തൊട്ടതെല്ലാം പ്രശ്നം, ആരുമായും ചേരുന്നില്ല; ഉണ്ണി മുകുന്ദൻ പ്രശ്നക്കാരനോ? വിവാദങ്ങളുടെ നിര
സുമതി വളവ് എന്ന സിനിമയുമായി ബന്ധപ്പെട്ടുള്ള വിവാദം മോളിവുഡിൽ തുടരുകയാണ്. ചിത്രത്തിന്റെ സംവിധായകൻ വിഷ്ണു ശങ്കറിനും തിരക്കഥാകൃത്ത് അഭിലാഷ് പിള്ളയ്ക്കുമെതിരെ നിർമാതാവ് മുരളി കുന്നംപുറത്ത് കടുത്ത ആരോപണങ്ങളാണ് ഉന്നയിച്ചത്. ഇതിലേക്ക് നടൻ ഉണ്ണി മുകുന്ദന്റെ പേര് വരുന്ന സാഹചര്യവും ഉണ്ടായി. മാളികപ്പുറം സംവിധാനം ചെയ്തത് വിഷ്ണുവല്ലെന്നും ഉണ്ണി മുകുന്ദനാണെന്നും മുരളി ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. പിന്നാലെ ഈ പരാമർശം ഏറ്റെടുത്ത് ഉണ്ണി മുകുന്ദന്റെ ആരാധകർ രംഗത്ത് വന്നു. പത്രസമ്മേളനത്തിൽ ഇതിലെ അമർഷം അഭിലാഷ് പിള്ള പ്രകടിപ്പിക്കുകയും ചെയ്തു.
ഉണ്ണിയുടെ പിആർ ടീം ആസൂത്രിതമായി തനിക്കെതിരെ പ്രചാരണം നടത്തുന്നുണ്ടെന്ന് അഭിലാഷ് പിള്ള സൂചിപ്പിച്ചു. ഒരു സിനിമയുടെ വിജയത്തിനായി രാപ്പകൽ അധ്വാനിച്ച അണിയറ പ്രവർത്തകരുടെ കരിയർ തകർക്കാൻ ഉണ്ണി മുകുന്ദൻ ശ്രമിക്കുന്നത് ഒട്ടും ശരിയല്ല. വിഷ്ണുവിന്റെ പുതിയ തമിഴ് സിനിമ മുടക്കാൻ ഉണ്ണി മുകുന്ദൻ പരോക്ഷമായി ചരട് വലിച്ചു. ഒരു ചെറുപ്പക്കാരന്റെ കരിയർ തകർക്കാനാണ് ഉണ്ണി മുകുന്ദൻ ശ്രമിക്കുന്നതെന്നും ആരോപണങ്ങൾ വന്നു.

ഇതാദ്യമായല്ല ഉണ്ണി മുകുന്ദൻ വിവാദത്തിലാകുന്നത്. പല യുവതാരങ്ങളും തൊട്ടതെല്ലാം ഹിറ്റാക്കി മുന്നേറുമ്പോൾ ഉണ്ണി മുകുന്ദന് മാത്രം തൊട്ടതെല്ലാം വിവാദമാണ്. ഒപ്പം സിനിമ ചെയ്തവരിൽ മിക്കവരുമായും പ്രശ്നങ്ങൾ. മാനേജരായിരുന്ന വിപിൻ കുമാർ മർദ്ദിച്ചെന്ന ആരോപണം എന്നിവയെല്ലാം ഉണ്ണിയെ വിവാദ നായകനാക്കുന്നു. കരിയറിൽ മോശം സമയത്താണ് ഉണ്ണി മുകുന്ദൻ ഇന്നുള്ളത്.
മാർക്കോ വലിയ ഹിറ്റായെങ്കിലും ഈ ഗ്രാഫിൽ തുടരാൻ താരത്തിന് കഴിഞ്ഞില്ല. പിന്നീട് റിലീസ് ചെയ്ത ഗെറ്റ് സെറ്റ് ബേബി, മിണ്ടിയും പറഞ്ഞും എന്നീ സിനിമകൾ പരാജയപ്പെട്ടു. ഗെറ്റ് സെറ്റ് ബേബിയിലെ നായികയുമായി ഉണ്ണി മുകുന്ദന് അസ്വാരസ്യങ്ങളുണ്ടെന്ന് മറുനാടൻ മലയാളിയിൽ വാർത്ത വന്നിരുന്നു. നടി നിഖില വിമലായിരുന്നു ചിത്രത്തിലെ നായിക. ഉണ്ണി നായകനായി പ്രഖ്യാപിച്ച പല സിനിമകളും മുടങ്ങിയെന്നാണ് പുറത്ത് വരുന്ന വിവരം. മാർക്കോ രണ്ടാം ഭാഗം നടന്നില്ല. ഈ ടീം മറ്റൊരു സിനിമയുമായി വരുന്നുണ്ട്. എന്നാൽ ഉണ്ണിയല്ല നായകൻ.
ഗന്ധർവ ജൂനിയർ എന്നൊരു സിനിമ നേരത്തെ ഉണ്ണിയെ വെച്ച് അനൗൺസ് ചെയ്തിരുന്നു. സിനിമയുടെ എല്ലാ ഒരുക്കങ്ങളും പൂർത്തിയായെങ്കിലും പിന്നീടൊരു വിവരവുമില്ല. ഉണ്ണി മുകുന്ദനെ നായകനാക്കി വെെശാഖ് ഉദയകൃഷ്ണ ചെയ്യാനിരുന്ന വമ്പൻ പ്രൊജക്ട് ആയിരുന്നു ബ്രൂസ്ലീ. മാർക്കോയ്ക്ക് ശേഷം ബ്രൂസ്ലിയുടെ അപ്ഡേറ്റുകളൊന്നും വന്നില്ല.
ടൊവിനോ തോമസ് നായകനായ നരിവേട്ട എന്ന സിനിമയെ പ്രശംസിച്ച് പോസ്റ്റിട്ടതിന് ഉണ്ണി മുകുന്ദൻ തന്നെ മർദ്ദിച്ചെന്നാണ് മാനേജറായിരുന്ന വിപിൻ കുമാറിന്റെ പരാതി. മാർക്കോയ്ക്ക് ശേഷ ഹിറ്റുകൾ ലഭിക്കാത്തതിന്റെ ഫ്രസ്ട്രേഷനിലാണ് ഉണ്ണി മുകുന്ദനെന്നും ഒപ്പമുള്ളവരോടാണ് ഈ ദേഷ്യം തീർക്കുന്നതെന്നും വിപിൻ കുമാർ ആരോപിച്ചു. ആരോപണം ഉണ്ണി മുകുന്ദൻ നിഷേധിച്ചു.


Click it and Unblock the Notifications