നായകൾ, ആട്, കാള, ഇപ്പോൾ കുതിരയും! വാടക വീടിന്റെ ഉടമ എങ്ങനെ സമ്മതിക്കുന്നു, മൃഗശാലയല്ലല്ലോ? അർജുനോട് ചോദ്യങ്ങൾ
സോഷ്യൽ മീഡിയയിൽ ഇത്രമാത്രം ജീവിതം തുറന്ന് കാണിക്കേണ്ടിയിരുന്നോ എന്ന് പ്രമുഖ ഇൻഫ്ലുവൻസർമാർക്ക് വരെ തോന്നിപ്പോകുന്ന കാലഘട്ടമാണിത്. റിയാക്ഷൻ വ്ലോഗേർസിന്റെ അമിതമായ കടന്ന് വരവ്, സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ സ്വകാര്യതയിലേക്ക് കടന്ന് കയറിക്കൊണ്ട് നടക്കുന്ന ചർച്ചകൾ, വ്യൂവേർസിന്റെ ഉപദേശങ്ങൾ, കുറ്റപ്പെടുത്തൽ എന്നിവയെല്ലാം ഇതിന് കാരണമാണ്. എന്നാൽ സോഷ്യൽ മീഡിയ വരുമാന മാർഗമായതിനാൽ എല്ലാം വിട്ട് പോകാനും പറ്റില്ല. സോഷ്യൽ മീഡിയ വഴി പ്രശസ്തിയും പണവും ലഭിച്ചവരാണ് സൗഭാഗ്യ വെങ്കിടേശും ഭർത്താവ് അർജുൻ സോമശേഖറും.
ഡാൻസ് ക്ലാസ്, വീട്ടിലെ ജോലികൾ, വളർത്ത് മൃഗങ്ങളെ പരിപാലിക്കൽ, അഭിനയം തുടങ്ങി എപ്പോഴും തിരക്കുകളിലാണ് രണ്ട് പേരും. വളർത്ത് നായകൾ ഒരുപാടുണ്ട് ഇവർക്ക്. ഇതിന് പുറമെ കാളയും ആടും പക്ഷികളും. ഇതിനെല്ലാം പുറമെ ഇപ്പോൾ ഒരു കുതിരയെ കൂടി കൊണ്ട് വന്നിരിക്കുകയാണ് അർജുൻ. ഡേവിഡ് ബാദ്ഷ എന്നാണ് ഈ വെള്ളക്കുതിരയുടെ പേര്.

ബാദ്ഷ വന്നതിന്റെ പിറ്റേ ദിവസം മുതൽ അർജുൻ ചേട്ടന്റെ ഷൂട്ട് നടക്കുകയാണ്. രാവിലെ പോയി രാത്രിയാകും വരാൻ. ബാദ്ഷയ്ക്ക് കംഫർട്ടബിൾ ആയ വ്യക്തി വീട്ടിൽ ഇല്ലാതായിപ്പോയി എന്ന് സൗഭാഗ്യ വ്ലോഗിൽ പറയുന്നുണ്ട്. സോഷ്യൽ മീഡിയയിൽ ഇതേക്കുറിച്ച് നടക്കുന്ന ചർച്ചയാണിപ്പോൾ ശ്രദ്ധ നേടുന്നത്. ഇത്രയധികം അരുമ മൃഗങ്ങൾക്കിടയിൽ ഒരു കുതിര കൂടെ വരുന്നത് അമിത ഭാരമല്ലേ എന്നാണ് ചോദ്യം. കുതിരയെ കൊണ്ട് വന്ന അർജുന് മാസത്തിൽ കുറേ ദിവസങ്ങൾ ഷൂട്ടിലായിരിക്കും. കുതിരയെ പരിപാലിക്കേണ്ട ഉത്തരവാദിത്വം സ്വാഭാവികമായും സൗഭാഗ്യയിലേക്ക് വരും. സൗഭാഗ്യക്ക് ഇപ്പോൾ തന്നെ ഒരുപാട് ജോലി ആ വീട്ടിൽ ഇല്ലേയെന്നാണ് നെറ്റിസൺസിന്റെ ചോദ്യം.
വാടക വീട്ടിലാണ് ഇവർ കഴിയുന്നത്. ഇത്രയധികം വളർത്ത് മൃഗങ്ങളെ വാടക വീട്ടിൽ വളർത്തുന്നതിൽ അനൗചിത്യം ഉണ്ടെന്നും വാദമുണ്ട്. വീടിന്റെ ഉടമ ഇതിനെങ്ങനെ സമ്മതിച്ചു, വീട് മൃഗശാലയാക്കി മാറ്റുകയാണോ എന്നെല്ലാം റെഡിറ്റിൽ ചോദ്യം വരുന്നുണ്ട്. അർജുനും സൗഭാഗ്യയും വളർത്തുന്ന നായകളെല്ലാം വിദേശ ഇനങ്ങളാണ്. തെരുവിലുള്ള ഒരു പട്ടിയെ പോലും എടുത്ത് വളർത്താൻ ഇവർ തയ്യാറായിട്ടില്ല. ഇതെന്ത് തരം മൃഗസ്നേഹമാണെന്ന ചോദ്യം നേരത്തെയും വന്നിട്ടുണ്ട്.
കുതിരയെ പരിപാലിക്കുകയെന്നത് ചെറിയ കാര്യമല്ല. കുതിരയുടെ ആരോഗ്യത്തിന് അത്യാവശ്യം സ്ഥലം വേണം. പശുവിനെ പോലെ കെട്ടിയിട്ട് മാത്രം വളർത്താൻ പറ്റുന്ന മൃഗമല്ല കുതിര. ഇതിനെ പരിപാലിക്കാനുള്ള സ്ഥലം ഇവർക്കുണ്ടോ എന്ന ചോദ്യങ്ങളുമുണ്ട്. സൗഭാഗ്യ അമിതമായി വീട്ടുജോലി ചെയ്യുന്ന എന്ന പ്രതീതി ഇപ്പോൾ തന്നെ സോഷ്യൽ മീഡിയയിൽ ഉണ്ട്. എന്നാൽ താൻ ഇഷ്ടപ്രകാരം ചെയ്യുന്ന ജോലികളാണിതെന്ന് സൗഭാഗ്യ പറയുന്നു.


Click it and Unblock the Notifications
