ഭർത്താവുമായി പിരിഞ്ഞിട്ട് മാസങ്ങൾ മാത്രം; നല്ല ഒരാളെ കണ്ടുമുട്ടിയെന്ന് രാഖി സാവന്ത്, വെളിപ്പെടുത്തൽ!
നിരന്തരം വാർത്തകളിൽ നിറയുന്ന താരമാണ് നടി രാഖി സാവന്ത്. സിനിമകളിലെ ചെറിയ വേഷങ്ങളിലൂടെയും ഡാൻസ് നമ്പറുകളിലൂടെയും പ്രേക്ഷക ശ്രദ്ധ നേടിയ താരം ബിഗ് ബോസ് മത്സരാർത്ഥിയായി എത്തിയ ശേഷമാണ് താരമായി മാറുന്നത്. പിന്നീട് പല വിവാദ പ്രസ്‍താവനകളിലൂടെയും നടി വാർത്തകളിൽ നിറയുകയായിരുന്നു. തന്റെ പ്രണയങ്ങളെ കുറിച്ചും പ്ലാസ്റ്റിക് സർജറിയെ കുറിച്ചുമൊക്കെയുള്ള നടിയുടെ തുറന്നു പറച്ചിലുകൾ ശ്രദ്ധനേടിയിട്ടുണ്ട്. ഈ തുറന്നു പറച്ചിലുകൾ കാരണം പാപ്പരാസികൾക്കും പ്രിയങ്കരിയാണ് രാഖി.
മാസങ്ങൾക്ക് മുൻപാണ് രാഖി സാവന്ത് വിവാഹിതയായെന്ന വാർത്ത പുറത്തുവന്നത്. നേരത്തെ വിവാഹം രജിസ്റ്റർ ചെയ്തിരുന്നെങ്കിലും താരം അത് മറച്ചു വയ്ക്കുകയായിരുന്നു. ആദിൽ ഖാൻ എന്ന ആളെയാണ് രാഖി വിവാഹം ചെയ്തത്. ഏറെ നാൾ നീണ്ട പ്രണയത്തിനൊടുവിലാണ് ഇവർ വിവാഹിതരായതെന്നായിരുന്നു റിപ്പോർട്ടുകൾ. എന്നാൽ അധികം വൈകാതെ ഇരുവരും വേർപിരിഞ്ഞു.

ഗുരുതരമായ ആരോപണങ്ങളാണ് രാഖി ഭർത്താവിനെതിരെ ഉന്നയിച്ചത്. ആദിൽ തന്നെ ക്രൂരമായി മർദിക്കുകയാണെന്നും അയാൾക്ക് വേറെ ബന്ധമുണ്ടെന്നുമായിരുന്നു രാഖിയുടെ ആരോപണങ്ങൾ. നടിയുടെ പരാതിയിൽ പോലീസ് ആദിലിനെതിരെ കേസെടുക്കുകയും അറസ്റ്റ് ചെയ്യുകയും ചെയ്തു. ഇതിനിടെ രാഖിയുടെ അമ്മയും മരണപ്പെട്ടു. ഈ സംഭവങ്ങളെല്ലാം രാഖിയെ തളർത്തി. ഇപ്പോൾ ആ വേദനകളെല്ലാം മറികടന്ന് ജീവിതത്തിലേക്ക് തിരികെ എത്തിയിരിക്കുകയാണ് താരം.
അതിനിടെ ഇടൈംസുമായി നടത്തിയ ഒരു സംഭാഷണത്തിൽ രാഖി പറഞ്ഞ വാക്കുകൾ ശ്രദ്ധനേടുകയാണ്. താൻ ഒരു നല്ല ആളെ കണ്ടുമുട്ടിയിട്ടുണ്ടെന്നും എന്നാൽ താൻ കടന്നു പോയ കാര്യങ്ങൾ ഭയപ്പെടുന്നതിനാൽ ഇപ്പോൾ മറ്റൊരു ബന്ധത്തിന് തയ്യാറല്ലെന്നുമാണ് രാഖി പറഞ്ഞത്. 'ഞാൻ വളരെ നല്ല ഒരാളെ കണ്ടുമുട്ടിയിട്ടുണ്ട്, പക്ഷേ ഞാൻ ഇപ്പോൾ ഒട്ടും തയ്യാറല്ല. എനിക്ക് പേടിയാണ്. എന്റെ ആദ്യ വിവാഹത്തിന് എന്ത് സംഭവിച്ചു എന്ന് നിങ്ങൾക്കറിയാമല്ലോ', രാഖി പറഞ്ഞു.
അതേസമയം നിയമപരമായി ആദിലിൽ നിന്ന് നടി വിവാഹമോചനം നേടിയിട്ടില്ല. കുറച്ചു നാളുകൾക്ക് മുൻപ് മാധ്യമങ്ങൾക്ക് നൽകിയ പ്രതികരണത്തിൽ ആദിലിന് താൻ വിവാഹമോചനം നൽകില്ലെന്ന് നടി പറഞ്ഞിരുന്നു. 'ആദിൽ മൈസൂർ ജയിലിൽ നിന്ന് വിളിച്ചു. അയാൾക്ക് ഒരവസരം കൂടി വേണമെന്ന്. ഞാൻ അയാളുടെ കാലിൽ വീഴാറുണ്ടായിരുന്നു, വീട്ടിലേക്ക് വരാൻ അഭ്യർത്ഥിച്ചിരുന്നു. എല്ലാം ഉപേക്ഷിച്ച് എന്റെ കൂടെ വരാൻ അവനോട് പറഞ്ഞിരുന്നു. അതൊന്നും അന്ന് കേട്ടില്ല',

'എന്റെ ജീവിതത്തിലേക്ക് തിരിച്ചുവരണമെങ്കിൽ ഒരിക്കലും എന്നെ ചതിക്കില്ലെന്നും ശാരീരികമായി ഉപദ്രവിക്കില്ലെന്നും എന്നിൽ നിന്ന് വാങ്ങിയ പണം തിരികെ നൽകുമെന്നും എഴുതി നൽകണമെന്ന് ഞാൻ പറഞ്ഞു, അയാൾ പറ്റില്ലെന്ന് പറഞ്ഞു. തിരിച്ചു വരുന്നത് പ്രതികാരം ചെയ്യാനും എന്നെ കൊല്ലാനും ആണെങ്കിലോ? എനിക്ക് എന്തെങ്കിലും സംഭവിച്ചാൽ ആരാണ് ഉത്തരവാദിത്തം ഏറ്റെടുക്കുക?',
'ഞാൻ അവന് ഒരിക്കലും വിവാഹമോചനം നൽകില്ല, കാരണം അവൻ മറ്റൊരു സ്ത്രീയുടെയും ജീവിതം നശിപ്പിക്കാൻ പാടില്ല. ഞാൻ ഇനി ഒരിക്കലും വിവാഹം കഴിക്കുകയോ കുഞ്ഞുങ്ങളെ കുറിച്ച് ചിന്തിക്കുകയോ ചെയ്യില്ല. എന്റെ ഡാൻസ് സ്‌കൂളിലെ വിദ്യാർത്ഥികൾ എന്റെ കുട്ടികളാണ്. മദർ തെരേസ ഒരിക്കലും വിവാഹം കഴിച്ചിട്ടില്ല, എങ്കിലും അവർ കുട്ടികളെ പരിപാലിച്ചു. ഞാൻ അവരുടെ അടുത്ത് പോലും എത്തില്ല, പക്ഷേ എനിക്കും ശ്രമിക്കാം', എന്നായിരുന്നു രാഖി സാവന്ത് പറഞ്ഞത്.


Click it and Unblock the Notifications











