സെറ്റിൽവച്ച് അപമാനിക്കപ്പെട്ടു, അവിടെനിന്നും ഇറങ്ങിയോടി; സിനിമ ഉപേക്ഷിക്കാൻ തീരുമാനിച്ചു; ശബാന ആസ്‌മി പറയുന്നു
ബോളിവുഡിലെ എവർഗ്രീൻ നായികമാരിൽ ഒരാളാണ് ശബാന ആസ്മി. 1974ൽ അങ്കുർ എന്ന സിനിമയിലൂടെയായിരുന്നു ശബാനയുടെ അരങ്ങേറ്റം. പിന്നീട് അന്തർനാട്, ശത്രഞ്ജ് കെ ഖിലാഡി, ഖന്ദർ, ജെനസിസ്, ഏക് ദിന് അചാനക്, പാർ, സതി, അർത്ഥ്, അമർ അക്ബർ അന്തോണി, പർവരീഷ്, തുടങ്ങി നിരവധി സിനിമകളിൽ ശബാന അഭിനയിച്ചു. എഴുപതുകളിലും എൺപതുകളിലും ബോളിവുഡിൽ നിറഞ്ഞുനിന്ന ശബാന അഞ്ച് തവണയാണ് മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരം സ്വന്തമാക്കിയത്. ഇന്നും സിനിമയിൽ സജീവമാണ് താരം.
അതേസമയം മറ്റു പല താരങ്ങളെയും പോലെ സിനിമയിൽ നിന്നും ചില മോശം അനുഭവങ്ങൾ ശബാനയ്ക്ക് ഉണ്ടായിട്ടുണ്ട്. അടുത്തിടെ ഒരു അഭിമുഖത്തിൽ അത്തരത്തിലൊരു സംഭവത്തെ കുറിച്ച് ശബാന പങ്കുവയ്ക്കുകയുണ്ടായി. അന്ന് എന്നെന്നേക്കുമായി സിനിമ ഉപേക്ഷിക്കുന്നതിനെ കുറിച്ച് പോലും ചിന്തിച്ചു എന്നാണ് ശബാന പറഞ്ഞത്.

1977ൽ പുറത്തിറങ്ങിയ പർവരീഷ് എന്ന സിനിമയുടെ സെറ്റിലാണ് സംഭവം. സിനിമയുടെ കൊറിയോഗ്രാഫർ ഒരു റിഹേഴ്‌സലും കൂടാതെ ഒരു ഡാൻസ് നമ്പർ ചെയ്യാൻ തന്നെ നിർബന്ധിക്കുകയും അതിന്റെ പേരിൽ സെറ്റിൽ വെച്ച് തന്നെ അപമാനിക്കുകയും ചെയ്‌തെന്ന് ശബാന പറയുന്നു. ആദി പോച്ചയ്‌ക്കൊപ്പമുള്ള ഒരു പോഡ്‌കാസ്റ്റിനിടെയാണ് ശബാന ഇക്കാര്യം പറഞ്ഞത്.
നീതു കപൂർ ആയിരുന്നു ചിത്രത്തിൽ മറ്റൊരു പ്രധാന വേഷത്തിൽ എത്തിയത്. 'എനിക്ക് അത്ര നന്നായി ഡാൻസ് അറിയാത്തതിനാൽ നിരവധി തവണ റിഹേഴ്സലിന് ആവശ്യപ്പെട്ടു എന്നാൽ കൊറിയോഗ്രാഫർ സമ്മതിച്ചില്ല. റിഹേഴ്‌സൽ ആവശ്യമില്ല. വെറുതെ കൈയടിച്ചാൽ മതിയെന്നാണ് അദ്ദേഹം പറഞ്ഞത്. ഞാൻ ശരി എന്ന് പറഞ്ഞു,'
'എന്നാൽ സെറ്റിൽ എത്തിയപ്പോൾ ഒരു മുഴുനീള ഡാൻസായിരുന്നു ചെയ്യാനുണ്ടായിരുന്നത്. നീതു സിങ്ങിന്റെ കൂടെ ആയതിനാൽ പേടി തോന്നി. ഞാൻ ഇവിടെ വലതു കാൽ ആണോ ഇടത് കാലാണോ വയ്ക്കണ്ടേ എന്ന് പഠിക്കുമ്പോഴേക്കും രണ്ടു റിഹേഴ്സൽ പൂർത്തിയാകുന്ന ആളാണ് നീതു. സ്റ്റെപ്പുകൾ കണ്ടപ്പോൾ വീണ്ടും പേടിയായി. കുറച്ച് എളുപ്പമുള്ള സ്റ്റെപ്പുകൾ ഇടമോയെന്ന് ഞാൻ കൊറിയോഗ്രാഫറോട് ചോദിച്ചു. പക്ഷേ അദ്ദേഹത്തിന്റെ പ്രതികരണം ഞെട്ടിക്കുന്നതായിരുന്നു',
'ഒരുപാട് ജൂനിയർ ആർട്ടിസ്റ്റുകളൊക്കെ ഉള്ള സെറ്റായിരുന്നു. അദ്ദേഹം ലൈറ്റ് ഓഫ് പറഞ്ഞു. ഇനി ശബാന ജി കമൽ മാസ്റ്ററെ ഡാൻസ് പഠിപ്പിക്കുന്നത് കാണാം എന്ന് എല്ലാവർക്കും മുന്നിൽ പറഞ്ഞു. എന്നെ അപമാനിക്കുന്നത് പോലെ ആയിരുന്നു, ഞാൻ സെറ്റിൽ നിന്ന് ഇറങ്ങിയോടി.
ഡാൻസിന് വേണ്ടിയുള്ള വേഷത്തിലായിരുന്നു ഞാൻ. എന്റെ കാർ അവിടെ ഇല്ലെന്നറിയാതെയാണ് പുറത്തിറങ്ങിയത്, ഒടുവിൽ ആ വേഷത്തിൽ ചെരുപ്പ് പോലുമില്ലാതെ കരഞ്ഞുകൊണ്ട് ഞാൻ വീട്ടിലേക്ക് നടന്നു. ഇനി ഒരു സിനിമയിലും അഭിനയിക്കില്ല. എനിക്ക് ഈ അപമാനം സഹിക്കേണ്ട കാര്യമില്ലെന്ന് തീരുമാനിച്ചു', ശബാന ഓർമിച്ചു.

പിന്നീട് ചിത്രത്തിന്റെ സംവിധായകൻ മൻമോഹൻ ദേശായി ശബാനയെ സമാധാനിപ്പിക്കുകയും ക്ഷമ പറഞ്ഞ് കൂട്ടിക്കൊണ്ടുവരുകയുമായിരുന്നു. ഇന്നും ഡാൻസിനെ കുറിച്ച് പറയുമ്പോൾ തനിക്ക് അന്ന് നേരിട്ട അനുഭവം ഓർമ വരാറുണ്ടെന്ന് ശബാന പറയുന്നു. പിന്നീട് ഡാൻസിൽ താൻ മെച്ചപ്പെട്ടെങ്കിലും ആ പേടി ഉണ്ടാകാറുണ്ടെന്ന് നടി വ്യക്തമാക്കി.
അതേസമയം, റോക്കി ഔർ റാണി കി പ്രേം കഹാനിയാണ് ശബാനയുടെ ഏറ്റവും പുതിയ ചിത്രം. രൺവീർ സിംഗ്, ആലിയ ഭട്ട്, ധർമ്മേന്ദ്ര, ജയ ബച്ചൻ, എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. കരൺ ജോഹർ ആണ് സംവിധാനം.


Click it and Unblock the Notifications