അയ്യ... ഗില്ലി ഡാ...; കളിയാക്കിയവരും കയ്യടിക്കുന്നു, തമിഴ്നാട് വിജയിക്കൊപ്പം, ആശംസ അറിയിക്കാനെത്തി തൃഷ!
വെള്ളിത്തിരയിലെ ആരവങ്ങളിൽ നിന്നും നാടിന്റെ ഭരണസിരാകേന്ദ്രത്തിലേക്ക് ഒരു നായകൻ നടന്ന് കയറിയിരിക്കുന്നു. പഴിചാരലുകൾക്കും വിവാദങ്ങൾക്കും കളിയാക്കലുകൾക്കും ഒടുവിൽ കാലത്തിന്റെ കാവ്യനീതിപോലെ ടിവികെ എന്ന പാർട്ടിയും വിജയിയും തമിഴ്നാട്ടിൽ പുതിയ ചരിത്രം സൃഷ്ടിക്കുന്നു. നൂറിലേറെ സീറ്റുകളുടെ ചരിത്രവിജയവുമായി അരനൂറ്റാണ്ട് കാലമായി തമിഴ്നാടിനെ ഭരിച്ചിരുന്ന ഇരുമുന്നണികളുടെയും കോട്ടകളാണ് രണ്ട് വർഷം മുമ്പ് രൂപംകൊണ്ട ടിവികെ എന്ന പാർട്ടി തകർത്തെറിഞ്ഞുകൊണ്ടിരിക്കുന്നത്. കേരളത്തിലും ഇന്ന് തന്നെയാണ് തെരഞ്ഞെടുപ്പ് ഫലം പുറത്ത് വരുന്നതെങ്കിലും മലയാളികളും ഉറ്റുനോക്കുന്നത് തമിഴ്നാട്ടിൽ എന്താകും സംഭവിക്കുക എന്നറിയാനായിരുന്നു.
വർഷങ്ങളായി സജീവമായി നിൽക്കുന്ന നേതാക്കളും പാർട്ടികളുമുള്ളപ്പോൾ വിജയിക്ക് സീറ്റുകൾ നേടാൻ ആവിലെന്ന് പ്രവചിച്ചവർ നിരവധിയായിരുന്നു. തെരഞ്ഞെടുപ്പ് പ്രചാരണ വേളകളിൽ തടിച്ച് കൂടിയ ആളുകളെ കണ്ട് അതെല്ലാം വോട്ടായി മാറുമെന്ന് കരുതേണ്ടതില്ലെന്നും സൂപ്പർ സ്റ്റാർ വിജയിയെ ഒരു നോക്ക് കാണാൻ വേണ്ടി മാത്രം തടിച്ച് കൂടിയവരാണെന്നും പരിഹാസം ഉയർന്നിരുന്നു.

മാത്രമല്ല വിദേശത്ത് ജോലി ചെയ്യുന്ന ചെറുപ്പക്കാർ അടക്കം തെരഞ്ഞെടുപ്പ് ദിവസം തമിഴ്നാട്ടിലേക്ക് പറന്ന് എത്തിയിരുന്നു. ടിവികെയെ വിജയിപ്പിക്കണം അണ്ണന് പിന്തുണ അറിയിക്കണം എന്നത് മാത്രമായിരുന്നു അവരുടെ എല്ലാം ഉദ്ദേശം. പലരും ഇക്കാര്യം സോഷ്യൽമീഡിയയിൽ പോസ്റ്റായും റീലായും പങ്കുവെച്ചപ്പോഴും കളിയാക്കലുകളായിരുന്നു ഉയർന്ന് കേട്ടത്. എന്നാൽ രണ്ട് വർഷമായുള്ള കഷ്ടപ്പാടുകൾ വെറുതെയായില്ലെന്നും തമിഴ്നാട് എപ്പോഴും ഒപ്പമുണ്ടാകുമെന്നും വിജയ്ക്ക് തെരഞ്ഞെടുപ്പ് ഫലം വന്നതോടെ മനസിലായി.
നടന്റെ വ്യക്തി ജീവിതത്തിലെ വിവാദങ്ങൾ ജനങ്ങൾ മുഖവുരയ്ക്കെടുത്തില്ലെന്ന് കൂടിയാണ് ടിവികെ പാർട്ടിയുടെ ലീഡിലൂടെ വ്യക്തമാകുന്നത്. ടിവികെയുടെ ലീഡ് 36 ലേക്ക് ഉയർന്നപ്പോൾ തന്നെ തമിഴ്നാട്ടിൽ ആഘോഷങ്ങൾ തുടങ്ങിയിരുന്നു. വിജയിയുടെ മാതാപിതാക്കളും ബന്ധുക്കളും ലീഡ് ഉയർന്നതിന്റെ സന്തോഷം പങ്കുവെക്കുന്ന വീഡിയോ കുറച്ച് മുമ്പ് പുറത്ത് വന്നിരുന്നു.
നടന്റെ ബന്ധുവായ പല്ലവി വിനോദ് കുമാറാണ് കുടുംബാംഗങ്ങൾ ആഘോഷങ്ങൾ ആരംഭിച്ചതിന്റെ വീഡിയോ പങ്കുവെച്ചത്. വിജയിടെ പിതാവ് ചന്ദ്രശേഖറും ബന്ധുക്കളും കെട്ടിപ്പിടിച്ച് ആഘോഷിക്കുന്നതും സന്തോഷം പ്രകടിപ്പിക്കുന്നതുമാണ് വീഡിയോ. നടി തൃഷയും കുറച്ച് മുമ്പ് ആഘോഷത്തിൽ പങ്കുചേരാനും ആശംസകൾ അറിയിക്കാനുമായി വിജയിയുടെ ചെന്നൈയിലെ വസതിയിലേക്ക് എത്തി. നടിയുടെ പിറന്നാൾ ദിനം കൂടിയാണിന്ന്.
രാവിലെ തൃഷ തിരുപ്പതിയിൽ ദർശനം നടത്തി തൊഴുത് മടങ്ങുന്ന വീഡിയോ വൈറലായിരുന്നു. ടിവികെ വിജയിക്കുമെന്ന് മീഡിയപ്രവർത്തകരിൽ ആരോ ഒരാൾ പറഞ്ഞപ്പോൾ തൃഷ പുഞ്ചിരിക്കുന്നതും വൈറൽ വീഡിയോയിൽ കാണാം. അതേസമയം പടക്കം പൊട്ടിച്ചും ലഡു വിതരണം ചെയ്തും ടിവികെ പ്രവര്‍ത്തകര്‍ സംസ്ഥാനത്താകെ ആഘോഷം ആരംഭിച്ചിട്ടുണ്ട്. നിലവില്‍ തമിഴ്‌നാട്ടില്‍ 109 മണ്ഡലങ്ങളിലാണ് വിജയ് നയിക്കുന്ന ടിവികെ മുന്നേറുന്നത്.

തമിഴ്‌നാട്ടിലെ ഏറ്റവും വലിയ ഒറ്റകക്ഷിയായി മാറുകയാണ് ടിവികെ. തമിഴ് സിനിമാ താരങ്ങളും മലയാളത്തിൽ നിന്നുള്ള താരങ്ങളുമെല്ലാം വിജയിക്ക് ആശംസകൾ നേർന്ന് പോസ്റ്റുകളും വീഡിയോകളും ഇതിനോടകം പങ്കുവെച്ച് കഴിഞ്ഞു. വിജയിയുടെ ഫോട്ടോ പങ്കുവെച്ച് മുതൽവൻ എന്നാണ് അതിഥി രവി കുറിച്ചത്. വിജയ് എന്ന ആക്ടറുടെ സ്റ്റാർ പവർ ചെറിയതല്ലെന്ന് മനസിലാകുന്നത് എപ്പോഴാണ് എന്നറിയാമോ? ടിവികെ പാർട്ടിയിൽ ജയിച്ച അല്ലെങ്കിൽ ലീഡിങ് ആയിട്ടുള്ള ബാക്കി ആരെയും നമുക്കറിയില്ല എന്നത് തന്നെ.
ഒരേ ഒരു പേര് മാത്രമേ എനിക്കറിയൂ എന്നാണ് നടി ശരണ്യ മോഹന്റെ ഭർത്താവും ഡോക്ടറുമായ അരവിന്ദ് കുറിച്ചത്. പ്രചാരണ വേളയിൽ ഡിഎംകെയെ കടന്നാക്രമിക്കുമ്പോൾ ഈ മനുഷ്യന് ഈ ധൈര്യം എങ്ങനെ വന്നുവെന്ന് പല കുറി ചിന്തിച്ചിട്ടുണ്ട്. തെന്നിന്ത്യൻ സിനിമ ഇൻഡസ്ടറിയുടെ സാമ്പത്തിക ശ്രോതസ് ഒരു പരിധി വരെ വിജയ് സിനിമകളാണെന്ന് പ്രതിയോഗികൾ വരെ സമ്മതിക്കും.
ഇരുന്നൂറ് കോടി ശമ്പളം കൈ പറ്റുന്ന ആൾ അയാൾ ഭരണം കൈ പറ്റുമ്പോൾ അഴിമതി ഉണ്ടാകില്ലെന്ന് ഉറച്ച് വിശ്വസിക്കുന്നു എന്നാണ് നടനും തിരക്കഥാകൃത്തുമായ റോണി കുറിച്ചത്. ഭാഗ്യം എപ്പോഴും ധീരന്മാരെ തുണയ്ക്കും. ആദരം വിജയ് സർ എന്നാണ് അജു വർഗീസ് കുറിച്ചത്. വിശാഖ് സുബ്രഹ്മണ്യം, പാർവതി ആർ കൃഷ്ണ തുടങ്ങിയവരും വിജയിക്ക് ആശംസകൾ അറിയിച്ച് എത്തി.


Click it and Unblock the Notifications