മറ്റ് സ്റ്റാര്‍ കിഡ്‌സ് ആരാധ്യയെ കണ്ടു പഠിക്കണം! താരപുത്രിയുടെ 'കരുതല്‍' വൈറല്‍; കയ്യടിച്ച് ആരാധകര്‍
താരങ്ങളെ പോലെ തന്നെ താരങ്ങളുടെ മക്കളും എപ്പോഴും ക്യാമറക്കണ്ണുകളുടെ നടുവിലാണ്. പ്രത്യേകിച്ചും സൂപ്പര്‍ താരങ്ങളുടെ മക്കളാകുമ്പോള്‍. ഇന്നല്ലെങ്കില്‍ നാളെ അച്ഛന്റേയും അമ്മയുടേയും പാതയിലൂടെ ഇവരും സിനിമയിലേക്ക് എത്തുമെന്നാണ് സ്റ്റാര്‍ കിഡ്‌സിനെക്കുറിച്ച് എല്ലാവരും കരുതുന്നത്. സോഷ്യല്‍ മീഡിയയുടെ പ്രിയപ്പെട്ട സ്റ്റാര്‍ കിഡ്‌സില്‍ ഒരാളാണ് ആരാധ്യ ബച്ചന്‍. ഐശ്വര്യ റായിയുടേയും അഭിഷേക് ബച്ചന്റേയും മകള്‍ ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയിലെ മിന്നും താരമായി മാറിയിട്ടുണ്ട്.
ചെറുപ്പം മുതലേ ഐശ്വര്യയുടെ മകളുടെ വിശേഷങ്ങള്‍ അറിയാന്‍ ആരാധകര്‍ക്ക് വളരെ ആവേശമാണ്. താരപുത്രിയുടെ ചിത്രങ്ങളും വീഡിയോകളുമെല്ലാം സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറാറുണ്ട്. ഐശ്വര്യയുടെ കൈയ്യും പിടിച്ച് മുംബൈ മുതല്‍ കാന്‍ ഫിലിം ഫെസ്റ്റിവല്‍ വേദി വരെ ആരാധ്യ എത്തിയിട്ടുണ്ട്. എവിടെപ്പോയാലും ആരാധ്യയെ ചുറ്റിപ്പറ്റി പാപ്പരാസികളുടെ ക്യാമറകളുമുണ്ടാകും.

ഇപ്പോഴിതാ ആരാധ്യയുടെ പുതിയൊരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. താരസമ്പന്നമായ ആനന്ദ് അംബാനി-രാധിക മര്‍ച്ചന്റ് വിവാഹത്തിന് ശേഷമുള്ള വീഡിയോയാണ് വൈറലാകുന്നത്. വിവാഹത്തില്‍ പങ്കെടുത്ത ശേഷം മുംബൈ വിമാനത്താവളത്തില്‍ എത്തിയ അമ്മയുടേയും മകളുടേയും വീഡിയോയാണ് വൈറലാകുന്നത്. വീഡിയോയില്‍ അമ്മയും മകളും കറുപ്പ് വസ്ത്രങ്ങളാണ് ധരിച്ചിരിക്കുന്നത്.
വീഡിയോയില്‍ ചിത്രങ്ങള്‍ പകര്‍ത്തുന്നതിനിടെ ഒരു ഫോട്ടോഗ്രാഫര്‍ വീഴാന്‍ പോകുന്നത് കാണാം. അയാളോടായി സൂക്ഷിക്കാന്‍ പറയുന്ന ആരാധ്യയേയും വീഡിയോയില്‍ കാണാം. വീഡിയോ വൈറലായി മാറുമ്പോള്‍ താരപുത്രിയുടെ കരുതലിനെ അഭിനന്ദിക്കുകയാണ് സോഷ്യല്‍ മീഡിയ. അമ്മയെ പോലെ തന്നെയാണ് മകളും, മറ്റ് സ്റ്റാര്‍ കിഡ്‌സൊന്നും കാണിക്കാത്ത മര്യാദ ആരാധ്യയ്ക്കുണ്ട്, വളരെയധികം പക്വതയും അത്ര തന്നെ കുട്ടിത്തവും ആരാധ്യയില്‍ കാണാം, പോകാന്‍ നേരം പാപ്പാരാസികളോടായി കൈ വീശി കാണിക്കുന്ന ആരാധ്യയുടെ കുട്ടിത്തവും രസകരമായിട്ടുണ്ടെന്നൊക്കെയാണ് സോഷ്യല്‍ മീഡിയ പറയുന്നത്. നിരവധി പേരാണ് വീഡിയോയ്ക്ക് കമന്റുമായി എത്തിയിരിക്കുന്നത്.

അതേസമയം റിപ്പോര്‍ട്ടുകള്‍ പ്രകാരം ഐശ്വര്യയും അഭിഷേകും വേര്‍പിരിഞ്ഞിരിക്കുകയാണ്. കഴിഞ്ഞ ദിവസം ആനന്ദ് അംബാനിയുടേയും രാധിക മര്‍ച്ചന്റിന്റേയും വിവാഹത്തിന് ഐശ്വര്യ എത്തിയത് മകള്‍ക്കൊപ്പമായിരുന്നു. എന്നാല്‍ ബച്ചന്‍ കുടുംബം ഒന്നിച്ചായിരുന്നു എത്തിയത്. ഇങ്ങനെ രണ്ടായി എത്തിയതിന് കാരണം ഐശ്വര്യയും അഭിഷേകും വേര്‍ പിരിഞ്ഞതിനാലാണെന്നാണ് സോഷ്യല്‍ മീഡിയ വിലയിരുത്തലുകള്‍. എന്നാല്‍ വിവാഹത്തില്‍ നിന്നുള്ള മറ്റൊരു വീഡിയോയില്‍ ഐശ്വര്യയും അഭിഷേകും ഒരുമിച്ചിരിക്കുന്നതും കാണാന്‍ സാധിച്ചിരുന്നു.
കല്യാണത്തിനെത്തിയ ബച്ചന്‍ കുടുംബം ഐശ്വര്യയും ആരാധ്യയുമില്ലാതെയായിരുന്നു ചിത്രങ്ങള്‍ക്ക് പോസ് ചെയ്തത്. മകള്‍ക്കൊപ്പമായിരുന്നു ഐശ്വര്യ പോസ് ചെയ്തത്. അവസാന ദിവസം ഐശ്വര്യ വന്നതാകട്ടെ ഒറ്റയ്ക്കും. നേരത്തെ തന്നെ ശക്തമായിരുന്ന വിവാഹ മോചന വാര്‍ത്തകളെ കൂടുതല്‍ ശക്തിപ്പെടുത്തുന്നതാണ് ഈ സംഭവങ്ങള്‍. റിപ്പോര്‍ട്ടുകള്‍ പ്രകാരം ഐശ്വര്യയും മകളും വേറെ വീട്ടിലാണ് ഇപ്പോള്‍ താമസിക്കുന്നത്. അഭിഷേകിന്റെ അമ്മയും സഹോദരിയുമായുള്ള പ്രശ്‌നങ്ങളെ തുടര്‍ന്നാണ് ഐശ്വര്യ വീട്ടില്‍ നിന്നും ഇറങ്ങിപ്പോയതെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. വാർത്തകളോട് താരങ്ങളാരും തന്നെ ഇതുവരേയും പ്രതികരിച്ചിട്ടില്ല.


Click it and Unblock the Notifications











