ആരും അറിഞ്ഞില്ല, വീട്ടുകാരോട് പോലും അനുഷ്‌ക ആ രഹസ്യം മറച്ചുവച്ചു; വലിയ വീഴ്ചയില്‍ രക്ഷകനായി ഷാരൂഖ്
ബോളിവുഡിലെ ഏറ്റവും കരുത്തരായ നിര്‍മ്മാണ കമ്പനികളിലൊന്നാണ് യഷ് രാജ് ഫിലിംസ്. ബോളിവുഡിലെ എക്കാലത്തേയും വലിയ വിജയങ്ങളില്‍ യഷ് രാജ് ചിത്രങ്ങളും കുറേയുണ്ട്. ഷാരൂഖ് ഖാന്‍ അടക്കമുള്ള താരങ്ങളുടെ വളര്‍ച്ചയില്‍ പോലും യഷ് രാജിനുള്ള പങ്ക് വളരെ വലുതാണ്. 1970 യഷ് ചോപ്രയായിരുന്നു വൈ ആര്‍ എഫിന് തുടക്കമിടുന്നത്. പിന്നീട് യഷ് രാജിനൊപ്പം ബോളിവുഡും വളരുകയായിരുന്നു.
തുടക്കകാലത്ത് നിര്‍മ്മിച്ച ദാഗ്, ചാന്ദ്‌നി, ദില്‍വാലെ ദുല്‍ഹനിയ ലേ ജായേംഗെ, ഡര്‍, ദില്‍ തോ പാഗല്‍ ഹേ തുടങ്ങിയ സിനിമകളൊക്കെ ബോളിവുഡിലെ ഐക്കോണിക് ചിത്രങ്ങളും മഹാ വിജയങ്ങളുമായിരുന്നു. എന്നാല്‍ പിന്നീട് വന്‍ ബജറ്റിലൊരുക്കിയ സിനിമകള്‍ ഒന്നായി പരാജയപ്പെടുന്നത് കാണേണ്ടി വന്നിരുന്നു യഷ് രാജ് ഫിലിംസിന്.

2007 മുതല്‍ 2010 വരെയുള്ള കാലം വൈ ആര്‍ എഫിനെ സംബന്ധിച്ച് നഷ്ടങ്ങളുടേത് മാത്രമായിരുന്നു. ദശലക്ഷ കണക്കിന് പണം ഈ സമയത്ത് നഷ്ടം വന്നു. ഈ സമയത്താണ് യഷ് ചോപ്രയുടെ മകന്‍ ആദിത്യ ചോപ്ര കമ്പനിയുടെ വൈസ് ചെയര്‍മാന്‍ സ്ഥാനത്തേക്ക് എത്തുന്നത്. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ഡോക്യുമെന്ററിയില്‍ ആ കാലത്തെക്കുറിച്ച് വിശദമായി തന്നെ ആദിത്യ ചോപ്ര സംസാരിക്കുന്നുണ്ട്.
ദ റൊമാന്റിക്‌സ് എന്ന ഡോക്യുമെന്ററിയിലാണ് താന്‍ കമ്പനിയിലേക്ക് കടന്നു വരാനുണ്ടായ സാഹചര്യത്തെക്കുറിച്ച് ആദിത്യ സംസാരിക്കുന്നത്. ഈ സമയത്ത് തങ്ങള്‍ക്ക് പ്രതീക്ഷയുടെ കിരണമായി മാറിയത് ഷാരൂഖ് ഖാന്‍ നായകനായ ചിത്രമാണെന്നാണ് ആദിത്യ ചോപ്ര പറയുന്നത്. ഷാരൂഖ് ഖാനും അനുഷ്‌ക ശര്‍മയും പ്രധാന വേഷത്തിലെത്തിയ രബ്‌നെ ബനാദി ജോഡിയായിരുന്നു ആ ചിത്രം.
അനുഷ്‌കയുടെ അരങ്ങേറ്റ ചിത്രം കൂടെയായിരുന്നു രബ്‌നെ ബനാദി ജോഡി. അനുഷ്‌കയ്ക്ക് സ്വപ്‌ന തുല്യമായ വിജയം സമ്മാനിച്ച ചിത്രം വൈ ആര്‍ എഫിന്റെ തിരിച്ചുവരവിനും കാരണമായി മാറി. തങ്ങളുടെ കമ്പനിയ്ക്ക് ശക്തമായ തിരിച്ചുവരവ് അത്യാവശ്യമായിരുന്ന സമയത്താണ് താന്‍ ലണ്ടനിലേക്ക് പോകുന്നതെന്നും തിരികെ വന്നത് രബ്‌നെ ബനാദി ജോഡിയുടെ കഥയുമായിട്ടാണെന്നുമാണ് ആദിത്യ ചോപ്ര പരയുന്നു.
''ഞങ്ങളുടെ കമ്പനിയ്‌ക്കൊരു വലിയ വിജയം അത്യാവശ്യമായിരുന്നു. അത് ഞാന്‍ തന്നെ ചെയ്യണമായിരുന്നു'' എന്നാണ് ആദിത്യ പറയുന്നത്. അതേസമയം സിനിമയുടെ കഥാതന്തുവിനെക്കുറിച്ച് എല്ലാവര്‍ക്കും സംശയമുണ്ടായിരുന്നതായും ആദിത്യ പറയുന്നു. അനുഷ്‌കയുടെ കഥാപാത്രം വേഷം മാറി വന്നിരിക്കുന്നത് ഷാരൂഖ് ഖാന്‍ തന്നെയാണ് എന്ന് തിരിച്ചറിയാതെ പോവുക എങ്ങനെയായിരിക്കും എന്നായിരുന്നു പലരും ചോദിച്ചിരുന്നത്.
അനുഷ്‌കയുടെ അരങ്ങേറ്റ ചിത്രമായിരുന്നു രബ്‌നെ ബനാദി ജോഡി. അന്ന് താരത്തിന്റെ പ്രായം 19 വയസായിരുന്നു. സിനിമ റിലീസാകുന്നത് വരെ താനാണ് ചിത്രത്തിലെ നായികയെന്ന കാര്യം പുറത്ത് വിടരുതെന്ന് ആദിത്യ നിര്‍ബന്ധം കാണിച്ചിരുന്നുവെന്നാണ് അനുഷ്‌ക ശര്‍മ പറയുന്നത്. എന്തിന് ഏറെ പറയുന്നു, സ്വന്തം മാതാപിതാക്കളോട് പോലും ഈ വിവരം പറയരുതെന്ന് അദ്ദേഹം നിര്‍ബന്ധിച്ചതായാണ് അനുഷ്‌ക പറയുന്നത്.
'' ആ സിനിമയില്‍ അഭിനയിക്കാന്‍ നേരം എനിക്ക് 19 വയസ് മാത്രമാണുള്ളത്. എന്റെ ആദ്യത്തെ സിനിമ. ആദി എന്നോട് പറഞ്ഞത് ആരോടും പറയരുത് എന്നായിരുന്നു. ആര്‍ക്കും അറിയില്ലായിരുന്നു. ഓഫീസില്‍ പോലും ആരും ഒന്നും പറയാന്‍ അനുവദിക്കപ്പെട്ടിരുന്നില്ല. വലിയ രഹസ്യമായിരുന്നു. എന്റെ അച്ഛനോടും അമ്മയോടും പോലും പറയരുതെന്ന് ആദി പറഞ്ഞു'' എ്ന്നാണ് അനുഷ്‌ക ഓര്‍ക്കുന്നത്.

മുംബൈ ഭീകരാക്രമണ സമയത്തായിരുന്നു ചിത്രത്തിന്റെ റിലീസ് തീരുമാനിച്ചിരുന്നത്. നഗരം നിശ്ചലമായിരിക്കുന്ന ഈ സമയത്ത് സിനിമയുടെ റിലീസ് മാറ്റിവെക്കാന്‍ പലരും തന്നോട് പറഞ്ഞുവെന്നും എന്നാല്‍ മുന്നേ തീരുമാനിച്ച തിയ്യതിയില്‍ തന്നെ സിനിമ ഇറക്കുമെന്നതില്‍ ഉറച്ചു നിന്നുവെന്നുമാണ് ആദിത്യ പറയുന്നത്. അങ്ങനെ സിനിമയെത്തുകയും ചിത്രം വലിയ വിജയമായി മാറുകയും ചെയ്തു. ഇതോടെ വൈആര്‍എഫ് തിരികെ വരികയും ചെയ്തു.


Click it and Unblock the Notifications