എത്ര വർഷമായി സിനിമാ രംഗത്ത്, എന്നിട്ടും ഇങ്ങനെ ചെയ്യണോ? ഉത്തരവാദിത്തമില്ലാത്ത നായികമാർ; വിമർശനം
308 കോടിയോളം കലക്ഷൻ നേടി ബോക്സ് ഓഫീസിൽ വൻ വിജയം നേടിയ കറുപ്പ് കഴിഞ്ഞ ദിവസമാണ് ഒടിടി റിലീസിനെത്തിയത്. ഒടിടി പ്രേക്ഷകർക്ക് മുന്നിലെത്തിയ കറുപ്പിന് നേരിടേണ്ടി വരുന്നത് വ്യാപക ട്രോളുകളാണ്. ഇത്രയും വലിയ ഹിറ്റാകാൻ മാത്രം എന്താണ് ഈ സിനിമയിലുള്ളതെന്ന ചോദ്യം വന്നു. ക്ലെെമാക്സിലെ സൂര്യയുടെ ഫെെറ്റ് സീനുകൾക്ക് ട്രോളോട് ട്രോൾ. ഇതിനൊപ്പം നായിക തൃഷ കൃഷ്ണനും ട്രോളുകൾ വന്നു. തൃഷയുടെ ലിപ് മൂവ്മെന്റും ഡബ്ബിംഗും രണ്ട് വഴിക്കാണെന്നാണ് അഭിപ്രായങ്ങൾ. ഗായിക ചിന്മയിയാണ് തൃഷയ്ക്ക് ഡബ് ചെയ്തത്.
തൃഷയ്ക്ക് ഇപ്പോഴും തമിഴ് സിനിമകളിൽ ഡബ്ബിംഗ് വേണ്ടി വരുന്നത് പലരെയും അത്ഭുതപ്പെടുത്തുന്നു. രണ്ട് പതിറ്റാണ്ടിലേറെയായി സിനിമാ രംഗത്ത് മുൻനിര നായിക നടിയാണ് തൃഷ. ഇത്രയും അനുഭവസമ്പത്തുള്ള ഒരു നായിക നടിക്ക് എന്ത് കൊണ്ട് സ്വന്തം ശബ്ദത്തിൽ ഡബ് ചെയ്ത് കൂടെന്നാണ് ചോദ്യങ്ങൾ. ഭാഷ അറിയാത്ത പ്രശ്നം തൃഷയ്ക്കില്ല. കരിയറിലെ പ്രധാനപ്പെട്ട സിനിമകളൊന്നും തൃഷയല്ല ഡബ് ചെയ്തത്. പൊന്നിയൻ സെൽവൻ, 96 തുടങ്ങിയ സിനിമകളിൽ നായികയ്ക്ക് വളരെയധികം പ്രധാന്യമുണ്ടായിരുന്നു. എന്നിട്ടും തൃഷ ഡബ് ചെയ്തില്ല.

ഒരു മുൻനിര താരത്തിൽ നിന്നുണ്ടാകുന്ന അനാസ്ഥത തന്നെയല്ലേ ഇതെന്നാണ് ചോദ്യങ്ങൾ. ബോളിവുഡിലോ മോളിവുഡിലോ ഇന്ന് ഡബ്ബിംഗ് ആശ്രയിക്കുന്ന നടിക്ക് വലിയ സ്ഥാനമില്ല. ബോളിവുഡിൽ ഒരിക്കലും ഡബ്ബിംഗ് മറ്റൊരാളെക്കൊണ്ട് ചെയ്യിക്കുന്ന നായിക നടിയെ സ്വീകരിക്കില്ല. മുൻനിര നായികമാർ അന്നും ഇന്നും സ്വന്തം ശബ്ദം ഉപയോഗിക്കുന്നു. അല്ലെങ്കിൽ അഭിനേത്രിയെന്ന നിലയിലുള്ള വലിയ പോരായ്മയായി ഇത് കണക്കാക്കും.
എന്നാൽ തമിഴിലും തെലുങ്കിലും കന്നഡയിലും ഇതല്ല സാഹചര്യം. ഇവിടങ്ങളിലെ മുൻനിര നായിക നടിമാരിൽ ഒട്ടുമിക്ക പേരും മറ്റൊരാളുടെ ശബ്ദമാണ് ഉപയോഗിക്കുന്നത്. ലേഡി സൂപ്പർസ്റ്റാറായി വാഴ്ത്തപ്പെട്ട നയൻതാര കുറേ വർഷങ്ങളായി ദീപ വെങ്കട്ടിന്റെ ശബ്ദമാണ് തനിക്കായി സിനിമകളിൽ ഉപയോഗിക്കുന്നത്. മലയാളത്തിൽ ഇലക്ട്ര, പുതിയ നിയമം, പാട്രിയേറ്റ് എന്നീ രണ്ട് സിനിമകളിൽ മാത്രമേ നടി സ്വന്തം ശബ്ദം ഉപയോഗിച്ചിട്ടുള്ളൂ.
നായികാ പ്രധാന്യമുള്ള സിനിമകളിൽ പോലും നയൻതാര മറ്റൊരാളുടെ ശബ്ദം ഉപയോഗിക്കുന്നത് അഭിനേത്രിയെന്ന നിലയിലുള്ള പോരായ്മയായി തന്നെയാണ് പ്രേക്ഷകർ കാണുന്നത്. ഭാഷ അറിയാത്ത പ്രശ്നം തൃഷയെ പോലും നയൻതാരയ്ക്കുമില്ല. തൃഷയെ പോലെ നയൻതാരയ്ക്കും ബഹുമാന്യ സ്ഥാനം തെന്നിന്ത്യൻ സിനിമാ ലോകത്തുണ്ട്. എന്നാൽ ഈ ഉത്തരവാദിത്വം ഇവർ കാണിക്കുന്നില്ലെന്നാണ് വിമർശനം. അതേസമയം നായക നടൻമാർ മറ്റൊരാളുടെ ശബ്ദത്തിൽ അഭിനയിച്ചാൽ തമിഴ്, തെലുങ്ക് പ്രേക്ഷകർ ഒരിക്കലും സ്വീകരിക്കില്ല.


Click it and Unblock the Notifications

