ആ സിനിമ ചെയ്തിരുന്നുവെങ്കില്‍ ജനം എന്നെ വളഞ്ഞിട്ട് തല്ലുമായിരുന്നു; ഐശ്വര്യയുടെ തുറന്നു പറച്ചില്‍
ഇന്ത്യന്‍ സിനിമയിലെ സൂപ്പര്‍നായികയാണ് ഐശ്വര്യ റായ്. ലോകസുന്ദരി പട്ടം നേടി സിനിമയിലെത്തിയ ഐശ്വര്യയുടെ താരപദവിയ്ക്ക് ഇന്നും കോട്ടം തട്ടിയിട്ടില്ല. ഇന്ത്യന്‍ സിനിമയില്‍ ഐശ്വര്യയുടെ അത്രയും ആരാധകരുള്ള മറ്റൊരു നായിക അന്നും ഇല്ല ഇന്നും ഇല്ല. ഇന്നും ഐശ്വര്യയുടെ ചിത്രങ്ങള്‍ക്കായി ആവേശത്തോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. മണിരത്‌നം സംവിധാനം ചെയ്ത ക്ലാസിക് ചിത്രമായ ഇരുവറിലൂടെയായിരുന്നു ഐശ്വര്യയുടെ അരങ്ങേറ്റം. തമിഴിലൂടെ അരങ്ങേറിയ ഐശ്വര്യ പിന്നീട് ബോളിവുഡിലെത്തുകയായിരുന്നു. പിന്നെ കണ്ടത് ഇന്ത്യന്‍ സിനിമയിലെ ഏറ്റവും വലിയ താരസുന്ദരിയുടെ കുതിപ്പാണ്.
ഇരുവര്‍ ഇറങ്ങിയ 1997 ല്‍ തന്നെ പുറത്തിറങ്ങിയ പ്യാര്‍ ഹോ ഗയ എന്ന ചിത്രത്തിലൂടെയാണ് ഐശ്വര്യയ്ക്ക് ബോളിവുഡിലെ ആദ്യ ബ്രേക്ക് ലഭിക്കുന്നത്. ഐശ്വര്യയെ നായികയാക്കാന്‍ ഇന്ത്യന്‍ സിനിമയിലെ തന്നെ വലിയ സംവിധായകരും നിര്‍മ്മാതാക്കളുമെല്ലാം കാത്തു നില്‍ക്കുകയായിരുന്നു. ഹിറ്റുകള്‍ ഒരുപാടുള്ള കരിയറില്‍ ഐശ്വര്യ നിരസിച്ച സിനിമകളും ഒരുപാട്. എന്നാല്‍ ഐശ്വര്യ തുടക്കകാലത്ത് തന്നെ വേണ്ടെന്ന് വച്ച ഒരു സിനിമ പിന്നീട് ബോളിവുഡിലെ എക്കാലത്തേയും വലിയ ഹിറ്റുകളിലൊന്നായി മാറിയ സിനിമയായിരുന്നു. ഷാരൂഖ് ഖാനും കജോളും റാണി മുഖര്‍ജിയും പ്രധാന വേഷത്തിലെത്തിയ കുച്ച് കുച്ച് ഹോത്താ ഹേയായിരുന്നു ആ ചിത്രം.

കുച്ച് കുച്ച് ഹോത്താ ഹേ പോലൊരു സിനിമ ഐശ്വര്യ നിരസിച്ചത് പലരേയും അമ്പരപ്പിച്ചൊരു വാര്‍ത്തയായിരുന്നു. ഫിലിംഫെയറിന് നല്‍കിയ അഭിമുഖത്തിലാണ് എന്തുകൊണ്ടാണ് താന്‍ കുച്ച് കുച്ച് ഹോത്താ ഹേ നിരസിച്ചതെന്ന് ഐശ്വര്യ വ്യക്തമാക്കുന്നുണ്ട്. താരത്തിന്റെ വാക്കുകളിലേക്ക്.

''തുടക്കക്കാരിയായിരുന്നുവെങ്കിലും എന്നെ താരതമ്യം ചെയ്തിരുന്നത് മുതിര്‍ന്ന നടിമാരുമായിട്ടായിരുന്നു. ഞാന്‍ ആ സിനിമ ചെയ്തിരുന്നുവെങ്കില്‍ അതൊക്കെ നഷ്ടമാകുമായിരുന്നു. മോഡലിംഗ് കാലത്ത് ചെയ്തിരുന്നത് തന്നെ ചെയ്യുന്നതിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ് ഐശ്വര്യ എന്ന് പറയും. മുടി സ്‌ട്രെയിറ്റ് ചെയ്ത്, മിനി സ്്‌കേര്‍ട്ട് ധരിച്ച്, ക്യാമറയെ നോക്കി കണ്ണിറുക്കിയും ചിരിച്ചുമൊക്കെ നടക്കുകയാണ് എന്ന് പറയുമായിരുന്നു. ഒടുവില്‍ ഹീറോ യഥാര്‍ത്ഥ വ്യക്തിയിലേക്ക് തന്നെ തിരിച്ചു പോവുകയും ചെയ്യും. എനിക്കറിയാം കുച്ച് കുച്ച് ഹോത്താ ഹേ ചെയ്തിരുന്നുവെങ്കില്‍ എന്നെ ആളുകള്‍ വട്ടം കൂടി നിന്ന് തല്ലുമായിരുന്നു'' എന്നാണ് ഐശ്വര്യ പറയുന്നത്.

കരണ്‍ ജോഹര്‍ ആദ്യമായി സംവിധാനം ചെയ്ത ചിത്രമായിരുന്നു കുച്ച് കുച്ച് ഹോത്താ ഹേ. ചിത്രം വന്‍ വിജയമായി മാറിയിരുന്നു. അതേസമയം ചിത്രം എഴുതിയിരുന്ന സമയത്ത് ടീന എന്ന കഥാപാത്രമായി കരണ്‍ മനസില്‍ കണ്ടിരുന്നത് തന്റെ അടുത്ത സുഹൃത്തും നടിയുമായ ട്വിങ്കിള്‍ ഖന്നയെയായിരുന്നു. എന്നാല്‍ വലിയ പ്രതീക്ഷയോടെ സിനിമയിലെത്തിയ ട്വിങ്കിളിന് പക്ഷെ തന്റെ അച്ഛന്റേയും അമ്മയുടേയും വിജയം ആവര്‍ത്തിക്കാന്‍ സാധിച്ചില്ല. 13 സിനിമകളില്‍ ആ അഭിനയജീവിതം ട്വിങ്കില്‍ മതിയാക്കുകയും പിന്നീട് മാധ്യമപ്രവര്‍ത്തകയും എഴുത്തുകാരിയുമൊക്കെയായി മാറുകയായിരുന്നു. ടീനയുടെ വേഷം ട്വിങ്കിളും വേണ്ടെന്ന് വച്ചതോടെ കരണ്‍ സമീപിച്ചത് ഉര്‍മിള മണ്ടോദ്കറിനേയും തബുവിനേയുമായിരുന്നു. പിന്നെയാണ് ഐശ്വര്യയിലേക്ക് കരണ്‍ എത്തുന്നത്. എന്നാല്‍ തന്നെ തിരിച്ചുവിളിച്ചത് ഐശ്വര്യ മാത്രമായിരുന്നുവെന്നും പക്ഷെ ഐശ്വര്യയും നിരസിച്ചുവെന്നാണ് കരണ്‍ പറയുന്നത്.
Recommended Video

എന്തായാലും ടീനയായി ആരെ കൊണ്ടു വരുമെന്ന ആശങ്കയിലിരിക്കുന്ന കരണിനോട് റാണി മുഖര്‍ജിയുടെ പേര് പറയുന്നത് ആദിത്യ ചോപ്രയാണ്. അതോടെ ഷാരൂഖിനും കജോളിനുമൊപ്പം ടീനയായി റാണി മുഖര്‍ജിയും കുച്ച് കുച്ച് ഹോത്താ ഹേയിലെത്തി. റാണിയുടെ അരങ്ങേറ്റ ചിത്രം പ്രതീക്ഷിച്ച വിജയം നേടിയിരുന്നില്ല. പക്ഷെ കുച്ച് കുച്ച് ഹോത്താ ഹേയുടെ വിജയം റാണി മുഖര്‍ജിയെ മുന്‍നിര നായികയാക്കി മാറ്റുകയായിരുന്നു. ഐശ്വര്യ റായിയും കരണ്‍ ജോഹറും പിന്നീട് ഒരുമിച്ച് പ്രവര്‍ത്തിക്കുന്നത് വര്‍ഷങ്ങള്‍ക്ക് ശേഷം 2016 ല്‍ യേ ദില്‍ ഹേ മുഷ്ഖില്‍ എന്ന ചിത്രത്തിലൂടെയാണ്.


Click it and Unblock the Notifications