഇൻ റിലേഷനിൽ പോകാൻ സമയം ഇല്ല. ഞാൻ എവിടെ പോകുന്നു എന്നെല്ലാം സോഷ്യൽ മീഡിയയിൽ പങ്കുവെക്കുന്നുണ്ട്. ഈ പറയുന്ന വ്യക്തിയുടെ മകളെ എന്നെക്കൊണ്ട് കല്യാണം കഴിപ്പിക്കാൻ സമീപിച്ചിരുന്നു. ആ ബോയ്ഫ്രണ്ടിന്റെ കൂടെ ഒളിച്ചോടി പോയത് കൊണ്ട് കുറച്ച് സിംപതി അവരോടുണ്ടായിരുന്നു. എന്റെ ഭാര്യക്കും ഉമ്മയ്ക്കും കുടുംബത്തിലെ എല്ലാവർക്കും ഇതറിയാമെന്നും ഷിയാസ് കരീം പറഞ്ഞു.
അതേസമയം പ്രണയം നടിച്ച് പണം തട്ടിയെന്നും നഗ്നദൃശ്യങ്ങൾ കാണിച്ച് ഭീഷണിപ്പെടുത്തിയെന്നുമാണ് പ്രവാസി യുവതിയുടെ പരാതി. 65 ലക്ഷം രൂപ ഷിയാസ് തട്ടിയെടുത്തെന്നാണ് പരാതി. പണം തിരികെ ആവശ്യപ്പെട്ടപ്പോൾ നഗ്നദൃശ്യങ്ങൾ പോൺ സെെറ്റിലൂടെ പുറത്ത് വിടുമെന്ന് പറഞ്ഞു. ജിം നവീകരണത്തിനെന്ന് പറഞ്ഞാണ് വൻ തുക ഷിയാസ് ആവശ്യപ്പെട്ടത്. ഇൻസ്റ്റഗ്രാം പോസ്റ്റുകൾ, ബാങ്ക് സ്റ്റേറ്റ്മെന്റുകൾ, വോയ്സ് റെക്കോർഡുകൾ എന്നിവയും യുവതി പരാതിക്കൊപ്പം നൽകി. രണ്ട് വർഷം മുമ്പ് വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്നും പതിനൊന്ന് ലക്ഷം രൂപ തട്ടിയെന്നും ആരോപിച്ച് മറ്റൊരു യുവതി ഷിയാസിനെതിരെ പരാതി നൽകിയിരുന്നു.
ബിഗ് ബോസ് മലയാളം ഒന്നാം സീസണിലൂടെയാമ് മോഡലായ ഷിയാസ് കരീം ജനശ്രദ്ധ നേടുന്നത്. മിക്കപ്പോഴും വിവാദങ്ങളിൽ അകപ്പെടുന്നയാളാണ് ഷിയാസ്. കഴിഞ്ഞ ദിവസം നടി അനുമോളെ ബീഫ് കഴിക്കാൻ നിർബന്ധിച്ചു എന്നാരോപിച്ച് ഷിയാസിനെതിരെ വിമർശനങ്ങൾ വന്നിരുന്നു.


Click it and Unblock the Notifications