പറയനും പുലയനും പഠിത്തം പറഞ്ഞിട്ടില്ല; തൊലി ഉരിക്കുന്നത് പോലെ കളിയാക്കൽ; മണിയുടെ അനുഭവം പങ്കിട്ട് വിനയൻ!
കഴിഞ്ഞ ദിവസം മലയാളികൾ കേട്ട ഏറ്റവും സങ്കടകരമായ വാർത്തയായിരുന്നു ബിഡിഎസ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണം. കണ്ണൂർ അഞ്ചരക്കണ്ടി മെഡിക്കൽ കോളേജിലെ വിദ്യാർത്ഥിയായ നിതിൻ വകുപ്പ് മേധാവിയുടെ മാനസിക പീഡനം താങ്ങാൻ കഴിയാതെയാണ് ജീവനൊടുക്കിയത് എന്നാണ് പ്രാഥമിക നിഗമനം. നിറത്തിന്റെ പേരിൽ അടക്കം നിതിനെ വകുപ്പ് മേധാവി അധിക്ഷേപിച്ചിരുന്നുവെന്നും റിപ്പോർട്ടുകളുണ്ട്.
പത്തൊമ്പതുകാരനായ നിതിൻ ജീവനൊടുക്കിയ വാർത്ത അറിഞ്ഞ് സംവിധായകൻ വിനയൻ സോഷ്യൽമീഡിയയിൽ പങ്കുവെച്ച കുറിപ്പാണ് ശ്രദ്ധ നേടുന്നത്. നിതിന്റേതിന് സമാനമായ അനുഭവം പഠിക്കുന്ന കാലത്ത് കലാഭവൻ മണിക്കും അനുഭവിക്കേണ്ടി വന്നിട്ടുണ്ടെന്നും അത് താനുമായി നടൻ പങ്കുവെച്ച സംഭവവുമാണ് വിനയൻ കുറിപ്പിൽ വിവരിച്ചിരിക്കുന്നത്.

നവോത്ഥാനവും പൂരോഗമനവുമൊക്കെ പ്രസംഗിക്കുകയും എഴുതുകയും പഠിപ്പിക്കുകയും ചെയ്യുന്നവർ അത് സ്വന്തം മനസിൽ കൂടി ഉൾക്കൊള്ളണ്ടതല്ലേയെന്ന് വിനയൻ ചോദിക്കുന്നു. സംവിധായകൻ എഴുതിയത് ഇങ്ങനെയാണ്... നിതിൻ രാജിന്റെ മരണ വാർത്ത കേട്ടപ്പോൾ നേരത്തേ കലാഭവൻ മണി പറഞ്ഞ വാക്കുകൾ ഓർത്തുപോയി. മണി ഫലിത രൂപേണ പറഞ്ഞതെങ്കിലും നൊമ്പരപ്പെടുത്തുന്നതായിരുന്നു ആ വാക്കുകൾ.
കരുമാടിക്കുട്ടന്റെ ഷൂട്ടിങ് ലൊക്കേഷനിൽ വെച്ചായിരുന്നു. കുട്ടനാട്ടിലെ അധസ്ഥിതനായ ചെറുമോന്റെ കഥയായിരുന്നല്ലോ ആ സിനിമയിൽ പറഞ്ഞത്. ഒരു സീനിന്റെ ഷൂട്ടിങ് ഡിസ്കഷനിടയിൽ മണി പറഞ്ഞു... ഇപ്പോൾ നമ്മുടെ നാട്ടിൽ ജാതിയുടേയും നിറത്തിന്റേയും പേരിൽ വേർതിരിവ് ഒന്നുമില്ലന്നേ... നാടാകെ മാറീന്നാ സ്കൂളിലെ മാഷുമാരുപോലും പഠിപ്പിക്കുന്നേ...
പക്ഷെ ഒരു പ്രശ്നമുണ്ട് സാറേ... അന്ന് ക്ലാസിൽ പരീക്ഷയുടെ റിസൽട്ട് വരുമ്പോൾ എനിക്കെന്നും മാർക്ക് കുറവാരിക്കും. മിക്കവാറും ഞാൻ സംപൂജ്യനാണ്. മാർക്കില്ലാത്തവരെ എല്ലാം മാഷ് ശരിക്കും ശകാരിക്കും. പക്ഷെ ഞങ്ങൾ ചിലരെ മാത്രം മാഷ് ശകാരിക്കില്ല പകരം കളിയാക്കും. തൊലി ഉരിക്കുന്ന കളിയാക്ക്. മറ്റ് കുട്ടികൾ അത് കേട്ട് പരിഹസിച്ച് ചിരിക്കമ്പോൾ മാഷും ചിരിക്കും.
പുലയനും പറയനും ഒന്നും സ്കൂളിലെ പഠിത്തം പറഞ്ഞിട്ടില്ലന്നാ മാഷ് പറയുന്നേ. അത് കേൾക്കമ്പോൾ വല്ലാത്ത സങ്കടം തോന്നും. ഈ ജന്മത്തോട് തന്നെ പുച്ഛം തോന്നിയിട്ടുണ്ട്. മണിയുടെ തനതായ ശൈലിയിൽ ഇത് കേൾക്കുമ്പോൾ ആരുടേയും മനസ് നൊമ്പരപ്പെട്ട് പോകും. ഡെന്റൽ വിദ്യാർത്ഥിയായ നിതിൻ രാജിന്റെ മരണവാർത്ത കേട്ടപ്പോൾ മണി പറഞ്ഞ കാര്യം മനസിലേക്ക് ഓടിവന്നു. നമ്മൾ പത്തൊമ്പതാം നൂറ്റാണ്ടിലാണോ ഇപ്പോഴും ജീവിക്കുന്നത്?.

നവോത്ഥാനവും പൂരോഗമനവുമൊക്കെ പ്രസംഗിക്കുകയും എഴുതുകയും പഠിപ്പിക്കുകയും ചെയ്യുന്നവർ അത് സ്വന്തം മനസിൽ കൂടി ഉൾക്കൊള്ളണ്ടേ?. നമ്മുടെ സമൂഹത്തിൽ ചേർത്ത് പിടിക്കപ്പെടേണ്ടവരാണ് ദളിതരും പട്ടിക വിഭാഗവും ആദിവാസികളുമൊക്കെ. സാമൂഹ്യപരമായി ആ വിഭാഗം അതർഹിക്കുന്നു. പ്രിയ നിതിൻരാജിന് ആദരാഞ്ജലികൾ എന്നായിരുന്നു വിനയന്റെ കുറിപ്പ്.
സംവിധായകന്റെ കുറിപ്പ് പ്രത്യക്ഷപ്പെട്ടതോടെ നിരവധി പേരാണ് അനുകൂലിച്ചുള്ള പ്രതികരണങ്ങളുമായി എത്തിയത്. ജാതി തുടച്ച് നീക്കാൻ ചില ആളുകൾ സമ്മതിക്കില്ല. അവർക്ക് വല്ലപ്പോഴും പറഞ്ഞ് ആക്ഷേപിക്കാൻ ഇത് ഇവിടെ വേണം എന്ന കാഴ്ചപ്പാടുള്ളവർ ഇപ്പോഴുമുണ്ട്, എത്ര കാലം കഴിഞ്ഞെന്ന് പറഞ്ഞാലും മനുഷ്യന്റെ മനസിൽ ജാതി ഇപ്പോളും ഒളിഞ്ഞിരിപ്പുണ്ട്. ചിലർ പ്രകടിപ്പിക്കുന്നു.
മറ്റുചിലർ ഉള്ളിൽ ഒതുക്കി വെക്കുന്നു അത്രയേയുള്ളു. ഇതിനേക്കാൾ ഭയങ്കരമാണ് മറ്റ് സംസ്ഥാനങ്ങളിലെ അവസ്ഥ എന്നിങ്ങനെയായിരുന്നു പ്രതികരണങ്ങൾ. കുറച്ച് നാളുകൾക്ക് മുമ്പ് മണിയുടെ സഹോദരനും നര്‍ത്തകനും നടനുമായ ഡോ.ആര്‍എല്‍വി രാമകൃഷ്ണനെ നിറത്തിന്റെ പേരിൽ കലാമണ്ഡലം സത്യഭാമ അധിക്ഷേപിച്ചത് വലിയ വാർത്തയായിരുന്നു. കാക്കയുടെ നിറമാണ് രാമകൃഷ്ണനെന്നും പെറ്റതള്ള സഹിക്കില്ലെന്നുമാണ് അന്ന് സത്യഭാമ അധിക്ഷേപിച്ച് പറഞ്ഞത്.


Click it and Unblock the Notifications

















