മാധുരി ഉള്ളതിനാൽ ആ വേഷം വേണ്ടെന്ന് വെച്ചു; ഞങ്ങൾക്കിടയിൽ വലിയ പ്രശ്നങ്ങൾ ഉണ്ടായി : കാരണം തുറന്നടിച്ച് ജൂഹി ചൗള
ബോളിവുഡ് സിനിമകളിലെ നായികാ സങ്കൽപങ്ങളോട് നീതി പുലർത്തിയത് തൊണ്ണൂറുകളിലെ നായികമാരായിരുന്നു. ഏത് ഇന്റസ്ട്രിയും ഒന്ന് അസൂയയോടെ നോക്കി നിന്നു പോവുന്ന സൗന്ദര്യമായിരുന്നു അന്നത്തെ താരങ്ങൾക്ക്. മാധുരി ദീക്ഷിത്, ജൂഹി ചൗള, കരിഷ്മ കപൂർ, പ്രീതി സിന്റ്ഡ തുടങ്ങി മികച്ച അഭിനേത്രികൾ ബോളിവുഡിൽ മാത്രമാണെന്ന ഒരു കാലം ഉണ്ടായിരുന്നു. ആ സമയത്ത് ഇവരിൽ പലരും തമിഴ്, തെലുഗു, കന്നട, മലയാളം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.
ഏകദേശം ഒരേ സമയങ്ങളിൽ സിനിമയിൽ വന്നവരാണ് മാധുരിയും ജൂഹി ചൗളയും. എന്നാൽ ഇരുവർക്കുമിടയിൽ കാര്യമായ പ്രശ്നങ്ങൾ ആ സമയങ്ങളിൽ ഉണ്ടായിരുന്നെന്ന് റിപ്പോർട്ടുകൾ പറയുന്നുണ്ട്. മാത്രമല്ല ഇരുവരും ഒരുമിച്ച് ഒരു സിനിമ ആ കാലഘട്ടത്തിൽ കാണാനും സാധിച്ചിട്ടില്ല. "ഞാനും മാധുരിയും ഏകദേശം ഒരേ സമയത്ത് സിനിമയിൽ എത്തിയവരാണ്. ഞങ്ങൾക്കിടയിൽ ഒരു മത്സരം ഉണ്ടായിരുന്നു. ഈ മത്സരം വളരെക്കാലം തുടർന്നു പോയി. ഞങ്ങൾ ഒന്നും രണ്ടും സ്ഥാനങ്ങളിലായി മാറി മാറി വന്നു."

"അങ്ങനെയാണ് 1997ൽ യഷ് ചോപ്ര സംവിധാനം ചെയ്യുന്ന 'ദിൽ തോ പാഗൽ ഹേ' എന്ന ചിത്രവുമായി എന്നെ സമീപിച്ചത്. കരീഷ്മ കപൂർ അവതരിപ്പിച്ച നിഷ എന്ന കഥാപാത്രമായിരുന്നു ഞാൻ ചെയ്യാനിരുന്നത്. കഥ കേട്ടപ്പോൾ സഹനടിയായിട്ടാണ് തോന്നിയത്. മധുരി ദീക്ഷിത്തും സിനിമയുടെ ഭാഗമായിരുന്നു. ചില ഈഗോ പ്രശ്നങ്ങൾ ഉണ്ടായിരുന്നതിനാൽ ഞാൻ ആ ചിത്രം ചെയ്തില്ല. പിന്നീട് ആ ചിത്രത്തിലെ അഭിനയത്തിന് കരീഷ്മ കപൂറിന് ആ വർഷത്തെ ദേശീയ പുരസ്കാരം ലഭിച്ചു"- ജൂഹി ചൗള പറഞ്ഞു.
സുൽത്താനത്ത് എന്ന ചിത്രത്തിലൂടെ 1984ലാണ് ജൂഹി ചൗള സിനിമയിലേക്ക് എത്തുന്നത്. അതിനു ശേഷം പ്രേമലോക എന്ന തമിഴ്- തെലുഗു ബൈലിങ്ക്വൽ ചിത്രത്തിൽ അഭിനയിച്ചിരുന്നു. എന്നാൽ ഖയാമത്ത് സെ ഖയാമത്ത് തഖ് എന്ന സിനിമയിലൂടെ പ്രേക്ഷകപ്രീതി നേടി. 1998ൽ ഹരികൃഷ്ണൻസ് എന്ന ചിത്രത്തിലൂടെ മലയാളത്തിലും നായികാ പ്രാധാന്യമുള്ള വേഷം ചെയ്തിട്ടുണ്ട് ജൂഹി ചൗളയും മാധുരി ദീക്ഷിത്തും ഒരുമിച്ച് അഭിനയിച്ച് 2014ൽ റിലീസ് ചെയ്ത ചിത്രമാണ് ഗുലാബ് ഗാങ്.

മുമ്പൊരിക്കൽ പി.ടി.ഐക്ക് നൽകിയ അഭിമുഖത്തിൽ താൻ ഒരിക്കലും ജൂഹി ചൗളയെ എതിരാളിയായി കണ്ടിട്ടില്ലെന്ന് മാധുരി ദീക്ഷിത് പറഞ്ഞിരുന്നു. ഗുലാബ് ഗാങ് എന്ന ചിത്രത്തെ കുറിച്ച് സംസാരിക്കുന്നതിനിടെയാണ് ഇക്കാര്യം പറഞ്ഞത്. "ജൂഹിയെ ഒരിക്കലും എതിരാളിയായി കണ്ടിട്ടില്ല. ആരുമായും പ്രവർത്തിക്കുന്നതിൽ എനിക്ക് ഒരു മടിയുമില്ല. ഞങ്ങൾ അഭിനേതാക്കൾ ഫിനിഷിങ് ലൈനിലേക്ക് ഓടുന്ന കുതിരകളല്ല. ഇതൊരു സർഗാത്മക മേഖലയാണ്. ചില റോളുകൾ ഇഷ്ടപ്പെടുന്നു. ഇഷ്ടമുള്ള ആളുകൾക്കൊപ്പം പ്രവർത്തിക്കുന്നു. ഐശ്വര്യ റായ്, കരിഷ്മ കപൂർ, പ്രീതി സിന്റ എന്നിവർക്കൊപ്പം ഞാൻ പ്രവർത്തിച്ചിട്ടുണ്ട്" - മാധുരി ദീക്ഷിത് പറഞ്ഞു.
1984ൽ പുറത്തിറങ്ങിയ അഭോദ് എന്ന ചിത്രത്തിലൂടെയാണ് മാധുരി ദീക്ഷിത് സിനിമയിലെത്തുന്നത്. അതിനു ശേഷം ഹിഫാസത്ത്, തേസാബ്, ദിൽ തുടങ്ങിയ ചിത്രങ്ങളിലൂടെ അഭിനയച്ച് തരംഗം സൃഷ്ടിച്ച മറ്റൊരു നടിയുണ്ടാവില്ല. മാധുരി ദീക്ഷിത് എന്നത് ഒരു ബ്രാൻ്ഡായി മാറി. സിനിമകളെല്ലാം മിനിമം ക്വാളിറ്റിയിൽ വിജയിച്ചു. ഈ സമയത്ത് തന്നെയാണ് ജൂഹി ചൗളയും അരങ്ങേറ്റം കുറിക്കുന്നത്. സിനിമയിലെ ഇത്തരം ഈഗോ ക്ലാഷുകൾ സാധാരണയായി കാണാറുണ്ട്. എന്നാൽ ഇരുവരും ഒരുമിച്ച് സിനിമ ചെയ്തപ്പോൾ അത് വലിയ ഹിറ്റ് ആയി മാറുകയും ചെയ്തു.


Click it and Unblock the Notifications











