'പണം വേണമെങ്കിൽ ജോലിക്ക് പോകൂ', മകൾ വെട്ടിത്തുറന്ന് പറഞ്ഞു! ആ വാക്കുകൾക്ക് വലിയ മൂർച്ചയായിരുന്നു: ഡിംപിൾ!
ബോളിവുഡ് കണ്ട എക്കാലത്തെയും മികച്ച നായികമാരിൽ ഒരാളാണ് ഡിംപിൾ കപാഡിയ. കഴിഞ്ഞ നാല് പതിറ്റാണ്ടായി സിനിമാലോകത്തെ സജീവസാന്നിധ്യമാണ് താരം. 1973ൽ പുറത്തിറങ്ങിയ ബോബി എന്ന സിനിമയിലൂടെയാണ് ഡിംപിൾ അരങ്ങേറ്റം കുറിക്കുന്നത്. ആദ്യ സിനിമയിലൂടെ തന്നെ മികച്ച നടിക്കുള്ള ഫിലിം ഫെയര്‍ പുരസ്‌കാരം നേടാൻ ഡിംപിളിന് സാധിച്ചു. പിന്നീട് ബോളിവുഡിലെ സെന്‍സേഷനായി മാറുകയായിരുന്നു നടി.
ഇന്ത്യന്‍ സിനിമയിലെ ഏറ്റവും വലിയ സൂപ്പര്‍താരമായിരുന്ന രാജേഷ് ഖന്നയെ ആണ് ഡിംപിൾ വിവാഹം ചെയ്തത്. ബോബി റിലീസ് ചെയ്യുന്നതിന് മുന്നേ ആയിരുന്നു ഇവരുടെ വിവാഹം. രണ്ട് പെണ്‍മക്കളാണ് താരദമ്പതികള്‍ക്കുള്ളത്. ട്വിങ്കില്‍ ഖന്നയും റിങ്കി ഖന്നയും. അച്ഛന്റേയും അമ്മയുടേയും പാതയിലൂടെ ട്വിങ്കിള്‍ സിനിമയിലെത്തുകയും താരമായി മാറുകയും പിന്നീട് സിനിമ വിടുകയും ചെയ്തിരുന്നു. നടന്‍ അക്ഷയ് കുമാറിനെയാണ് ട്വിങ്കിൾ വിവാഹം ചെയ്തത്.

ട്വിങ്കിൾ അഭിനയം ഉപേക്ഷിച്ചെങ്കിലും അമ്മ ഡിംപിൾ ഇന്നും സിനിമകളിൽ തിളങ്ങി നിൽക്കുകയാണ്. ഷാരൂഖ് ഖാൻ നായകനായ പത്താനിൽ ഗംഭീര പ്രകടനം കാഴ്‌ചവെച്ച് കയ്യടി നേടിയ ഡിംപിൾ, സാസ് ബാഹു ഔർ ഫ്ലമിംഗോ എന്ന പുതിയ വെബ് സീരീസിലൂടെ ഇപ്പോൾ പ്രേക്ഷക ഹൃദയം കീഴടക്കുകയാണ്. കഥാപാത്രത്തിന് മികച്ച പ്രതികരണങ്ങൾ ലഭിച്ചുകൊണ്ടിരിക്കെ ഡിംപിൾ നടത്തിയ ഒരു വെളിപ്പെടുത്തലും പ്രേക്ഷക ശ്രദ്ധനേടുകയാണ്.
2014 ൽ സിനിമയിൽ നിന്ന് ചെറിയ ഇടവേളയെടുത്ത തനിക്ക് വീണ്ടും അഭിനയിക്കുന്ന കാര്യത്തിൽ ആത്മവിശ്വാസമുണ്ടായിരുന്നില്ലെന്നും വീണ്ടും അഭിനയത്തിലേക്ക് വരുന്നത് സംബന്ധിച്ച് ഒരുപാട് സംശയങ്ങളുണ്ടായെന്നും ഡിംപിൾ പറയുന്നു. എന്നാൽ അതെല്ലാം മറന്ന് വീണ്ടും അഭിനയിക്കാൻ കാരണമായത് മകൾ ട്വിങ്കിളിന്റെ മൂർച്ചയുള്ള വാക്കുകളാണെന്നാണ് നടി വെളിപ്പെടുത്തിയത്. ഹിന്ദുസ്ഥാൻ ടൈംസിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ഡിംപിൾ.
പൂർണ്ണമായും അഭിനയത്തിലേക്ക് കടക്കാൻ തനിക്ക് പദ്ധതിയുണ്ടായിരുന്നില്ലെന്നാണ് ഡിംപിൾ പറഞ്ഞത്. എന്നാൽ മക്കളായ ട്വിങ്കിൾ ഖന്നയും റിങ്കേ ഖന്നയും നിർബന്ധിച്ചു. 'ഞാൻ ഒരിക്കൽ ട്വിങ്കിളിനോട് എനിക്ക് ഇനി ജോലി ചെയ്യാൻ താൽപ്പര്യമില്ലെന്ന് പറഞ്ഞു. ജോലി ഭാരം കൂടുതലാണ്, എന്റെ ആരോഗ്യം കുറയുകയാണ്. ടെൻഷനുണ്ട്. ആ എന്നെ ഞാൻ എന്തിന് സ്‌ക്രീനിൽ കാണണം? ഞാൻ ഇനി ഇത് ചെയ്യേണ്ടതുണ്ടോ എന്ന് ചോദിച്ചു',
'അപ്പോൾ ട്വിങ്കിൾ എന്നെ ഒന്ന് നോക്കി, എന്നിട്ട് ചോദിച്ചു, 'നിങ്ങൾക്ക് പണം വേണോ?' ഞാൻ പറഞ്ഞു, 'വേണം', അവൾ പറഞ്ഞു, 'എങ്കിൽ നിങ്ങളുടെ മടി വീട്ടിൽ വെച്ചിട്ട് ജോലിക്ക് പോകൂ', എന്ന്, അവളുടെ ആ വാക്കുകൾ അത്രയും മൂർച്ചയുള്ളതായിരുന്നു', എന്നാണ് ഡിംപിൾ പറഞ്ഞത്.

അതേസമയം, മുൻപ് കരീന കപൂറുമായുള്ള ഒരു അഭിമുഖത്തിൽ തനിക്ക് നടിയാകാൻ ഇഷ്ടമുണ്ടായിരുന്നില്ലെന്നും അമ്മയെ സഹായിക്കാനാണ് താൻ സിനിമയിലേക്ക് വന്നതെന്നും ട്വിങ്കിൾ പറഞ്ഞിട്ടുണ്ട്. സിനിമയായിരുന്നു വേഗം പണം സമ്പാദിക്കാനുള്ള മാർഗം. സിംഗിൾ മദറായ അമ്മയെ സഹായിക്കാനും പിന്തുണയ്ക്കാനും വേണ്ടിയാണ് താൻ നടിയായത് എന്നാണ് ട്വിങ്കിൾ പറഞ്ഞത്.
'നിങ്ങൾക്ക് ഇത് ഒരു ചോയ്‌സ് ആണെന്ന് എനിക്കറിയാം, പക്ഷേ എനിക്ക് അങ്ങനെയല്ല, ഞാൻ ഒരു നടിയാകാൻ ഒരിക്കലും ആഗ്രഹിച്ചിട്ടില്ല. അത് അന്നൊരു ആവശ്യകത ആയിരുന്നു, എനിക്ക് ഒരു സിംഗിൾ മദർ ഉണ്ടായിരുന്നു, അവരായിരുന്നു എല്ലാവർക്കും വേണ്ടി എല്ലാം ചെയ്തിരുന്നത്', എന്നായിരുന്നു ട്വിങ്കിളിന്റെ വാക്കുകൾ. അതേസമയം ഇന്ന് അറിയപ്പെടുന്ന എഴുത്തുകാരിയാണ് ട്വിങ്കിൾ ഖന്ന. മൂന്ന് പുസ്തകങ്ങൾ താരം എഴുതിയിട്ടുണ്ട്.


Click it and Unblock the Notifications











