മോഹൻലാലിന്റെ രക്ഷകനെന്ന് വാഴ്ത്തി, അമിത ആത്മവിശ്വാസം വിനയായി; ലിജോ ജോസ് പെല്ലിശ്ശേരിയെവിടെ? ചർച്ച
പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കണ്ട സിനിമയായിരുന്നു മാലെെക്കോട്ടെ വാലിബൻ. മോഹൻലാൽ- ലിജോ കൂട്ടുകെട്ടിൽ ആദ്യമായി പുറത്തിറങ്ങിയ സിനിമ. ലിജോ അന്ന് കരിയറിലെ ഏറ്റവും മികച്ച സമയത്താണ്. മോഹൻലാലിന് ഒരു ഹിറ്റ് സിനിമ അനിവാര്യമായ ഘട്ടവും. എന്നാൽ വാലിബൻ ബോക്സ് ഓഫീസിൽ പരാജയപ്പെട്ടു. ഇതേക്കുറിച്ച് നിർമാതാവ് ഷിബു ബേബി ജോൺ പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്.
വാലിബനിൽ ഞങ്ങളാകെ നിരാശരായി. നല്ലൊരു കഥ കേട്ട് അതനുസരിച്ചാണ് പോയത്. ആ കഥയാണ് മോഹൻലാലിന് കേൾപ്പിച്ചത്. അത് മുന്നോട്ട് പോയി. പക്ഷെ ഒരു ഘട്ടം കഴിഞ്ഞപ്പോൾ എവിടെയോ അതിന്റെ ഫോക്കസ് നഷ്ടപ്പെട്ടു. ഒരു പാർട്ട് എന്നത് രണ്ട് പാർട്ട് ആക്കാൻ ആലോചന വന്നു. പിന്നെ അത് നിർബന്ധിതമായി. അവസാനം എന്താണോ ഉദ്ദേശിച്ചത് ആ അർത്ഥത്തിൽ എത്തിക്കാൻ പറ്റിയില്ല. അതിലാണ് നിരാശ വന്നത്. വാലിബന്റെ രണ്ടാം ഭാഗം ആലോചനയിൽ ഇല്ല.

സിനിമയ്ക്ക് ലഭിച്ച പ്രതികരണത്തിൽ ലിജോ സ്വാഭാവികമായും അസ്വസ്ഥനായിരുന്നു. ലിജോ ജീനിയസാണ്. പക്ഷെ പുള്ളിയുടെ ചിന്തയിൽ വന്നത് ആ അർത്ഥത്തിൽ സ്ക്രീനിലേക്ക് പ്രതിഫലിച്ചില്ല എന്നതിൽ പുള്ളിക്കും നിരാശ തോന്നുമല്ലോ. ഞാനൊരിക്കലും പുള്ളിയെ കുറ്റം പറയില്ല. ആരും സിനിമ മോശമാക്കാൻ വേണ്ടി എടുക്കുന്നതല്ല. എന്നോട് ഒരു സുഹൃത്ത് പറഞ്ഞത് കാളവണ്ടിക്ക് പകരം നായകൻ കുതിരപ്പുറത്തായിരുന്നു പോയിരുന്നതെങ്കിൽ നിന്റെ പടം ഓടിയേനെ എന്നാണ്. ബ്രില്യന്റ് ഫിലിം മേക്കിംഗും ഫോട്ടോഗ്രാഫിയുമായിരുന്നു. പക്ഷെ സിനിമയിൽ അത് മാത്രം പോരെന്ന് പിന്നീട് തിരിച്ചറിഞ്ഞെന്നും ഷിബു ബേബി ജോൺ പറഞ്ഞു.
ലിജോ ജോസ് പെല്ലിശ്ശേരിയുടെ അമിത ആത്മവിശ്വാസമാണ് വാലിബനെ ബാധിച്ചതെന്നാണ് സോഷ്യൽ മീഡിയയിൽ വരുന്ന അഭിപ്രായം. മോഹൻലാലിനും വാലിബനിൽ വന്ന മാറ്റങ്ങളിൽ അതൃപ്തിയുണ്ടായിരുന്നു. വാലിബന് ശേഷം ലിജോ ജോസിന്റെ കരിയറിലും വീഴ്ച വന്നെന്നാണ് പൊതുവെയുള്ള വിലയിരുത്തൽ. 2024 ലാണ് മാലെെക്കോട്ടെ വാലിബൻ പുറത്തിറങ്ങിയത്. പിന്നീട് ഇതുവരെ ലിജോ ജോസ് സംവിധാനം ചെയ്ത ഒരു സിനിമ വന്നിട്ടില്ല. വാലിബൻ എടുത്തോടു കൂടി LJP എന്ന ഒരു സംവിധായകന്റെ ഗ്രാഫ് തന്നെ പോയി. ഒരു വിവരവുമില്ല, എന്ത് കാണിച്ചാലും പ്രേക്ഷകർ കാണും എന്ന അമിത ആത്മവിശ്വാസമായിരുന്നു എന്നിങ്ങനെയാണ് സോഷ്യൽ മീഡിയയിൽ വരുന്ന കമന്റുകൾ.


Click it and Unblock the Notifications
















