'വലിയ സിനിമകൾ ലഭിക്കാൻ ആരുടെയെങ്കിലും കൂടെ കിടക്കണം'; തുറന്നടിച്ച് നടി പായൽ ഘോഷ്!
സിനിമയില്‍ ഒരവസരത്തിനായി കഷ്ടപ്പെടുന്നവർ നിരവധി പേരുണ്ട്. സിനിമാ പാരമ്പര്യങ്ങളോ മറ്റു ബന്ധങ്ങളോ ഇല്ലാത്തവരെ സംബന്ധിച്ച് സിനിമയിൽ എത്തുകയെന്നത് വലിയ ബുദ്ധിമുട്ടുള്ള കാര്യമാണ്. ഈ അവസ്ഥയെ ചൂഷണം ചെയ്യാൻ കച്ചക്കെട്ടി നടക്കുന്നവരും നിരവധിയാണ് ഈ മേഖലയിൽ. അവസരത്തിന് പകരം തങ്ങള്‍ക്കൊപ്പം കിടക്ക പങ്കിടാന്‍ ആവശ്യപ്പെട്ടതായി നിരവധി താരങ്ങൾ ഇതിനകം വെളിപ്പെടുത്തിയിട്ടുണ്ട്. ഭാഷ വ്യത്യാസമില്ലാതെ എല്ലായിടത്തു നിന്നും ഇത്തരം പരാതികൾ ഉയർന്നിട്ടുണ്ട്.
ഇപ്പോഴിതാ കാസ്റ്റിങ് കൗച്ച് സംബന്ധിച്ച് നടി പായൽ ഘോഷ് പങ്കുവച്ച ഒരു സോഷ്യൽ മീഡിയ പോസ്റ്റ് ചർച്ചയാവുകയാണ്. തെന്നിന്ത്യൻ സിനിമകളിലൂടെ ശ്രദ്ധ നേടിയിട്ടുള്ള നടിയാണ് പായൽ ഘോഷ്. ഹിന്ദി, കന്നഡ, തെലുങ്ക് സിനിമകളിലൊക്കെ അഭിനയിച്ചിട്ടുള്ള താരം രാഷ്ട്രീയത്തിലും സജീവമാണ്. തന്റെ അഭിപ്രായങ്ങൾ തുറന്നു പറയാറുള്ള പായൽ, മുൻപ് ചില വിവാദ പരാമർശങ്ങളിലൂടെയും ശ്രദ്ധനേടിയിട്ടുണ്ട്.

സംവിധായകൻ അനുരാഗ് കശ്യപിനെതിരെ ഉന്നയിച്ച ലൈംഗികാരോപണമാണ് അതിലൊന്ന്. ഏതാനും മാസങ്ങൾക്ക് മുൻപും അനുരാഗിനെതിരെ ആരോപണവുമായി പായൽ എത്തുകയുണ്ടായി. അതിനു പിന്നാലെയാണ് ഇപ്പോൾ സോഷ്യൽ മീഡിയ പോസ്റ്റിലൂടെ കാസ്റ്റിങ് കൗച്ചിനെതിരെ നടി തുറന്നടിച്ചിരിക്കുന്നത്. ആരുടെയെങ്കിലും കൂടെ കിടക്കാൻ തയ്യാറായിരുന്നെങ്കിൽ തനിക്ക് ഇപ്പോൾ 30 സിനിമയെങ്കിലും ചെയ്യാമായിരുന്നു എന്നാണ് പായൽ കുറിച്ചത്. പുതിയ സിനിമയുടെ അപ്‌ഡേറ്റ് സംബന്ധിച്ച പോസ്റ്റിലാണ് ഇക്കാര്യം പറഞ്ഞത്.
"എന്റെ കരിയറിലെ പതിനൊന്നാമത്തെ ചിത്രമായിരിക്കും 'വിത്ത് ദ ഫയർ ഓഫ് ലവ്: റെഡ്' എന്നാണ് പായൽ ഇൻസ്റ്റാഗ്രാമിൽ കുറിച്ചത്. ഞാൻ ആരുടെയെങ്കിലും കൂടെ കിടക്കാൻ തയ്യാറായിരുന്നെങ്കിൽ ഇന്ന് എനിക്ക് 30-ാമത്തെ സിനിമ പൂർത്തിയാക്കാമായിരുന്നു. വലിയ സിനിമകൾ ലഭിക്കണമെങ്കിൽ ആരുടെയെങ്കിലും കൂടെ കിടക്കണം. അല്ലാതെ സാധ്യമല്ല" എന്നാണ് പായൽ ഇൻസ്റ്റാഗ്രാമിൽ കുറിച്ചത്. പെട്ടെന്ന് തന്നെ പോസ്റ്റ് വൈറലായി മാറുകയായിരുന്നു.
പോസ്റ്റ് വൈറലായതോടെ ഇത് ആരെയെങ്കിലും ഉദ്ദേശിച്ചുള്ളതാണോ എന്ന ചോദ്യങ്ങളുമായി ആരാധകരെത്തി. എന്നാൽ പെട്ടെന്ന് തന്നെ താരം പോസ്റ്റ് പിൻവലിക്കുകയായിരുന്നു. പോസ്റ്റ് പിൻവലിച്ചതിന്റെ കാരണം നടി വ്യക്തമാക്കിയില്ല. അതോടെയാണ് സോഷ്യൽ മീഡിയയിലെ ചർച്ചകൾക്ക് ചൂട് പിടിച്ചത്. നേരത്തെ അനുരാഗ് കശ്യപിനെതിരെയുള്ള പോസ്റ്റ് ഇട്ടതും സോഷ്യൽ മീഡിയയിലാണ്.
ദേശീയ അവാർഡ് ജേതാക്കളായ രണ്ടു തെന്നിന്ത്യൻ സംവിധായകർക്കൊപ്പവും മറ്റും താൻ പ്രവർത്തിച്ചിട്ടുണ്ട്. എന്നാൽ ഒരാൾ പോലും ഒന്ന് മോശമായി സ്പർശിക്കുക പോലും ചെയ്തിട്ടില്ല. എന്നാൽ ബോളിവുഡിൽ അനുരാഗ് കശ്യപിനൊപ്പം ഒരിക്കൽപോലും പ്രവർത്തിച്ചിട്ടില്ലെങ്കിലും മൂന്നാമത്തെ കൂടിക്കാഴ്ചയിൽ തന്നെ അയാൾ തന്നെ ബലാത്സംഗം ചെയ്തുവെന്ന് ആയിരുന്നു പായലിന്റെ കുറിപ്പ്.

നേരത്തെയും അനുരാഗ് കശ്യപിനെതിരെ ഇതേ ആരോപണവുമായി പായൽ ഘോഷ് എത്തിയിരുന്നു. 2013 ൽ മുംബൈയിലെ വെർസോവയിലെ യാരി റോഡിന് സമീപമുള്ള ഒരിടത്ത് വെച്ച് ഒരു ബോളിവുഡ് സംവിധായകൻ തന്നെ ബലാത്സംഗം ചെയ്തു എന്നായിരുന്നു ആരോപണം. 2020ൽ അനുരാഗ് കശ്യപിനെതിരെ ബലാത്സംഗ ആരോപണത്തിൽ കേസ് ഫയൽ ചെയ്യുകയും ചെയ്തു. ഇത് സംബന്ധിച്ച് പോലീസ് അനുരാഗ് കശ്യപിന്റെ മൊഴി എടുക്കുകയും സംവിധായകൻ ആരോപണങ്ങൾ എല്ലാം നിഷേധിക്കുകയും ചെയ്തിരുന്നു.
ഭാവിയിൽ സത്യം എന്താണെന്ന് എല്ലാവരും തിരിച്ചറിയുമെന്നായിരുന്നു അനുരാഗ് കശ്യപിന്റെ പ്രതികരണം. അന്ന് നടി തപ്‌സി ഉൾപ്പെടെയുള്ള പ്രമുഖർ അനുരാഗ് കശ്യപിനെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു. പായൽ ഘോഷിന്റെ പുതിയ പോസ്റ്റും അനുരാഗ് കശ്യപിനെ ലക്ഷ്യം വെച്ചുള്ളതാണോ എന്ന സംശയത്തിലാണ് ആരാധകർ.


Click it and Unblock the Notifications