'ഷാരൂഖിനെ ആവർത്തിച്ച് തല്ലേണ്ടി വന്നു; അവസാനം പൊട്ടിക്കരഞ്ഞു'; അനുഭവം പങ്കുവച്ച് സുചിത്ര കൃഷ്ണമൂർത്തി
മലയാള സിനിമയിൽ നിന്ന് കരിയർ ആരംഭിച്ച് പിന്നീട് ബോളിവുഡിൽ നിരവധി സിനിമകൾ ചെയ്ത നടിയാണ് സുചിത്ര കൃഷ്ണമൂർത്തി. 1991 ൽ പുറത്തിറങ്ങിയ കിലുക്കാംപെട്ടി എന്ന ജയറാം ചിത്രത്തിലൂടെ ആയിരുന്നു സുചിത്രയുടെ അരങ്ങേറ്റം. പിന്നീട് തമിഴിൽ അഭിനയിച്ച നടി അതിനു ശേഷമാണ് ബോളിവുഡിലെത്തുന്നത്. ഷാരൂഖ് ഖാൻ നായകനായ കഭി ഹാൻ കഭി നാ എന്ന സിനിമയിലൂടെ ആയിരുന്നു സുചിത്രയുടെ ബോളിവുഡിലെ തുടക്കം.
കുന്ദൻ ഷാ സംവിധാനം ചെയ്ത് 1994-ൽ പുറത്തിറങ്ങിയ ഈ റൊമാന്റിക് കോമഡി ചിത്രം വലിയ ഹിറ്റായി മാറി. അതോടെ കൂടുതൽ അവസരങ്ങൾ സുചിത്രയ്ക്ക് ബോളിവുഡിൽ നിന്ന് ലഭിച്ചു. എന്നാൽ സുചിത്രയുടേതായി പ്രേക്ഷകർ ഇന്നും ഓർത്തിരിക്കുന്ന ചിത്രം കഭി ഹാൻ കഭി നാ തന്നെയാണ്. ഇപ്പോഴിതാ ചിത്രത്തിൽ അഭിനയിച്ച അനുഭവം പങ്കുവച്ചിരിക്കുകയാണ് സുചിത്ര.

സിനിമയിൽ ഷാരൂഖ് ഖാനെ തല്ലുന്ന ഒരു രംഗമുണ്ടായിരുന്നു. അത് ചെയ്യാൻ തനിക്ക് ഒട്ടും എളുപ്പമായിരുന്നില്ലെന്ന് സുചിത്ര പറയുന്നു. ഒന്നിലധികം ടേക്കുകൾക്കും ഒരുപാട് കരച്ചിലുകൾക്കും ശേഷമാണ് ആ രംഗം താൻ പൂർത്തിയാക്കിയതെന്ന് സുചിത്ര ഓർക്കുന്നു. ബോളിവുഡ് ഹംഗാമയ്ക്ക് നൽകിയ അഭിമുഖത്തിലാണ് സുചിത്ര ഇക്കാര്യം പറഞ്ഞത്.
ചിത്രത്തിൽ അന്ന എന്ന കഥാപാത്രമായിരുന്നു സുചിത്രയുടേത്. സുനിൽ എന്ന കഥാപാത്രത്തെയാണ് ഷാരൂഖ് അവതരിപ്പിച്ചത്. ഷാരൂഖിനെ തല്ലുന്ന സീക്വൻസിനായി ടീം ഒരുപാട് ടേക്കുകൾ പോയെന്നും അത് തനിക്ക് ചെയ്ത് പൂർത്തിയാക്കാൻ പ്രയാസമായിരുന്നു എന്നും സുചിത്ര പറയുന്നു.
'ഞാൻ കരയാൻ തുടങ്ങി, കാരണം എനിക്ക് ഷാരൂഖിനെ തല്ലേണ്ടി വന്നു, അതും ഒന്നിന് പുറകെ ഒന്നായി. അവസാനം, ഞാൻ പൊട്ടിക്കരഞ്ഞു, കാരണം എനിക്ക് അത് വീണ്ടും ചെയ്യാൻ കഴിയില്ലായിരുന്നു. 'ഞാനെങ്ങനെ ഒരാളെ തല്ലും?' കുന്ദൻ അത് ഒറിജിനൽ അടി തന്നെ ആയിരിക്കണം എന്ന് പറഞ്ഞിരുന്നു, അല്ലാതെ അടിക്കുന്ന പോലെ അഭിനയിച്ചിട്ട് കാര്യമില്ലെന്ന് പറഞ്ഞു. ഷാരൂഖ് ഒരു മാന്യനായിരുന്നു, അതുകൊണ്ട് അദ്ദേഹം ഒന്നും പറഞ്ഞില്ല, പക്ഷേ എനിക്ക് അദ്ദേഹത്തിന്റെ മനസ് കാണാൻ കഴിയുമായിരുന്നു,'

'ഞാൻ പൊട്ടിക്കരഞ്ഞുകൊണ്ട് പറഞ്ഞു, എനിക്ക് ഇനി അത് ചെയ്യാൻ കഴിയില്ല! അപ്പോഴേയ്ക്കും കുന്ദൻ ആ ഷോട്ട് എടുത്തു, പക്ഷേ അത് വളരെ വേദനാജനകമായ സംഭവം ആയിരുന്നു. ഷാരൂഖ് അഭിനയത്തിൽ വിദഗ്ധനാണ്, പക്ഷേ എനിക്ക് അത് ചെയ്യാൻ കഴിയാത്തതിനാൽ ഞാൻ പൊട്ടിക്കരഞ്ഞു,' സുചിത്ര കൃഷ്ണമൂർത്തി ഓർമിച്ചു.
ഷാരൂഖിന്റെ ആദ്യകാല സിനിമകളിലൊന്നാണ് കഭി ഹാൻ കഭി നാ. സിനിമയിലെ ഷാരൂഖിന്റെ പ്രകടനം കരിയറിലെ തന്നെ ഏറ്റവും മികച്ച പ്രകടനങ്ങളിലൊന്നായാണ് ഇപ്പോഴും കണക്കാക്കുന്നത്. തന്റെ ഇഷ്ടചിത്രമാണ് ഇതെന്ന് ഷാരൂഖും മുൻപ് പറഞ്ഞിട്ടുണ്ട്. അതേസമയം, അനിൽ കപൂർ അഭിനയിച്ച മൈ വൈഫ്സ് മർഡർ, റാൻ, റോമിയോ അക്ബർ വാൾട്ടർ തുടങ്ങിയ സിനിമകളിലാണ് സുചിത്ര പിന്നീട് തിളങ്ങിയത്. അടുത്തിടെ ആമസോൺ പ്രൈം വീഡിയോയിൽ സ്ട്രീമിങ് ആരംഭിച്ച ഗിൽറ്റി മൈൻഡ്‌സ് എന്ന വെബ് സീരീസിലാണ് സുചിത്ര അവസാനമായി അഭിനയിച്ചത്.


Click it and Unblock the Notifications