അവസാനം നടന്ന ചതി, ലോഹിതദാസ് പൊട്ടിക്കരഞ്ഞു, പഴി മുഴുവൻ വിദ്യ ബാലന്റെ തലയിൽ; ചക്രത്തിന് സംഭവിച്ചത്
മലയാള സിനിമാ രംഗത്ത് മുടങ്ങിപ്പോയ പല സിനിമകളുണ്ട്. ഇതിൽ ഏറ്റവും കൂടുതൽ ചർച്ചയാകുന്ന സിനിമയാണ് ചക്രം. ലോഹിതദാസിന്റെ തിരക്കഥയിൽ കമൽ സംവിധാനം ചെയ്യാനിരുന്ന സിനിമയാണിത്. മോഹൻലാൽ നായകനും നായിക വിദ്യ ബാലനും. എന്നാൽ ഈ ചിത്രം മുടങ്ങി. പിന്നീട് ലോഹിതദാസ് തന്നെ ഈ സിനിമ സംവിധാനം ചെയ്തു. അന്നുണ്ടായ സംഭവ വികാസങ്ങളെക്കുറിച്ച് സംവിധായകൻ ശാന്തിവിള ദിനേശ് തന്റെ യൂട്യൂബ് ചാനലിൽ പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്.
2000 ൽ വിദ്യ ബാലനെ തേടി ഒരു നല്ല അവസരമെത്തി. ലോഹിതദാസ് തിരക്കഥയെഴുതി കമൽ സംവിധാനം ചെയ്യുന്ന മോഹൻലാൽ നായകനും കൂടെ വേറൊരു നായകനായി ദിലീപും എത്തുന്ന സിനിമ. ജോണി സാഗരിക എന്ന കാസറ്റ് കമ്പനി ഉടമയാണ് നിർമാതാവ്. ചിത്രത്തിന്റെ പേര് ചക്രം. ഭംഗിയായി ചിത്രീകരണം തുടങ്ങി. പക്ഷെ ഓരോ സീൻ കഴിയുന്തോറും മോഹൻലാൽ അസ്വസ്ഥനാകാൻ തുടങ്ങി. തന്നോട് പറഞ്ഞ കഥയാണ് ചിത്രീകരിക്കുന്നതെന്ന് മോഹൻലാലിന് തോന്നിയില്ല. ഇപ്പോഴെടുക്കുന്ന സീനിന് മുമ്പുള്ള സീൻ ഏതാണെന്ന് ചോദിച്ചാലോ അടുത്ത സീൻ ഏതാണെന്ന് ചോദിച്ചാലോ സംവിധായകൻ കമലിന് ഉത്തരമില്ല.

കാരണം അക്കാലത്ത് ലോഹിതദാസിനോട് ആരെങ്കിലും ഇങ്ങനെ ചോദിച്ചാൽ പറയുന്ന ഉത്തരം അമ്മ തരും എന്നാണ്. മൂകാംബിക അമ്മ തരുമെന്നാണ് പറയുന്നത്. കമൽ ഒന്നും പറയാത്തതിന് കാരണം ഈ സിനിമയെക്കുറിച്ചുള്ള മുഴുവൻ പിക്ചറും ലോഹിതദാസിന്റെ മനസിലാണ്. ലോഹിയാണെങ്കിൽ മനസ് തുറക്കുകയുമില്ല. പെട്ടെന്ന് സൂപ്പർസ്റ്റാർ എഴുത്തുകാരനായി മാറിയപ്പോൾ ലോഹിയോട് ആർക്കും ഒന്നും ചോദിക്കാൻ പറ്റില്ല.
ഓരോ സീൻ കഴിയുന്തോറും മോഹൻലാൽ കൂടുതൽ കൂടുതൽ സംഘർഷത്തിലായി. 15 ദിവസത്തെ ചിത്രീകരണത്തിന് ശേഷം ചക്രം ഉരുളാതായി. മോഹൻലാൽ പടം ഉപേക്ഷിച്ചു. അതോടെ തന്റെ തെറ്റിൽ അല്ലാതെ നിന്ന് പോയ ചിത്രത്തിന്റെ പഴി മുഴുവൻ വിദ്യ ബാലന്റെ തലയിലായി. ഭാഗ്യമില്ലാത്ത നടി എന്ന് അവർക്ക് വിളിപ്പേരായി. ചക്രം മുടങ്ങിയതോടെ ലോഹിതദാസിനോടും കമലിനോടും മോഹൻലാൽ പിന്നെ സഹകരിച്ചിട്ടേയില്ല. നിലച്ച ചക്രം 2003 ൽ ലോഹിതദാസ് തന്നെ സംവിധാനം ചെയ്തു.
പൃഥ്വിരാജ്, ജയസൂര്യ, മീര ജാസ്മിൻ എന്നിവരെ തീരുമാനിച്ചു. എന്തോ കാരണം പറഞ്ഞ് ജയസൂര്യ പിന്മാറി. ദയനീയമായി ചക്രം പൊളിഞ്ഞു. അതോടെ ലോഹിതദാസിന്റെ ആത്നവിശ്വാസം നഷ്ടപ്പെട്ടു. ചക്രം വീണ്ടുമെടുത്തപ്പോൾ നല്ലൊരു ചതി നടന്നു. കമൽ ചെയ്ത പഴയ ചക്രത്തിനായി ഏഴ് പാട്ടുകൾ റെക്കോർഡ‍് ചെയ്തിരുന്നു. ലോഹിതദാസ് ഈ പാട്ട് തരാമോയെന്ന് ജോണി സാഗരികയോട് ചോദിച്ചു. എന്ത് ചോദ്യമാണ് ചേട്ടാ, എനിക്കെന്തിനാണ് ഈ പാട്ട്, എടുത്തോയെന്ന് സന്തോഷപൂർവം പറഞ്ഞു.
ലോഹി പാട്ടുകളെടുത്ത് ഷൂട്ട് ചെയ്തു. പടം റിലീസ് ചെയ്യാൻ അഞ്ച് ദിവസമുള്ളപ്പോൾ എന്റെ ചിത്രത്തിലെ പാട്ടുകൾ ഉപയോഗിക്കണമെങ്കിൽ ഒരു കോടി രൂപ തരണമെന്ന് ജോണി സാഗരിക പറഞ്ഞു. വിവരമറിഞ്ഞ് ലോഹിതദാസ് പൊട്ടിക്കരഞ്ഞു എന്നാണ് അദ്ദേഹത്തിന്റെ ഏറ്റവും അടുപ്പക്കാരിൽ ഒരാൾ എന്നോട് പറഞ്ഞത്. പിന്നീട് വരികൾ അതേ മീറ്ററിൽ മാറ്റം വരുത്തുകയായിരുന്നു എന്നും ശാന്തിവിള ദിനേശ് പറയുന്നു.


Click it and Unblock the Notifications















