ചെയ്യുന്നത് അനീതി, ചൂണ്ടിക്കാട്ടിയാൽ എന്നെ ഒതുക്കുന്നെന്ന് ബഹളം; ശരിക്കും ശിവകാർത്തികേയനല്ലേ പ്രശ്നക്കാരൻ?
തമിഴകത്ത് ഇന്ന് ഏറ്റവും താരമൂല്യമുള്ള യുവനടൻമാരിൽ ഒരാളാണ് ശിവകാർത്തികേയൻ. വിജയ് സിനിമാ രംഗം വിട്ടു. അജിത്ത് ഏറെക്കുറെ സിനിമാ ലോകത്ത് നിന്നും അകന്നു. ഇനി ഇവരുടെ സ്ഥാനത്തേക്ക് വരാൻ കെൽപ്പുള്ള താരമായാണ് ശിവകാർത്തികേയനെ ആരാധകർ കാണുന്നത്. സിനിമാ കുടുംബത്തിൽ നിന്നുള്ള ആളല്ല ശിവകാർത്തികേയൻ. കരിയറിലെ തുടക്ക കാലം പ്രതിസന്ധികൾ നിറഞ്ഞതായിരുന്നു. അതിനാൽ തന്നെ ശിവകാർത്തികേയന്റെ വളർച്ചയിൽ സന്തോഷിക്കുന്നവരാണ് ഭൂരിഭാഗം പ്രേക്ഷകരും. എന്നാൽ ശിവകാർത്തികേയനെ തള്ളിപ്പറയേണ്ട സമയമായെന്നാണ് സോഷ്യൽ മീഡിയയിലെ അഭിപ്രായങ്ങൾ.
വലിയ പിആർ നെറ്റ്വവർക്കുള്ള നടനാണ് ശിവകാർത്തികേയൻ. എതിരാളികളെ വ്യക്തിഹത്യ ചെയ്യുന്ന തരത്തിൽ പിആർ വർക്ക് നടക്കും. കഷ്ടപ്പാടുകൾ നിറഞ്ഞ തന്റെ പഴയകാലം പറഞ്ഞ് സിംപതി നേടുന്ന ശിവകാർത്തികേയൻ പക്ഷെ ഇന്ന് താരജാഡകളുള്ള, അമിത പ്രതിഫലം വാങ്ങുന്ന നടനാണെന്നാണ് വിമർശനം. ഡിസ്ട്രിബ്യൂട്ടർ തിരുപ്പൂർ സുബ്രമണ്യൻ ഒരു അഭിമുഖത്തിൽ നടത്തിയ പരാമർശം ഇതിനുദാഹരണമാണ്.

രജിനി മുരുകൻ എന്ന സിനിമ ചെയ്യവെ മാർക്കറ്റ് വാല്യു ഉയർന്നത് കാരണം ശിവകാർത്തികേയൻ പ്രതിഫലം കുത്തനെ ഉയർത്തി എന്നാണ് തിരുപ്പൂർ സുബ്രമണ്യൻ പറയുന്നത്. ഒരു കോടി രൂപയായിരുന്നു പറഞ്ഞുറപ്പിച്ച പ്രതിഫലം. എന്നാൽ ഇത് അഞ്ച് കോടിയിലേക്ക് ഉയർത്തിയെന്ന് തിരുപ്പൂർ സുബ്ര്യമണ്യൻ പറയുന്നു. പടം റിലീസ് ചെയ്യാൻ തടസങ്ങൾ വന്നു. ഞങ്ങൾ ശിവകാർത്തികേയനെ നേരിൽ കണ്ടു. അപ്പോൾ റെമോ എന്ന സിനിമയുടെ ഷൂട്ട് നടക്കുകയാണ്. അവിടെ പോയി സംസാരിച്ചു.
പടം റിലീസിന് പ്രശ്നങ്ങളാണ്, നിങ്ങൾക്ക് എഗ്രിമെന്റ് പ്രകാരം ഒരു കോടി രൂപയായിരുന്നു ശമ്പളം. എന്നാൽ അഞ്ച് കോടി രൂപ വാങ്ങി. നാല് കോടി രൂപ തിരിച്ച് കൊടുത്താലേ ഞങ്ങൾ നിങ്ങളോടൊപ്പം സഹകരിക്കൂയെന്ന് പറഞ്ഞു. അതോടെ ശിവകാർത്തികേയൻ വല്ലാതെ ദേഷ്യപ്പെട്ടു. ഞങ്ങൾ സാഹചര്യം പറഞ്ഞു. ഒരുപാട് സങ്കടപ്പെട്ട് നിർബന്ധിച്ച ശേഷമാണ് നാല് കോടി രൂപ തിരികെ കൊടുത്തത്. അതിന് പറയുന്നത് നാട്ടുകൂട്ടം പഞ്ചായത്ത് സിനിമാ രംഗത്തുണ്ട്, വിരട്ടി പണം വാങ്ങുന്നു എന്നൊക്കെയാണ്. ആരാണ് അങ്ങനെ ചെയ്തത്? നാല് കോടി രൂപ എഗ്രിമെന്റിന് വിരുദ്ധമായി വാങ്ങിയിട്ട് അത് തിരിച്ച് ചോദിച്ചപ്പോൾ ഞങ്ങൾ വിരട്ടുന്നവരായെന്നും തിരുപ്പൂർ സുബ്രമണ്യം തുറന്നടിച്ചു. തനിക്ക് സിനിമാ രംഗത്ത് എതിരാളികളുണ്ടെന്നും തന്നെ തകർക്കാൻ ശ്രമിക്കുന്നെന്നും നിരന്തരം പൊതുവേദികളിൽ സംസാരിക്കുന്നയാളാണ് ശിവകാർത്തികേയൻ. എന്നാൽ ഈ കഥയിലെ വില്ലൻ ശിവകാർത്തികേയൻ തന്നെയല്ലേ എന്നാണ് ചോദ്യങ്ങൾ.


Click it and Unblock the Notifications
