കറുപ്പിന്റെ പേരില്‍ ഇപ്പോഴും കളിയാക്കുന്നു; അക്ഷയ് കുമാര്‍ ഇപ്പോഴും മാപ്പ് പറഞ്ഞിട്ടില്ലെന്ന് ശാന്തി പ്രിയ
ഒരു കാലത്ത് തിരക്കുള്ള നായികയായിരുന്നു ശാന്തി പ്രിയ. തെന്നിന്ത്യന്‍ സിനിമയിലും ബോളിവുഡിലുമെല്ലാം സാന്നിധ്യം അറിയിച്ച നായിക. സൂപ്പര്‍ താരം അക്ഷയ് കുമാറിന്റെ ആദ്യ നായികയായിരുന്നു ശാന്തി പ്രിയ. സൗഗന്ധ് എന്ന ചിത്രത്തിലൂടെയാണ് ശാന്തി പ്രിയ അക്ഷയ് കുമാറിന്റെ നായികയായി ഹിന്ദിയിലെത്തുന്നത്. പിന്നീട് ഫൂല്‍ ഓര്‍ അങ്കാര്‍, മഹര്‍ഷി, മേരെ സാജന സാത്ത് നിബാന, അഗ്നി, അന്ധാ ഇന്ധഖാം തുടങ്ങി നിരവധി ഹിറ്റ് സിനിമകളിലെ നായികയായി.
തന്റെ കരിയറിന്റെ പീക്കിലാണ് ശാന്തി പ്രിയ സിനിമയില്‍ നിന്നും പിന്മാറുന്നത്. തെന്നിന്ത്യന്‍ നടന്‍ സിദ്ധാര്‍ത്ഥ് റായെ വിവാഹം കഴിച്ചതോടെയാണ് ശാന്തി പ്രിയ സിനിമ ഉപേക്ഷിക്കുന്നത്. തന്റെ ആദ്യ ഹിന്ദി ചിത്രത്തിന്റെ ചിത്രീകരണത്തിനിടെയുണ്ടായ സംഭവങ്ങള്‍ ഈയ്യടുത്ത് ശാന്തി പ്രിയ തുറന്ന് പറഞ്ഞിരുന്നു. അക്ഷയ് കുമാര്‍ തന്റെ ഇരുണ്ട നിറത്തെ കളിയാക്കിയതിനെക്കുറിച്ചും ശാന്തി പ്രിയ തുറന്ന് പറഞ്ഞിരുന്നു.

''വളരെ സെന്‍സിറ്റീവായ വിഷയമാണ്. അവനത് മനസിലായിട്ടുണ്ടാകില്ല. എല്ലാവരുടേയും മുന്നില്‍ വച്ച് എന്റെ കാല്‍മുട്ടിലേക്ക് ചൂണ്ടി നോക്ക് എന്ത് കറുത്തിട്ടാണ്, നീ എവിടെയെങ്കിലും പോയി ഇടിക്കുകയോ വീഴുകയോ ചെയ്‌തോ? എന്ന് ചോദിച്ചു. എന്താണെന്ന് ഞാന്‍ ചോദിച്ചു. നിന്റെ കാല്‍ മുട്ട് വല്ലാതെ കറുത്തിരിക്കുകയാണല്ലോ, രക്തം കട്ട പിടിച്ചതാണോ എന്ന് അവന്‍ ചോദിച്ചു'' എന്നാണ് ശാന്തി പ്രിയ നടത്തിയ തുറന്നു പറച്ചില്‍.
തന്റെ നിറത്തെക്കുറിച്ചുള്ള അക്ഷയ് കുമാറിന്റെ ആ പ്രസ്താവന തന്നെ മാനസികമായി സാരമായി തന്നെ ബാധിച്ചുവെന്നാണ് ശാന്തി പ്രിയ പറയുന്നത്. താനും സഹോദരി ഭാനുപ്രിയയും തങ്ങളുടെ ഇരുണ്ട നിറത്തിന്റെ പേരില്‍ നിരന്തരം വിവേചനം നേരിട്ടിട്ടുണ്ടെന്നാണ് ശാന്തി പ്രിയ പറയുന്നത്. തൊണ്ണൂറുകളില്‍ മാത്രമല്ല ഇപ്പോഴും തന്റെ കുടുംബം അത്തരം അധിക്ഷേപങ്ങള്‍ നേരിടാറുണ്ടെന്നാണ് ശാന്തി പ്രിയ വെളിപ്പെടുത്തുന്നത്.
അക്ഷയ് കുമാറിന്റെ വാക്കുകള്‍ കേട്ട് സെറ്റിലുണ്ടായിരുന്ന എല്ലാവരും അന്ന് പൊട്ടിച്ചിരിക്കുകയായിരുന്നുവെന്നും ശാന്തി പ്രിയ ഓര്‍ക്കുന്നുണ്ട്. നീ പറഞ്ഞത് തന്നെയാണോ നീ ഉദ്ദേശിച്ചതും എന്ന് ചോദിച്ച ശേഷം താന്‍ ഒന്നും മിണ്ടാതെ അവിടെ നിന്നും പോയി. അപ്പോഴാണ് കാര്യത്തിന്റെ ഗൗരവ്വം മറ്റുള്ളവര്‍ക്ക് മനസിലായതെന്നും ശാന്തി പ്രിയ പറയുന്നു.

''ആദ്യം എല്ലാവരും പൊട്ടിച്ചിരിച്ചു. നീ അത് കാര്യമായിട്ട് പറഞ്ഞതാണോ എന്ന് ഞാന്‍ ചോദിച്ചു. പിന്നെ എന്റെ അമ്മയെ ഞാനൊന്ന് നോക്കി. പതിയെ അവരുടെ അടുത്തേക്ക് ചെന്നു, അമ്മ എല്ലായിടത്തും എന്റെ കൂടെ വരുമായിരുന്നു. ഞാന്‍ മിണ്ടാതെ തന്നെ അവിടുന്ന് പോയി. അപ്പോഴാണ് അവര്‍ക്ക് കാര്യം ഗൗരവ്വമാണെന്ന് മനസിലായത്'' എന്നാണ് ശാന്തി പ്രിയ പറയുന്നത്. തന്റെ പ്രതികരണത്തില്‍ എല്ലാവരും അമ്പരന്നു പോയെന്നും എന്നാല്‍ താന്‍ ശാന്തത കൈവിട്ടിരുന്നില്ലെന്നും ശാന്തി പ്രിയ പറയുന്നു. അതേസമയം തന്റെ വാക്കുകള്‍ വെറും തമാശയാണെന്ന് പറഞ്ഞ് ഒതുക്കാനായിരുന്നു അക്ഷയ് കുമാര്‍ ശ്രമിച്ചത്. ഒരിക്കല്‍ പോലും അക്ഷയ് കുമാര്‍ തന്നോട് മാപ്പ് ചോദിച്ചില്ലെന്നും ശാന്തി പ്രിയ പറയുന്നു.
നീണ്ടൊരു ഇടവേളയ്ക്ക് ശേഷം തിരിച്ചുവരവിനെക്കുറിച്ച് ചിന്തിച്ചപ്പോള്‍ താന്‍ ആദ്യം കണ്ടത് അക്ഷയ് കുമാറിനെയാണെന്നാണ് ശാന്തി പ്രിയ പറയുന്നത്. അക്ഷയ് കുമാറിനെ നായകനാക്കാന്‍ പലരും എതിര്‍ത്തപ്പോള്‍ താനായിരുന്നു അന്ന് പിന്തുണച്ചത്. എന്നാല്‍ തിരിച്ചുവരാന്‍ ശ്രമിക്കുമ്പോള്‍ സഹായിക്കാം എന്ന് വാഗ്ദാനം ചെയ്ത അക്ഷയ് കുമാര്‍ തന്നെ പിന്നീട് അവഗണിക്കുകയും തന്റെ കോളുകള്‍ എടുക്കാതായെന്നും ശാന്തി പ്രിയ ആരോപിക്കുന്നുണ്ട്. അതേസമയം ഇനി തനിക്ക് നായികയായി അഭിനയിക്കാന്‍ പറ്റില്ലെന്നും അക്ഷയ് കുമാര്‍ പറഞ്ഞുവെന്നും ശാന്തി പ്രിയ തുറന്ന് പറയുന്നുണ്ട്.


Click it and Unblock the Notifications