'നിങ്ങളെപ്പോഴും പക്ഷപാതം കാണിക്കാറുണ്ട്'; കരൺ ജോഹറിനോട് തുറന്നടിച്ച് ആമിർ ഖാൻ
ഒരുപാട് പ്രേക്ഷകരുള്ള ടെലിവിഷൻ പരിപാടിയാണ് 'കോഫി വിത്ത് കരൺ'. ബോളിവുഡിലെ മുൻനിര സംവിധായകനും നിർമ്മാതാവുമായ കരൺ ജോഹറാണ് ഷോയുടെ അവതാരകൻ. ബോളിവുഡിലെ വിവാദങ്ങളുടെ തൊഴാനായി അറിയപ്പെടുന്നയാളാണ് കരൺ ജോഹർ അതുകൊണ്ട് തന്നെ അദ്ദേഹവും കോഫി വിത്ത് കരൺ പരിപാടിയും പലപ്പോഴും വാർത്തകളിൽ നിറയാറുണ്ട്. ഷോയിൽ കരൺ ചോദിക്കുന്ന ചോദ്യങ്ങളും അഭിപ്രായ പ്രകടനങ്ങളും മുതൽ ചില താരങ്ങളുടെ തുറന്നുപറച്ചിലുകൾ വരെ വിവാദങ്ങളായിട്ടുണ്ട്.
എന്നിരുന്നാലും 'കോഫി വിത്ത് കരൺ' പ്രേക്ഷരുടെ എണ്ണത്തിൽ യാതൊരു ഇടിവും സംഭവിച്ചിട്ടില്ല. ഓരോ സീസണെയും വളരെ ആകാംക്ഷയോടെയാണ് പ്രേക്ഷകർ വരവേൽക്കുന്നത്. കഴിഞ്ഞമാസമാണ് 'കോഫി വിത്ത് കരണി'ന്റെ ഏഴാം സീസൺ ആരംഭിച്ചത്. സീസണിൽ ആദ്യ അതിഥികൾ ആയെത്തിയത് രൺവീർ സിങും ആലിയ ഭട്ടും ആയിരുന്നു. പിന്നീട്, സാറ അലി ഖാൻ, ജാൻവി കപൂർ, അക്ഷയ് കുമാർ, സാമന്ത, വിജയ് ദേവരകൊണ്ട, അനന്യ കപൂർ എന്നിവരും ഷോയിൽ എത്തി.

ഷോയുടെ ഏറ്റവും പുതിയ എപ്പിസോഡിൽ അഥിതികൾ ആയി എത്തിയത് ആമിർ ഖാനും കരീന കപ്പൂർ ഖാനുമാണ്. പുതിയ ചിത്രമായ 'ലാൽ സിങ് ഛദ്ദ' യുടെ പ്രൊമോഷന്റെ ഭാഗമായാണ് ഇരുവരും ഷോയിലെത്തിയത്. ഷോയിലെത്തുന്ന എല്ലാവരെയും വെള്ളം കുടിപ്പിക്കാൻ ശ്രമിക്കുന്ന കരൺ ജോഹറിന് ഇത്തവണ സ്വയം വെള്ളം കുടിക്കേണ്ട അവസ്ഥ വന്നിരിക്കുകയാണ് ഷോയിൽ. വെട്ടിതുറന്നുള്ള മറുപടികളിലൂടെ കരണിനെ വെള്ളം കുടിപ്പിച്ചത് ആമിർ ഖാനാണ്.
താൻ പക്ഷപാതം കാണിച്ചിട്ടുണ്ടോ എന്ന് കരൺ ചോദിച്ചപ്പോൾ, 'നിങ്ങൾ എല്ലാ സമയത്തും പക്ഷപാതപരമായാണ്' പെരുമാറുന്നത് എന്നായിരുന്നു തുറന്നടിച്ചുള്ള ആമിറിന്റെ മറുപടി. സീസണിന്റെ തുടക്കത്തിൽ ഒരു എപ്പിസോഡിൽ താൻ ജാൻവി കപൂറിനോട് പക്ഷപാതം കാണിച്ചുവെന്നാരോപിച്ച് ആളുകൾ ട്രോളിയതായി ചൂണ്ടിക്കാട്ടിക്കൊണ്ടായിരുന്നു കരണിന്റെ ചോദ്യം.

ആമിറിന്റെ മറുപടിക്ക് പിന്നാലെ, ജാൻവി ഷോയിലെ ഗെയിമുകൾ തൊറ്റപ്പോൾ വിഷമം തോന്നിയെന്നും താൻ അവരോട് നല്ല രീതിയിലാണ് പെരുമാറിയതെന്നും കരൺ വിശദീകരിക്കാൻ ശ്രമിച്ചെങ്കിലും ഇടയിൽ ആമിറിന്റെ അടുത്ത ചോദ്യമെത്തി. 'അപ്പോൾ നിങ്ങൾ ഒരാളോട് നല്ല രീതിയിൽ പെരുമാറിയോ?, സത്യം പറയാം, നിങ്ങൾ ഷോ ചെയ്യുമ്പോൾ, ആരെങ്കിലുമൊക്കെ അപമാനിക്കപ്പെടുകയോ കരയുകയോ അവരുടെ ഹൃദയം തകരുകയോ ചെയ്യുന്നുണ്ട്" ആമിർ പറഞ്ഞു.
എന്നാൽ ഈ തർക്കം അവിടെയും നിന്നില്ല. ആമിർ ഒരു 'പാർട്ടി പോപ്പർ' ആണെന്നും 200-ലധികം ആളുകൾ കൂടിയ ഒരു പരിപാടിയിൽ നിന്ന് ഓടിപ്പോയെന്നും കരൺ ആരോപിച്ചു. ഇതിന് ന്യായമായ വിശദീകരണമാണ് താരം നൽകിയത്. അദ്ദേഹം പറഞ്ഞു, "വളരെ ഉച്ചത്തിലായിരുന്നു അവിടെ സംഗീതം. ആളുകൾ അതിനിടയിൽ സംസാരിക്കാൻ കഷ്ടപ്പെടുന്നത് കാണാമായിരുന്നു" ആമിർ പറഞ്ഞു.
Recommended Video

ഇതുകൂടാതെ കരീനയോട് കരൺ ചോദിച്ച ഒരു ചോദ്യവും ഇന്ന് ചർച്ചയാണ്. കുട്ടികളുണ്ടായ ശേഷം ലൈംഗിക ബന്ധം എന്നത് കേവലം മിത്ത് മാത്രമാണോ എന്നായിരുന്നു കരണിന്റെ ചോദ്യം. നിങ്ങള്‍ക്കല്ലേ കൂടുതല്‍ അറിയുന്നതെന്നായിരുന്നു ഇതിന് കരീന നല്‍കിയ മറുപടി. എന്നാല്‍ തന്റെ അമ്മ ഈ ഷോ കാണുന്നുണ്ട് ഞാൻ എങ്ങനെ എന്റെ ലൈംഗിക ജീവിതത്തെ കുറിച്ചു പറയുമെന്നായിരുന്നു കരണിന്റെ മറുപടി മറുപടി. ഉടൻ തന്നെ ആമിർ ഇടപെട്ട് കരണിനോട് ചോദിച്ചു. "നിങ്ങള്‍ മറ്റുള്ളവരുടെ ലൈംഗിക ജീവിതത്തെക്കുറിച്ച് സംസാരിക്കുന്നത് നിങ്ങളുടെ അമ്മ കാണുന്നുണ്ടാകില്ലേ" ഇതോടെ അക്ഷരാർത്ഥത്തിൽ കരണിന്റെ നാവിന് പൂട്ടുവീഴുകയായിരുന്നു.
ഷോയുടെ ഇടയിൽ ഒരിടത്ത് കരണിന് ആമിറിനോട് ഷോ മുന്നോട്ട് കൊണ്ടുപോകാൻ അനുവദിക്കണമെന്ന് പറയേണ്ടിയും വന്നു. "നിങ്ങൾ ജീവിതത്തിൽ മുൻപ് ഇത്രയധികം സംസാരിച്ചിട്ടില്ല. ചോദ്യങ്ങളൊന്നും ചോദിക്കാൻ നിങ്ങളെന്നെ അനുവദിക്കുന്നില്ല." കരൺ പറഞ്ഞു.


Click it and Unblock the Notifications