'സീനത്തിനെ തല്ലി കാഴ്ച്ച ഇല്ലാതാക്കിയിട്ടില്ല, എന്നെ ആരും കേട്ടില്ല'; വര്‍ഷങ്ങള്‍ക്ക് ശേഷം സഞ്ജയ് ഖാന്‍
വിവാദങ്ങള്‍ നിറഞ്ഞതായിരുന്നു സീനത്ത് അമന്റേയും സഞ്ജയ് ഖാന്റേയും വിവാഹ ബന്ധം. 1978 ലാണ് സീനത്തും സഞ്ജയ് ഖാനും വിവാഹിതരാകുന്നത്. സീനത്തിനെ വിവാഹം കഴിക്കുമ്പോള്‍ സഞ്ജയ് വിവാഹിതനായിരുന്നു. അതുകൊണ്ട് തന്നെ താര വിവാഹം വിവാദമായി മാറി. എന്നാല്‍ സീനത്ത്-സഞ്ജയ് വിവാഹത്തിന് അധികനാള്‍ ആയുസുണ്ടായിരുന്നില്ല. സഞ്ജയ് ഖാനില്‍ നിന്നും നേരിട്ട കടുത്ത ഗാര്‍ഹിക പീഡനങ്ങളാണ് സീനത്ത് ബന്ധം അവസാനിപ്പിക്കാന്‍ കാരണം എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. ഇപ്പോഴിതാ തനിക്കെതിരെയുള്ള ഗാര്‍ഹിക പീഡന വാര്‍ത്തകളോട് പ്രതികരിക്കുകയാണ് സഞ്ജയ് ഖന്ന.
റിപ്പോര്‍ട്ടുകള്‍ പ്രകാരം സഞ്ജയ് സീനത്തിനെ മര്‍ദ്ദിക്കുന്നത് പതിവായിരുന്നു. ഒരിക്കല്‍ സീനത്തിനെ സഞ്ജയ് ശക്തമായി കരണത്തടിച്ചതിന്റെ ഫലമായി സീനത്തിന് ഒരു കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടുവെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇപ്പോഴിതാ ഈ സംഭവങ്ങളില്‍ തന്റെ ഭാഗം തുറന്നു പറയുകയാണ് സഞ്ജയ് ഖാന്‍. സീനത്തിനെ താന്‍ തല്ലിയിട്ടില്ലെന്നാണ് അദ്ദേഹം പറയുന്നത്. ഒരു റേഡിയോയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് സഞ്ജയ് ഖാന്‍ പ്രതികരിക്കുന്നത്.

നാളിതുവരെ തന്റെ ഭാഗം എന്താണെന്ന് ആരും ചോദിച്ചിട്ടില്ല. തനിക്ക് എന്താണ് പറയാനുള്ളതെന്നും ആരും കേട്ടിട്ടല്ല. അന്നത്തെ സംഭവങ്ങള്‍ തന്നെ വല്ലാതെ തളര്‍ത്തിയെന്നും താന്‍ സിനിമ ചെയ്യുന്നത് പോലും നിര്‍ത്തിയെന്നുമാണ് സഞ്ജയ് ഖാന്‍ പറയുന്നത്. ഹിറ്റ് ചിത്രമായ അബ്ദുള്ളയ്ക്ക് ശേഷം തനിക്ക് വന്ന ഓഫറുകളെല്ലാം താന്‍ നിരസിക്കുകയായിരുന്നു എന്നാണ് സഞ്ജയ് ഖാന്‍ പറയുന്നത്. അത്രത്തോളം ആ വാര്‍ത്തകള്‍ തന്നെ ബാധിച്ചിരുന്നുവെന്നാണ് അദ്ദേഹം പറയുന്നത്.
''അബ്ദുള്ളയ്ക്ക് ശേഷം നിരവധി നിര്‍മ്മാതാക്കളില്‍ നിന്നും വലിയ സിനിമകളുടെ ഓഫറുകള്‍ എനിക്ക് വന്നിരുന്നു. പക്ഷെ ഞാന്‍ അതൊന്നും സ്വീകരിച്ചില്ല. നാല് വര്‍ഷം ഞാന്‍ എല്ലാത്തില്‍ നിന്നും അകന്നു നിന്നു. കഥകള്‍ എല്ലാം ഒരുഭാഗത്തു നിന്നുള്ളത് ആയിരുന്നു. അത് എന്നെ വല്ലാതെ വേദനിപ്പിച്ചു. എന്താണ് സംഭവിച്ചതെന്ന് ഒരാള്‍ പോലും എന്നോട് ചോദിച്ചില്ല'' എന്നാണ് സഞ്ജയ് ഖാന്‍ പറയുന്നത്. തനിക്കെതിരായ പിആര്‍ സ്ട്രാറ്റജിയായിരുന്നു ആ കഥകളെല്ലാം എന്നാണ് സഞ്ജയ് ഖാന്‍ ആരോപിക്കുന്നത്.
സീനത്ത് അമന്റെ ഒരു കണ്ണിന്റെ കാഴ്ച നഷ്ടപ്പെടാന്‍ കാരണം താന്‍ ആണെന്ന് പറഞ്ഞു. പക്ഷെ അത് ശരിയല്ലെന്നാണ് അദ്ദേഹം പറയുന്നത്. 1981 മുതല്‍ 1984 വെ സീനത്ത് സജീവമായി തന്നെ സിനിമകള്‍ ചെയ്തിരുന്നു. ആ സമയത്തൊന്നും അവര്‍ കണ്ണിന് എന്തെങ്കിലും പ്രശ്‌നമുള്ളതായി പരാതിപ്പെട്ടിരുന്നില്ല എന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നുണ്ട്. പിന്നീടാണ് കണ്ണിന് പ്രശ്‌നങ്ങള്‍ തുടങ്ങുന്നത്. എന്നാല്‍ അത് പാരമ്പര്യ പ്രശ്‌നമാണെന്നും താന്‍ അല്ല ഉത്തരവാദിയെന്നുമാണ് സഞ്ജയ് ഖാന്‍ പറയുന്നത്.

''അത് പാരമ്പര്യമാണ്. പക്ഷെ ഞാന്‍ അവളുടെ കരണത്തടിച്ചുവെന്നാണ് പറയപ്പെട്ടത്. ഞാന്‍ ഒരിക്കലും അവളുടെ കരണത്ത് അടിച്ചിട്ടില്ല. ഇത് ദൈവദോഷമാണ്. എന്റെ കൂടെ അഭിനയിച്ചിട്ടുള്ള നടിമാരെ ആദരവോടെയാണ് ഞാന്‍ കണ്ടിട്ടുള്ളത്. ഒരാളുമായും പ്രശ്‌നങ്ങള്‍ ഉണ്ടായിട്ടില്ല'' എന്നും സഞ്ജയ് ഖാന്‍ പറയുന്നുണ്ട്. തനിക്കെതിരെ ഒരു പത്ര പ്രവര്‍ത്തകന്‍ ബോധപൂര്‍വ്വം കുപ്രചരണം നടത്തുകയായിരുന്നു എന്നും അദ്ദേഹം ആരോപിക്കുന്നുണ്ട്.
താന്‍ സീനത്തിനെ തല്ലിയെന്ന വാര്‍ത്തകള്‍ വലിയ വിവാദമായി മാറിയ സമയത്ത് തന്റെ ഏറ്റവും അടുത്ത സുഹൃത്തുക്കളായിരുന്ന രാജ് കപൂറും ദേവ് ആനന്ദും തന്നെ ഒരിക്കല്‍ പോലും തന്നെ വിളിച്ചിട്ടില്ലെന്നും അദ്ദേഹം പറയുന്നുണ്ട്. ''ഞാന്‍ അവളെ എന്തെങ്കിലും ചെയ്തിട്ടുണ്ടെന്ന് അവര്‍ക്ക് തോന്നിയിരുന്നുവെങ്കില്‍ അവര്‍ എന്നോട് ചോദിച്ചേനെ. പ്രത്യേകിച്ചും രാജ് ജീ. ഞാന്‍ ജീവിതത്തില്‍ ആരേയും ഉപദ്രവിച്ചിട്ടില്ല. അവളെ വേദനിപ്പിക്കുകയോ മാനസികമായി ബുദ്ധിമുട്ടിക്കുകയോ ചെയ്തിട്ടില്ല. അതെല്ലാം വണ്‍സൈഡ് കഥകളായിരുന്നു'' എന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.


Click it and Unblock the Notifications











