മകൾ വലുതായല്ലോ, ഇത് നിർത്താറായില്ലേ! എന്തിനാണ് ഇങ്ങനെ ചെയ്യുന്നത്; ഐശ്വര്യയ്ക്ക് വിമർശനം
ഇന്ത്യൻ സിനിമ ഏറ്റവും കൂടുതൽ ആഘോഷിച്ചിട്ടുള്ള നായികമാരിൽ ഒരാളാണ് ഐശ്വര്യ റായ്. ഐശ്വര്യയോളം ഇന്ത്യന്‍ ജനതയെ സ്വാധീനിച്ച മറ്റൊരു നായികയുണ്ടോ എന്നത് സംശയമാണ്. ലോകസുന്ദരി പട്ടം നേടി സിനിമയിലെത്തിയ ഐശ്വര്യ തന്റെ കരിയറിന്റെ തുടക്കം മുതല്‍ക്കെ തന്റെ സമകാലികരെയെല്ലാം പിന്നിലാക്കിയാണ് കുതിച്ചത്. ഓണ്‍ സ്‌ക്രീനില്‍ മിന്നും പ്രകടനങ്ങൾ കാഴ്ചവെച്ച ഐശ്വര്യയ്ക്ക് കൈനിറയെ അവസരങ്ങൾ ലഭിച്ചു.
എന്നാൽ മകൾ ആരാധ്യ ജനിച്ച ശേഷം കരിയറിലെ തിരക്കുകൾ കുറച്ചിരിക്കുകയാണ് ഐശ്വര്യ. അമ്മയായ ശേഷം വെറും അഞ്ച് സിനിമകൾ മാത്രമാണ് ഐശ്വര്യ റായ് ചെയ്തിട്ടുള്ളത്. ലോകസുന്ദരിയെന്ന് ഇന്നും ആരാധകർ വാഴ്ത്തുന്ന ഐശ്വര്യ പേരിനും പ്രശസ്തിക്കും അപ്പുറം കുടുംബജീവിതത്തിന് പ്രാധാന്യം നൽകുകയായിരുന്നു. എത്ര തിരക്കായാലും മകളെ പിരിഞ്ഞിരിക്കാൻ ആഗ്രഹിക്കാത്ത അമ്മയാണ് ഐശ്വര്യ റായ്.

സിനിമയുമായി ബന്ധപ്പെട്ട പരിപാടികൾ മുതൽ ഫാഷൻ വേദികളിൽ വരെ മകളെ ഐശ്വര്യ ഒപ്പം കൂട്ടാറുണ്ട്. മകളെ സ്‌കൂളില്‍ കൊണ്ടു വിടുകയും കൂട്ടി കൊണ്ട് വരികയുമൊക്കെ ചെയ്യുന്നതും ഐശ്വര്യ തന്നെയാണ്. ഇതിന്റെ വീഡിയോകളും ചിത്രങ്ങളുമൊക്കെ പലപ്പോഴും വൈറലായി മാറിയിട്ടുണ്ട്. എപ്പോഴും ലൈം ലെെറ്റിൽ അമ്മയ്ക്കൊപ്പം കാണുന്നതിനാൽ തന്നെ ആരാധ്യ ബി ടൗൺ മാധ്യമങ്ങളിൽ ചർച്ചയാകാറുമുണ്ട്. അതേസമയം ഐശ്വര്യയ്ക്ക് മകളോടുള്ള സമീപനം വലിയ രീതിയിലുള്ള വിമർശനങ്ങൾക്കും കാരണമായിട്ടുണ്ട്.
പതിനൊന്ന് വയസ് കഴിഞ്ഞിട്ട് മകളെ ഇപ്പോഴും തന്റെ നിഴലിൽ നിർത്തിയേക്കുന്നു എന്നതാണ് ഐശ്വര്യക്കെതിരെ സോഷ്യൽ മീഡിയയിൽ പ്രധാനമായും ഉയരുന്ന വിമർശനം. ഐശ്വര്യ മകളെ എപ്പോഴും ലൈം ലൈറ്റിൽ നിർത്തുന്നത് മകൾക്ക് മറ്റ് കുട്ടികളെ പോലെയുള്ള സ്വാഭാവിക ജീവിതം ഇല്ലാതാക്കുന്നെന്ന അഭിപ്രായങ്ങളും ഉയരാറുണ്ട്. എപ്പോഴും മകളുടെ കൈപിടിച്ചു നടക്കുന്നതും വിമർശനങ്ങൾക്ക് കാരണമായിട്ടുണ്ട് എന്നാൽ ഇത്തരം വിമർശനങ്ങളെയാെന്നും ഐശ്വര്യ കാര്യമാക്കാറില്ല.
ഇപ്പോഴിതാ ഐശ്വര്യയുടെയും ആരാധ്യയുടെയും പുതിയ വീഡിയോയും വിമർശനങ്ങൾ ഏറ്റുവാങ്ങുകയാണ്. ഐശ്വര്യ റായിയും ആരാധ്യയും ഇന്ന് പുലർച്ചെ മുംബൈ വിമാനത്താവളത്തിൽ എത്തിയപ്പോഴുള്ള വീഡിയോയാണ് ചർച്ചയാകുന്നത്. ആരാധ്യക്ക് ഒപ്പം വിമാനത്താവളത്തിലേക്ക് കാറിൽ വന്നിറങ്ങിയ ഐശ്വര്യയും മകളും പാപ്പരാസികൾക്ക് മുന്നിൽ ഫോട്ടോയ്ക്ക് പോസ് ചെയ്ത് നടന്നു നീങ്ങുന്നതാണ് വീഡിയോയിൽ. മകളെ ഒരു കയ്യിൽ മുറുകെ പിടിച്ച് പാപ്പരാസികളെ അഭിവാദ്യം ചെയ്ത കൊണ്ടാണ് ഐശ്വര്യ നടന്നു നീങ്ങിയത്.
പൊതുവെ കാണാറുള്ളത് പോലെ, കറുത്ത സ്വെറ്ററും അതിനു ചേരുന്ന പാന്റും ഷൂവും ധരിച്ചാണ് ഐശ്വര്യ വിമാനത്താവളത്തിൽ എത്തിയത്. അവൾ ഒരു കോട്ടും ബാഗും ഐശ്വര്യയുടെ കയ്യിൽ ഉണ്ടായിരുന്നു. നീല സ്വെറ്ററും കറുത്ത പാന്റും ഷൂവുമായിരുന്നു ആരാധ്യ ബച്ചന്റെ വേഷം. കയ്യിൽ ഒരു ബാഗും താരപുത്രി കയ്യിൽ കരുതിയിരുന്നു.

മകളുടെ കയ്യിൽ നിന്നും വിടാത്തതിനാണ് ഐശ്വര്യയെ ആരാധകർ വിമർശിക്കുന്നത്. പല തവണ ഇത് ചർച്ചയായിട്ടുണ്ടെങ്കിലും ഐശ്വര്യ ഇപ്പോഴും ഈ രീതി തുടരുന്നു എന്നതാണ് ആരാധകരെ ചൊടിപ്പിക്കുന്നത്.എന്തിനാണ് ഇപ്പോഴും കൈപിടിക്കുന്നതെന്ന് ആരാധകർ ചോദിക്കുന്നു. ഒപ്പം ഐശ്വര്യയുടെ വസ്ത്രധാരണവും ചർച്ചയാണ്. ഈ കറുത്ത വസ്ത്രത്തിൽ നിന്നും ഒരു മുക്തിയില്ലേ എന്നാണ് ആരാധകർ ചോദിക്കുന്നത്. ആരാധ്യയുടെ ഹെയർ സ്റ്റൈൽ മാറ്റാറായില്ലേ എന്ന ചോദ്യങ്ങളുമുണ്ട്.
അതേസമയം പാരീസ് ഫാഷൻ വീക്കിൽ പങ്കെടുക്കാനാണ് ഇവരുടെ യാത്ര എന്നാണ് വിവരം. ഈയ്യടുത്താണ് ഐശ്വര്യ ബിഗ് സ്‌ക്രീനിലേക്ക് മടങ്ങിയെത്തിയത്. പൊന്നിയിന്‍ സെല്‍വന്‍ പരമ്പരയിലൂടെയാണ് ഐശ്വര്യയുടെ തിരിച്ചുവരവ്. ഇതിലൂടെ തമിഴിലേക്കും വര്‍ഷങ്ങള്‍ക്ക് ശേഷം ഐശ്വര്യ തിരികെ വന്നു. ചിത്രത്തില്‍ ഇരട്ടവേഷത്തിലെത്തിയ ഐശ്വര്യയുടെ പ്രകടനവും കയ്യടി നേടിയിരുന്നു. 2018 ല്‍ പുറത്തിറങ്ങിയ ഫന്നേ ഖാന്‍ ആണ് ഐശ്വര്യയുടെ ഒടുവില്‍ പുറത്തിറങ്ങിയ ഹിന്ദി സിനിമ.


Click it and Unblock the Notifications