'നമ്മൾ പറയുന്നത് ക്രിഞ്ചാക്കി മാറ്റുകയാണ്, ന്യൂസ് ചാനലുകളുടെ പേജിൽ കാണുമ്പോൾ എന്താ ഇങ്ങനെയെന്ന് തോന്നിപ്പോകും'
സെലിബ്രിറ്റി അഭിമുഖങ്ങളിൽ നിന്നും വേണ്ടത് മാത്രം വെട്ടിയെടുത്ത് ക്ലിക്ക് ബൈറ്റാക്കി പ്രചരിപ്പിക്കുന്നത് കാണുമ്പോൾ അസ്വസ്ഥത തോന്നിയിട്ടുണ്ടെന്ന് ടൊവിനോ തോമസ്. എത്ര കൃത്യമായി സംസാരിച്ചാലും അത് വെട്ടി എടുത്ത് വേണ്ടത് മാത്രം ഇടുമെന്നും ടൊവിനോ തോമസ് പറയുന്നു. എനിക്ക് വേണ്ടി വെടിയുണ്ട ഏറ്റുവാങ്ങാൻ ബേസിൽ തയ്യാറാണെന്ന് ടൊവിനോ പറഞ്ഞുവെന്ന തരത്തിൽ അടുത്തിടെ പ്രചരിച്ചിരുന്നു.
അതിന് പിന്നിലെ സത്യാവസ്ഥയും സുജിത് ഭക്തന് നൽകിയ അഭിമുഖത്തിൽ ടൊവിനോ വ്യക്തമാക്കി. നമ്മൾ പറയുന്ന കാര്യം തെറ്റായി എഡിറ്റ് ചെയ്ത് ഇട്ടാൽ അതിന്റെ അർത്ഥം മാറും. ശരിയായി എഡിറ്റ് ചെയ്ത് ഇട്ടാലും പ്രിന്റ് മീഡിയയിലോ അല്ലെങ്കിൽ ഓൺലൈൻ മീഡിയയിൽ ഒരു പോസ്റ്റായോ വരുന്ന സമയത്ത് അവർ ഉപയോഗിക്കുന്ന ഫോട്ടോയും മറ്റും കാരണവും അർത്ഥം മാറിപ്പോകും.

എനിക്ക് വേണ്ടി വെടിയുണ്ട ഏറ്റുവാങ്ങാനും ബേസിൽ തയ്യാറാണ് എന്നൊക്കെ ക്യാപ്ഷനിട്ട് പ്രചരിപ്പിച്ച് കണ്ടിരുന്നു. ഇത് കാണുമ്പോൾ എന്തിനാണ് ഇവൻ ഇങ്ങനെ പറയുന്നതെന്ന് മറ്റുള്ളവർക്ക് തോന്നും. അങ്ങനെ ഞാൻ പറഞ്ഞിട്ടില്ല. എനിക്ക് നല്ല സിനിമകളും ഒരു നല്ല കുടുംബത്തേയും ലഭിച്ചു എന്നതാണ് എന്റെ ഏറ്റവും വലിയ സമ്പാദ്യം.
ഇക്കാര്യം സംസാരിച്ചുകൊണ്ട് ഇരിക്കുന്നതിന് ഇടയിലാണ് ഒരു അഭിമുഖത്തിൽ ബേസിലെ പറ്റി ചോദ്യം വന്നത്. അവൻ എന്റെ വളരെ നല്ല സുഹൃത്താണ്. എനിക്ക് ബെസ്റ്റ്ഫ്രണ്ട്സായി നാല്, അഞ്ച് പേരുണ്ട്. ഞങ്ങൾ ഒരുമിച്ച് നിൽക്കുമ്പോൾ എനിക്ക് നേരെ ആരെങ്കിലും വെടിവെച്ചാൽ ചാടി വീഴാൻ വരെ ആളുകളുണ്ടെന്ന് എനിക്ക് ഉറപ്പുണ്ട്. ഇതുപോലെ അവർക്ക് നേരെ ആരെങ്കിലും വെടി വെച്ചാൽ ഞാനും ചാടി വീഴും.
മൂന്ന് വയസ് മുതലൊക്കെ തുടങ്ങിയ സൗഹൃദത്തെ കുറിച്ചാണ് ഞാൻ പറയുന്നത്. മുപ്പത്തിനാല് വർഷമായുള്ള സൗഹൃദമാണ്. ആ കൂട്ടുകാരെ കുറിച്ച് പറഞ്ഞപ്പോഴാണ് വെടിയുണ്ടയുടെ കാര്യം ഞാൻ പറഞ്ഞത്. ബേസിലിനെ കുറിച്ച് ചോദിച്ചപ്പോൾ ബേസിലും ചാടുമായിരിക്കും എന്നാണ് ഞാൻ പറഞ്ഞത്. പക്ഷെ അത് എഴുതി പ്രചരിച്ചപ്പോൾ എന്റെ സ്റ്റേറ്റ്മെന്റ് പോലെയായി.
ചോദ്യത്തിന് ഞാൻ പറയുന്ന ഉത്തരം പോസ്റ്റായി ഇടുമ്പോൾ അതൊരു സ്റ്റേറ്റ്മെന്റ് പോലെ തോന്നിപ്പിക്കും. ചോദ്യത്തിന് ഉത്തരം പറയുന്നതും സ്റ്റേറ്റ്മെന്റ് പറയുന്നതും രണ്ടും രണ്ടാണ്. സ്റ്റേറ്റ്മെന്റുകൾ പൊതുവെ ഞാൻ പറയാറില്ല. ചോദിക്കുന്നതിന് ഉത്തരമെ പറയാറുള്ളു. പക്ഷെ പോസ്റ്റ് പോലെ പ്രചരിക്കുന്നത് കാണുമ്പോൾ ഇവൻ എന്തിനാണ് ഇതൊക്കെ പറയുന്നതെന്ന് നാട്ടുകാർക്ക് തോന്നും.

ഇത് പോസ്റ്റ് ട്രൂത്ത് എറയാണ് ഇപ്പോൾ. അതിനാൽ എങ്ങനെ കൃത്യമായി സംസാരിച്ചാലും നമ്മൾ പറയുന്നതിന്റെ അർത്ഥമോ ഉദ്ദേശമോ അല്ല ആളുകൾക്ക് വേണ്ടത്. എന്ത് എക്സ്ക്ലൂസീവുണ്ടെന്ന് നോക്കിയാണ് പലരും എടുക്കുക. ഞാൻ പറയുന്നതിൽ നിന്നും വെട്ടിയെടുത്ത് വേറെ രീതിയിൽ ഇടാനായി സ്വാതന്ത്ര്യം ഉണ്ടത്രെ. ആരെങ്കിലുമൊക്കെ ഇടും.
ന്യൂസ് ചാനലിന്റെ ഹാന്റിൽസിലൊക്കെ ഞാൻ ബേസിലിനെ കുറിച്ച് പറഞ്ഞതൊക്കെ വരുന്നത് കാണുമ്പോൾ അയ്യോ ഇതെന്താ ഇങ്ങനെ എന്നും ക്രിഞ്ചായും തോന്നും. നമ്മൾ ചെയ്യുന്നതല്ല ക്രിഞ്ചാകുന്നത്. അതിനെ പറഞ്ഞ് പറഞ്ഞ് ക്രിഞ്ചാക്കുകയാണ് എന്നും ടൊവിനോ തോമസ് പറയുന്നു. സിനിമയിൽ നിന്നും ടൊവിനോയ്ക്ക് ലഭിച്ച ഏറ്റവും നല്ല സൗഹൃദങ്ങളിൽ ഒന്നാണ് ബേസിലുമായി ഉള്ളത്.
ബേസിലിനൊപ്പം പ്രവർത്തിച്ചപ്പോഴെല്ലാം ഹിറ്റ് മാത്രമെ താരത്തിന് ലഭിച്ചിട്ടുള്ളു. പാൻ ഇന്ത്യൻ തലത്തിൽ നടൻ അറിയപ്പെടാനും ആഘോഷിക്കപ്പെടാനും തുടങ്ങിയതും ബേസിലിന്റെ മിന്നൽ മുരളിയിൽ നായകനായ ശേഷമാണ്.


Click it and Unblock the Notifications


