അൽപം വൈകിയെങ്കിലും ചടങ്ങിന് സാക്ഷ്യം വഹിക്കാൻ സംഗീതയും എത്തി; പേര് ഒന്നാണെന്ന് കരുതി വിജയിയുടെ ഭാര്യയാവില്ല!
ഇന്ത്യയൊട്ടാകെ ഉറ്റുനോക്കിയൊരു സത്യപ്രതിജ്ഞാ ചടങ്ങാണ് രണ്ട് ദിവസം മുമ്പ് തമിഴ്നാട്ടിൽ നടന്നത്. തെരഞ്ഞെടുപ്പ് ഫലം പുറത്ത് വരും വരെ ടിവികെ പാർട്ടി ഇത്രത്തോളം വലിയൊരു ഭൂരിപക്ഷം നേടി വിജയിക്കുമെന്നോ വിജയ് മുഖ്യമന്ത്രി കസേരയിൽ ഇരിക്കുമെന്നോ തമിഴ്നാടിന് പുറത്തുള്ള ആരും തന്നെ വിശ്വസിച്ചിരുന്നില്ല. നടന്റെ പ്രചാരണ പരിപാടികളിലും സമ്മേളനങ്ങളിലും ലക്ഷക്കണക്കിന് ആളുകൾ പങ്കെടുത്തപ്പോഴും ഇതൊന്നും വോട്ടായി മാറാൻ ഒരു സാധ്യതയും ഇല്ലെന്ന തരത്തിലായിരുന്നു ട്രോളുകൾ.
പക്ഷെ തന്റെ ജനതയുടെ മനസ് അറിയാവുന്നതുകൊണ്ട് വിജയിക്ക് നൂറ് ശതമാനം കോൺഫിഡൻസുണ്ടായിരുന്നു. എന്തുകൊണ്ടാണ് ധൈര്യസമേതം സിനിമ വിട്ട് വിജയ് രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയതെന്ന് ഇപ്പോൾ മലയാളികൾ അടക്കമുള്ളവരും തിരിച്ചറിയുന്നു.

വിജയിയുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കാൻ കുടുംബാംഗങ്ങളും ബന്ധുക്കളും സിനിമാ മേഖലയിലെ സുഹൃത്തുകളും എല്ലാം ചെന്നൈ ജവഹർലാൽ നെഹ്‌റു സ്‌റ്റേഡിയത്തിൽ എത്തിയിരുന്നു. എന്നാൽ വിജയിയുടെ ഭാര്യ സംഗീതയും മക്കളായ സഞ്ജയിയും ദിവ്യ സാഷയും എത്തിയിരുന്നില്ല. പക്ഷെ ഓൾവെയ്സ് ബോളിവുഡ് എന്ന ഓൺലൈൻ മീഡിയയുടെ എക്സിലെ പേജിൽ തെറ്റായ വിശദീകരണവുമായി ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്.
വിജയിയുടെ ഭാര്യ സംഗീതയും സത്യപ്രതിജ്ഞാ ചടങ്ങിന് സാക്ഷ്യം വഹിക്കാൻ എത്തിയെന്ന് തലക്കെട്ട് നൽകി നടി സംഗീത കൃഷിന്റെ വീഡിയോയാണ് ഓൾവെയ്സ് ബോളിവുഡ് എന്ന ഓൺലൈൻ മീഡിയ എക്സിൽ പോസ്റ്റ് ചെയ്തത്. അൽപം വൈകി... പക്ഷെ അവൾ തന്റെ ഭർത്താവിന്റെ ഏറ്റവും വലിയ ദിവസത്തെ പരിപാടിയിൽ പങ്കെടുക്കാൻ താനും അവിടെയുണ്ടെന്ന് ഉറപ്പാക്കി എന്നായിരുന്നു തലക്കെട്ട്.
പോസ്റ്റ് വൈറലായതോടെ വിജയ് ആരാധകരും പ്രേക്ഷകരും ഓൺലൈൻ പേജിന് എതിരെ രംഗത്ത് എത്തി. കൃത്യമായ ഗ്രൗണ്ട് സ്റ്റഡി നടത്താതെ പോസ്റ്റുകൾ ഇറക്കരുത്. പേര് സംഗീതയാണെന്ന് കരുതി അതേ പേരുള്ള സ്ത്രീകളെല്ലാം വിജയിയുടെ ഭാര്യയാവില്ല, നിങ്ങൾ മാനസിക രോഗിയാണോ?. വീഡിയോയിലുള്ളത് നടി സംഗീതയാണ്. ഗായകൻ കൃഷിന്റെ ഭാര്യ. അല്ലാതെ വിജയ്‌യുടെ ഭാര്യ സംഗീത അല്ല.
അടിസ്ഥാന വസ്തുതാ പരിശോധന പോലും നടത്താൻ നിങ്ങൾക്ക് കഴിയുന്നില്ലേ?, ഭാഗ്യം നിങ്ങൾ ദളപതി വിജയിയേയും വിജയ് സേതുപതിയെയും കൂട്ടിക്കുഴച്ചില്ലല്ലോ, എത്ര വലിയ തെറ്റാണ് പ്രചരിപ്പിക്കുന്നത്. വീഡിയോയിലുള്ളത് നടി സംഗീതയാണ്. അവരുടെ മുന്നിലും പിറകിലുമായി നടക്കുന്നത് അവരുടെ ഭർത്താവും കുഞ്ഞുമാണ്. ഭർത്താവ് ഗായകനായ കൃഷ് ആണ് എന്നിങ്ങനെയായിരുന്നു വന്ന കമന്റുകൾ.

നാൽപ്പത്തിയേഴുകാരിയായ സംഗീത കൃഷ് അഭിനേത്രി മാത്രമല്ല വിജയിയുടെ കുടുംബ സുഹൃത്ത് കൂടിയാണ്. അഭിനേത്രി റോളിൽ മാത്രമല്ല റിയാലിറ്റി ഷോ ജഡ്ജായും അവതാരകയായും നടി സജീവമാണ്. മലയാളത്തിൽ ദിലീപിനും ജയറാമിനും സുരേഷ് ഗോപിക്കും സിദ്ദീഖിനും ഒപ്പമെല്ലാം സിനിമകൾ ചെയ്തിട്ടുമുണ്ട്. വിവാഹമോചന കേസ് കോടതിയിലാണെന്നതിനാലാണ് വിജയിയുടെ ഭാര്യ സംഗീതയും മക്കളും ചടങ്ങിൽ പങ്കെടുക്കാൻ എത്താതിരുന്നത്.
പ്രമുഖ നടിയുമായി വിവാഹേതര ബന്ധം വിജയിക്കുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് സംഗീത വിവാഹബന്ധം അവസാനിപ്പിച്ച് വേർപിരിഞ്ഞ് താമസിക്കുന്നത്. മക്കൾ രണ്ടുപേരും സംഗീതയ്ക്കൊപ്പമാണ്. അതേസമയം മുഖ്യമന്ത്രിയായി ചുമതലയേറ്റ വിജയ് വിപ്ലവകരമായ തീരുമാനങ്ങളാണ് തമിഴ്നാട്ടിൽ നടപ്പിലാക്കാൻ പോകുന്നത്.
ആരാധനാലയങ്ങള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ബസ് സ്റ്റാന്‍ഡുകള്‍ എന്നിവയുടെ 500 മീറ്റര്‍ പരിധിയിലുള്ള മദ്യശാലകള്‍ അടയ്ക്കാൻ വിജയ് ഉത്തരവിട്ട് കഴിഞ്ഞു. 717 തമിഴ്നാട് സ്റ്റേറ്റ് മാര്‍ക്കറ്റിംഗ് കോര്‍പ്പറേഷന്‍ മദ്യവില്‍പ്പനശാലകള്‍ അടുത്ത രണ്ടാഴ്ചയ്ക്കുള്ളില്‍ അടച്ചുപൂട്ടാന്‍ അധികൃതരോട് നിര്‍ദ്ദേശിച്ചുള്ളതായിരുന്നു വിജയ് സർക്കാരിന്റെ ഉത്തരവ്. തമിഴ്നാട് മുഖ്യമന്ത്രിയായി അധികാരമേറ്റ ശേഷമുള്ള വിജയ്‌യുടെ ആദ്യ ഉത്തരവാണിത്.


Click it and Unblock the Notifications


