അദ്ദേഹത്തെ സഹിക്കാൻ വളരെ ബുദ്ധിമുട്ടാണ്, ചില കാര്യങ്ങൾ പൊതുവേദിയിൽ പറയാൻ കഴിയില്ല; വടിവേലുവിനെ കുറിച്ച് സോന!
ഗ്ലാമറസ് നടിയെന്ന ലേബലിൽ തെന്നിന്ത്യൻ സിനിമാലോകത്തെ അറിയപ്പെടുന്ന മുഖങ്ങളിലൊന്നായി മാറിയ താരമാണ് സോന ഹെയ്ഡൻ. മലയാളത്തിൽ അടക്കം വിവിധ ഭാഷകളിലായി നിരവധി സിനിമകളിൽ സോന അഭിനയിച്ചിട്ടുണ്ട്. നടി എന്നതിലുപരി സംരംഭകയും സംവിധായികയും എല്ലാമായ നടി തമിഴിലെ മുതിർന്ന നടൻ വടിവേലുവിനെ കുറിച്ച് നടത്തിയ വെളിപ്പെടുത്തലാണ് ശ്രദ്ധ നേടുന്നത്.
നിരവധി സിനിമ അവസരങ്ങൾ വന്നിരുന്നുവെന്നും എന്നാൽ വടിവേലുവിനൊപ്പം അഭിനയിക്കണം എന്നതുകൊണ്ട് മനപൂർവം അവയെല്ലാം താൻ നിരസിക്കുകയായിരുന്നുവെന്നും സോന പറയുന്നു. കുസേലൻ എന്ന ചിത്രത്തിനുശേഷം വടിവേലുവിനൊപ്പം അഭിനയിക്കാൻ അവസരം വന്നിട്ടും താൻ മനപ്പൂർവം ഒഴിവാക്കിയിരുന്നുവെന്ന് സോന വ്യക്തമാക്കി.

നിരവധി സിനിമകളിൽ വടിവേലുവിനൊപ്പം അഭിനയിക്കാനുള്ള ഓഫറുകൾ ലഭിച്ചിട്ടുണ്ടെങ്കിലും സ്വന്തം ആത്മാഭിമാനത്തിന്റെ പേരിൽ അവയെല്ലാം അവഗണിച്ചതാണെന്നും ലാഭകരമായ അവസരങ്ങളായിരുന്നുവെങ്കിലും താൻ വേണ്ടെന്ന് വെച്ചുവെന്നും നടി പറഞ്ഞു. ഒരു ഘട്ടത്തിൽ അഭിനയജീവിതം തന്നെ ഉപേക്ഷിക്കണമെന്ന് തോന്നിയിരുന്നു. ഈ ഇൻഡസ്ട്രിയിലെ സാഹചര്യം അങ്ങനെ തന്നെയാണ്. ആരെയും പൂർണ്ണമായി വിശ്വസിക്കാൻ കഴിയില്ല.
പലരിൽ നിന്നുമുള്ള നിരവധി ബുദ്ധിമുട്ടുകൾ ഞാൻ നേരിട്ടു. അതെല്ലാം സഹിക്കാൻ കഴിഞ്ഞില്ല. അതുകൊണ്ടാണ് ഞാൻ സിനിമയിൽ നിന്ന് അകന്നത്. വടിവേലുവിനൊപ്പം അഭിനയിക്കാൻ മാത്രം പതിനാറിൽ അധികം ഓഫറുകൾ എനിക്ക് ലഭിച്ചു. പക്ഷെ അവയെല്ലാം ഞാൻ നിരസിച്ചു. അദ്ദേഹത്തെ സഹിക്കുക വളരെ ബുദ്ധിമുട്ടാണ്. ഒരാൾക്കും അദ്ദേഹത്തെ കൈകാര്യം ചെയ്യുക എളുപ്പമല്ല.
ചില കാര്യങ്ങൾ പൊതുവേദിയിൽ പറയാൻ കഴിയില്ല. എനിക്ക് എന്റെ ആത്മാഭിമാനമാണ് ഏറ്റവും പ്രധാനപ്പെട്ടത് സോന വ്യക്തമാക്കി. ഒരു കാലത്ത് തമിഴ് സിനിമയിൽ സജീവ സാന്നിധ്യമായിരുന്നു വടിവേലു. അദ്ദേഹം ഇല്ലാത്ത സിനിമകൾ തന്നെ കുറവായിരുന്നു. തന്റെ കോമഡി കഥാപാത്രങ്ങളിലൂടെയാണ് അദ്ദേഹം വലിയ ആരാധകവൃന്ദം നേടിയെടുത്തത്. എന്നാൽ രാഷ്ട്രീയത്തിലേക്കുള്ള പ്രവേശനത്തിന് പിന്നാലെ അദ്ദേഹത്തിന്റെ സിനിമാ കരിയറിന് തിരിച്ചടിയുണ്ടായി.
പിന്നീട് സിനിമകളിലേക്ക് തിരിച്ചെത്തിയെങ്കിലും ഇപ്പോൾ വിരളമായി മാത്രമാണ് കോമഡി അല്ലെങ്കിൽ സഹനടൻ റോളുകളിൽ അദ്ദേഹം പ്രത്യക്ഷപ്പെടുന്നത്. പ്രേക്ഷകർ അദ്ദേഹത്തിന്റെ കോമഡി ഏറെ ഇഷ്ടപ്പെടുന്നുണ്ടെങ്കിലും അദ്ദേഹത്തോടൊപ്പം പ്രവർത്തിച്ച ചില അഭിനേതാക്കൾക്ക് അത്ര നല്ല അനുഭവമല്ല നടനിൽ നിന്നും ഉണ്ടായതെന്ന അഭിപ്രായങ്ങൾ മുമ്പ് പുറത്തുവന്നിട്ടുണ്ട്.

ഓഫ് സ്ക്രീനിലുള്ള വടിവേലുവിന്റെ വ്യക്തിത്വത്തെ കുറിച്ച് അത്ര നല്ല അഭിപ്രായം അദ്ദേഹത്തോടൊപ്പം പ്രവർത്തിച്ച പലർക്കും ഇല്ല. അറുപതത്തിയഞ്ചുകാരനായ താരം അവസാനമായി പ്രത്യക്ഷപ്പെട്ടത് മാരീസൻ എന്ന സിനിമയിലാണ്. അതേസമയം അജിത് കുമാറിനൊപ്പം പൂവെല്ലാം ഉൻ വാസം എന്ന ചിത്രത്തിലൂടെയാണ് സോന തന്റെ സിനിമാ കരിയർ ആരംഭിച്ചത്.
തുടർന്ന് തമിഴ്, തെലുങ്ക്, മലയാളം, കന്നഡ ഭാഷകളിലുള്ള നിരവധി സിനിമകളിൽ അഭിനയിച്ചു. ഗ്ലാമർ വേഷങ്ങളോടൊപ്പം കോമഡി കഥാപാത്രങ്ങളിലൂടെയും സോന പിന്നീട് ശ്രദ്ധ നേടുകയായിരുന്നു. കുസേലൻ ചിത്രത്തിൽ വടിവേലുവിന്റെ ഭാര്യ റോളാണ് സോന ചെയ്തത്. ആ ചിത്രത്തിലൂടെ നടിക്ക് നിരവധി ആരാധകരെ ലഭിച്ചു. പിന്നീട് കുറച്ച് കാലം സിനിമയിൽ നിന്ന് വിട്ടുനിന്ന നടി കനിമൊഴി എന്ന ചിത്രം സ്വയം നിർമ്മിക്കുകയും ചെയ്തു.
എന്നാൽ ആ ചിത്രം പരാജയപ്പെട്ടതോടെ പിന്നീട് വീണ്ടും സിനിമകളിലും ടെലിവിഷൻ സീരിയലുകളിലും അഭിനയിക്കാൻ തിരികെ എത്തുകയായിരുന്നു. മുമ്പും അഭിമുഖങ്ങളിൽ സിനിമാ ലോകത്ത് പ്രവേശിച്ച കാലത്ത് നേരിട്ട ബുദ്ധിമുട്ടുകളെയും അവസരങ്ങൾ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് അറിയാതെ ഉണ്ടായ ആശയക്കുഴപ്പങ്ങളെയും കാസ്റ്റിംഗ് കൗച്ച് പോലുള്ള പ്രശ്നങ്ങളെയും കുറിച്ച് സോന തുറന്ന് പറഞ്ഞിരുന്നു.


Click it and Unblock the Notifications

















