ആണ്‍കുട്ടിയായി ജീവിക്കേണ്ടി വന്നു, മുടി നീട്ടാന്‍ പോലും അനുവദിച്ചില്ല; അന്നത്തെ 'ബാല നടന്‍' ഇന്ന് യുവനടി
സിനിമയിലും ഒടിടി സീരീസുകളിലുമൊക്കെയായി നിറഞ്ഞു നില്‍ക്കുന്ന യുവനടിയാണ് എഹ്‌സാസ് ഛന്ന. അതേസമയം ബോളിവുഡ് ആരാധകരെ സംബന്ധിച്ച് എഹ്‌സാസ് ഇന്നും കൊച്ചുകുട്ടിയാണ്. കഭി അല്‍വിദ ന കെഹ്ന, വാസ്തു ശാസ്ത്ര, ആര്യന്‍, മൈ ഫ്രണ്ട് ഗണേഷ്, ഫൂങ്ക് തുടങ്ങിയ സിനിമകളില്‍ ബാലതാരമായി അഭിനയിച്ച് കയ്യടി നേടിയിട്ടുള്ള താരമാണ് എഹ്‌സാസ്.
ബാലതാരമായിരിക്കുമ്പോള്‍ പെണ്‍കുട്ടികള്‍ ആണ്‍കുട്ടികളായി അഭിനയിക്കുന്നത് പതിവാണ്. അങ്ങനെ ആണ്‍കുട്ടിയായി അഭിനയിച്ചിട്ടുണ്ട് എഹ്‌സാസ്. വാസ്തു ശാസ്ത്ര എന്ന ചിത്രത്തില്‍ സുസ്മിത സെന്നിന്റേയും ജെഡി ചക്രവര്‍ത്തിയുടേയും മകനായി അഭിനയിച്ചായിരുന്നു എഹ്‌സാസിന്റെ തുടക്കം. സിനിമ ഹിറ്റായതോടെ എഹ്‌സാസിനെ തേടി കൂടുതല്‍ സിനിമകളെത്തി.

എന്നാല്‍ പിന്നീട് എഹ്‌സാസിന് വന്നതെല്ലാം ആണ്‍കുട്ടിയുടെ വേഷങ്ങളായിരുന്നു. കഭി അല്‍വിദ നാ കെഹ്നയിലെ ആണ്‍കുട്ടിയുടെ വേഷം വലിയ ഹിറ്റായി മാറുകയും ചെയ്തു. വര്‍ഷങ്ങള്‍ക്ക് ശേഷം രാം ഗോപാല്‍ വര്‍മ സംവിധാനം ചെയ്ത ഫൂങ്ക് എന്ന ചിത്രത്തിലാണ് ആണ്‍കുട്ടിയുടെ വേഷത്തില്‍ നിന്നും എഹ്‌സാസിന് മോചനം ലഭിക്കുന്നത്. ഇപ്പോഴിതാ ആണ്‍കുട്ടിയായി അഭിനയിക്കേണ്ടി വന്നത് തന്നെ എങ്ങനെയാണ് ബാധിച്ചതെന്ന് തുറന്നു പറയുകയാണ് എഹ്‌സാസ്. ബോളിവുഡ് ബബ്ബിളിന് നല്‍കിയ അഭിമുഖത്തിലാണ് താരം മനസ് തുറന്നത്.
''എനിക്ക് നാല് വയസുള്ളപ്പോഴാണ് ആണ്‍കുട്ടിയായി അഭിനിക്കാന്‍ അവര്‍ എന്റെ അമ്മയെ സമ്മതിപ്പിക്കുന്നത്. അവള്‍ക്ക് നാല് വയസല്ലേയുള്ളൂ, എന്താണ് കുഴപ്പമെന്നാണ് ചോദിച്ചത്. വാസ്തു ശാസ്ത്ര ഹിറ്റായി. പുതിയൊരു കുട്ടി വന്നിട്ടുണ്ടെന്ന് എല്ലാവരും പറയാന്‍ തുടങ്ങി. ബാലതാരങ്ങളെ കണ്ടെത്തുക കുറച്ച് ബുദ്ധിമുട്ടാണെന്നതും ശ്രദ്ധേയമാണ്. പിന്നാലെ കഭി അല്‍വിദ ന കെഹ്ന വന്നു. അത് വലിയ സിനിമയായിരുന്നു. അതിന് ശേഷം ഇന്‍ഡസ്ട്രി എന്നെ മുടി വളര്‍ത്താന്‍ പോലും അനുവദിച്ചില്ല. കൊച്ചുകുട്ടിയായ എന്നെ അത് മാനസികമായി ബാധിച്ചേനെ'' എഹ്‌സാസ് പറയുന്നു.
''പക്ഷെ ഞാന്‍ ആരെന്ന ബോധ്യം എനിക്കുണ്ടായിരുന്നു. ഞാനൊരു പെണ്‍കുട്ടിയാണെന്ന് എനിക്കറിയാമായിരുന്നു. എന്റെ അമ്മയും അത് നിരന്തരം ഓര്‍മ്മപ്പെടുത്തി. അതിനാല്‍ ഐഡന്റിറ്റിയുടെ കാര്യത്തില്‍ സംശയം തോന്നിയിരുന്നില്ല. സ്‌കൂളില്‍ പോയതും സെറ്റില്‍ ജോലി ചെയ്തതും പെണ്‍കുട്ടിയായി തന്നെയാണ്. മറ്റേത് അഭിനയം മാത്രമാണെന്നും ജോലിയാണെന്നും എന്നെ ബോധ്യപ്പെടുത്തിയിരുന്നു. അതിനാല്‍ ആശയക്കുഴപ്പമുണ്ടായില്ല. അതിനുള്ള സാധ്യതയുണ്ടായിരുന്നു. പക്ഷെ എനിക്ക് സംഭവിച്ചില്ല'' എന്നും എഹ്‌സാസ് പറയുന്നുണ്ട്.

ആണ്‍കുട്ടിയായി അഭിനയിക്കുന്നതിനോട് തനിക്കും അമ്മയ്ക്കും താല്‍പര്യമുണ്ടായിരുന്നില്ല. എന്നാല്‍ ഷാരൂഖ് ഖാന്റെ കൂടെ അഭിനയിക്കാനുള്ള അവസരം തള്ളിക്കളയാന്‍ സാധിക്കുന്നത് ആയിരുന്നില്ല. അതിനാലാണ് കഭി അല്‍വിദ നാ കെഹ്ന ചെയ്യാന്‍ തയ്യാറായതെന്നാണ് എഹ്‌സാസ് പറയുന്നത്. തുടര്‍ന്നും കരിയറില്‍ ലഭിച്ചത് നല്ല വേഷങ്ങളായിരുന്നുവെന്നും അതിനാണ് ചെയ്തതെന്നും താരം പറയുന്നു.
ഇന്ന് ഒടിടി ലോകത്തെ താരമാണ് എഹ്‌സാസ്. സിസ്‌റ്റേഴ്‌സ്, കോട്ട ഫാക്ടറി, ഹോസ്റ്റല്‍ ഡേയ്‌സ് തുടങ്ങി നിരവധി സീരീസുകളില്‍ അഭിനയിച്ച് കയ്യടി നേടിയിട്ടുണ്ട് എഹ്‌സാസ്. സോഷ്യല്‍ മീഡിയയിലും സജീവമാണ് താരം.


Click it and Unblock the Notifications