'ഞാൻ അന്ന് മരിക്കുമെന്ന് കരുതി; സഹായിക്കാൻ കുടുംബം പോലും ഉണ്ടായിരുന്നില്ല'; ഷെർലിൻ ചോപ്ര പറയുന്നു
ബോളിവുഡിലെ ശ്രദ്ധേയ നടിമാരിൽ ഒരാളാണ് ഷെർലിൻ ചോപ്ര. സോഷ്യൽ മീഡിയയിലെ മിന്നും താരമാണ് നടി. ഷെർലിന്റെ ഗ്ലാമറസ് ചിത്രങ്ങളൊക്കെ സോഷ്യൽ മീഡിയയിൽ വൈറലായി മാറാറുണ്ട്. 2002 ൽ തെലുങ്ക് സിനിമയിലൂടെയായിരുന്നു ഷെർലിന്റെ സിനിമാ അരങ്ങേറ്റം പിന്നീട് ബോളിവുഡിലേക്ക് എത്തിയ നടി, ടൈംപാസ്, റെഡ് സ്വാസ്തിക്, ഗെയിം എന്നിങ്ങനെ ഒരുപിടി ശ്രദ്ധേയ സിനിമകളുടെ ഭാഗമായി. ബിഗ് ബോസ് ഹിന്ദി സീസൺ 3 യിലെ മത്സരാർത്ഥിയായും താരം ശ്രദ്ധനേടിയിട്ടുണ്ട്.
നീണ്ട ഇടവേളയ്ക്ക് ശേഷം പൌർഷ്പൂർ 2 എന്ന വെബ് സീരീസിലൂടെ വീണ്ടും അഭിനയ ലോകത്തേയ്ക്ക് തിരികെയെത്താൻ ഒരുങ്ങുകയാണ് ഷെർലിൻ ചോപ്ര. സീരീസിന്റെ പ്രമോഷൻ തിരക്കുകളിലാണ് താരം. അതിനിടെ നടിയുടെ ഒരു വെളിപ്പെടുത്തലും ബോളിവുഡിൽ ചർച്ചയാവുകയാണ്. രണ്ടു വർഷം മുൻപ് തന്റെ വൃക്ക തകരാറിലായെന്നും താൻ മരിക്കുമെന്ന് കരുതിയെന്നുമാണ് ഷെർലിൻ വെളിപ്പെടുത്തിയത്.

ഒന്നുകിൽ ഡയാലിസിസ് ചെയ്യണം അല്ലെങ്കിൽ വൃക്ക മാറ്റിവയ്ക്കണം എന്നാണ് ഡോക്ടർമാർ പറഞ്ഞതെന്നും പിന്നീട് താൻ അതിൽ നിന്ന് രക്ഷപ്പെട്ടുവരുകയായിരുന്നു എന്നുമാണ് ഷെർലിൻ പറഞ്ഞത്. സിദ്ധാർത്ഥ് കണ്ണനുമായുള്ള അഭിമുഖത്തിലാണ് 36 കാരിയായ ഷെർലിൻ ചോപ്ര മനസുതുറന്നത്.
"2021 ൽ എന്റെ വൃക്ക തകരാറിലായി, ഞാൻ മരിക്കുമെന്നാണ് കരുതിയത്. ഏക്താ ജിയുമായി (ഏക്ത കപൂർ) ചേർന്ന് എനിക്ക് ഇനിയും പ്രവർത്തികാനുണ്ടെന്നും ഒരുപാട് നല്ല കാര്യങ്ങൾ ചെയ്യാനുണ്ടെന്നും ഞാൻ മനസ്സിലാക്കി. തോറ്റു കൊടുക്കേണ്ടതില്ലെന്ന് ഞാൻ തീരുമാനിച്ചു," ഷെർലിൻ ചോപ്ര പറഞ്ഞു.
"ഡോക്ടർ രണ്ട് വഴിയാണ് പറഞ്ഞത്: ഒന്നുകിൽ ഡയാലിസിസ് അല്ലെങ്കിൽ വൃക്ക മാറ്റിവയ്ക്കൽ. എന്നിരുന്നാലും, വൃക്ക ദാനം ചെയ്യാൻ മാത്രം എന്റെ കുടുംബത്തിൽ എന്നെ സ്നേഹിക്കുന്ന ആരുമില്ലായിരുന്നു. ഡയാലിസിസിന്, ആഴ്ചയിൽ മൂന്ന് തവണ ആശുപത്രിയിൽ പോകണം, അതും ഞാൻ ആഗ്രഹിച്ചിരുന്നില്ല. അങ്ങനെ ഞാൻ മരുന്ന് കഴിക്കുന്നത് തുടർന്നു, മൂന്ന് മാസം തുടർച്ചയായി മരുന്ന് കഴിച്ചതോടെ, വൃക്കയുടെ തകരാറ് മാറി, എനിക്ക് പുതിയൊരു ജന്മം ലഭിച്ചുവെന്നാണ് ഞാൻ കരുതുന്നത്," ഷെർലിൻ വ്യക്തമാക്കി.

ഇതേ അഭിമുഖത്തിൽ കുടുംബം തന്നെ ഒറ്റപ്പെടുത്തിയതിനെ തുടർന്ന് താൻ അനുഭവിച്ച വിഷമത്തെ കുറിച്ചും നടി മനസുതുറന്നു. 'എന്റെ കുടുംബവുമായി എനിക്ക് ഇപ്പോൾ ബന്ധമില്ല. എനിക്ക് അമ്മയും സഹോദരിയും ബന്ധുക്കളും ഒക്കെ ഉണ്ടെങ്കിലും അവരുമായി കുറച്ചു കാലങ്ങളായി സംസാരിക്കാറില്ല. എനിക്ക് അവരെയെല്ലാം മിസ് ചെയ്യുന്നുണ്ട്. മതം, സംസ്കാരം, തൊഴിൽ എന്നിവയുമായി ബന്ധപ്പെട്ടെല്ലാം എനിക്ക് അവരുമായി അഭിപ്രായവ്യത്യാസങ്ങളുണ്ടായിരുന്നു.
അവരെ കാണുമ്പോൾ താരത്തെ പോലെ നിൽക്കാതെ സാധാരണക്കാരനെപ്പോലെ പെരുമാറാൻ ശ്രമിക്കണമെന്ന് എന്നോട് പലപ്പോഴും പറയാറുണ്ട്. പക്ഷേ അത് എന്തിനാണ്? ഞാൻ ഒരു താരമാണെന്ന് സ്വയം വിശ്വസിക്കുമ്പോൾ ഞാൻ എന്തിന് സാധാരണക്കാരനെപ്പോലെ പെരുമാറണം? അക്കാര്യത്തിൽ ഞാൻ അവരോട് വിയോജിച്ചിരുന്നു," ഷെർലിൻ ചോപ്ര പറഞ്ഞു. നടിയുടെ വാക്കുകൾ ഇതിനകം ആരാധകർക്കിടയിലും ചർച്ചയായിട്ടുണ്ട്.


Click it and Unblock the Notifications











