അച്ഛനോട് അടുപ്പമില്ല, അമ്മയോടാണെന്ന് ആലിയ; ചേച്ചി പൂജയോട് ഒരു കാര്യത്തില്‍ അസൂയയുണ്ട്!
ബോളിവുഡിലെ താരകുടുംബമാണ് ഭട്ട് കുടുംബം. അച്ഛന്‍ മഹേഷ് ഭട്ട് ബോളിവുഡിലെ ഐക്കോണിക് സംവിധായകന്‍. നാല് മക്കളാണ് മഹേഷ് ഭട്ടിനുള്ളത്. പൂജ ഭട്ട്, രാഹുല്‍ ഭട്ട്, ഷഹീന്‍ ഭട്ട്, ആലിയ ഭട്ട്. ആദ്യ ഭാര്യ കിരണിലുണ്ടായ മക്കളാണ് പൂജയും രാഹുലും. രണ്ടാം ഭാര്യയായ സോസി റാസ്ദാനിലുണ്ടായ മക്കളാണ് ഷഹീനും ആലിയയും. വളരെ അടുത്ത ബന്ധമാണ് മക്കള്‍ക്കിടയിലുള്ളത്. ഇളയ മകള്‍ ആലിയയും മൂത്ത മകള്‍ പൂജയും സിനിമയിലേക്ക് വരികയും താരങ്ങളായി മാറുകയും ചെയ്തു.
ആലിയയും പൂജയും തമ്മില്‍ 21 വയസിന്റെ വ്യത്യാസമുണ്ട്. ഒരിക്കല്‍ കരണ്‍ ഥാപ്പറിന് നല്‍കിയ അഭിമുഖത്തില്‍ പൂജയും ആലിയയും അച്ഛന്‍ മഹേഷ് ഭട്ടുമായുള്ള അടുപ്പത്തെക്കുറിച്ച് സംസാരിക്കുന്നുണ്ട്. കൂട്ടത്തില്‍ അച്ഛനുമായി ഏറ്റവും അടുത്ത ബന്ധമുള്ളത് തനിക്കാണെന്നാണ് പൂജ പറയുന്നത്.

''എനിക്ക് ആലിയയ്ക്കും ഷഹീനും സണ്ണിയ്ക്കും സാധിക്കാതെ പോയൊരു തരത്തില്‍ അദ്ദേഹത്തെ അറിയാന്‍ സാധിച്ചിട്ടുണ്ട്. ഞാന്‍ അദ്ദേഹത്തിന്റെ മോശം അവസ്ഥ കണ്ടിട്ടുണ്ട്. മദ്യത്തിന് അടിമയായതും അത് ഉപേക്ഷിച്ചതും ഞാന്‍ കണ്ടിട്ടുണ്ട്. അത് എനിക്ക് ഏറ്റവും വലിയ നേട്ടമാണ്. സഹോദരങ്ങളില്‍ നിന്നും എനിക്കത് ചെറിയൊരു മേല്‍ക്കൈ നല്‍കുന്നുണ്ട്. ഞാന്‍ അദ്ദേഹത്തിന്റെ കൂടെ വര്‍ക്ക് ചെയ്തത് കൊണ്ടല്ല, അദ്ദേഹത്തെ മോശം അവസ്ഥയിലും അവിടെ നിന്നും ഉയര്‍ന്ന് വരുന്നതും കണ്ടതുകൊണ്ടാണ്' എന്നാണ് പൂജ പറഞ്ഞത്.
തന്റെ 21-ാം വയസിലാണ് മഹേഷ് ഭട്ടിന് പൂജ ജനിക്കുന്നത്. അന്ന് അച്ഛന്‍ മകള്‍ക്കെഴുതിയ കത്തിനെക്കുറിച്ചും പൂജ സംസാരിക്കുന്നുണ്ട്. താന്‍ ജനിച്ച് അഞ്ച് മണിക്കൂര്‍ കഴിഞ്ഞപ്പോഴാണ് മഹേഷ് ആ കത്തെഴുതുന്നത്. അതിനാല്‍ ആലിയയ്ക്ക് തന്നോട് ചെറിയ അസൂയയുണ്ടെന്നും പൂജ പറയുന്നുണ്ട്. ''ഞാന്‍ ജനിച്ച് കൃത്യം അഞ്ച് മണിക്കൂര്‍ കഴിഞ്ഞാണ് കത്തെഴുതുന്നത്. നിനക്ക് ഈ കഥ അറിയില്ലേ ആലിയ? ഓ നിനക്ക് കത്ത് കിട്ടാത്തതിന്റെ അസൂയയാണല്ലേ'' എന്നാണ് പൂജ പറഞ്ഞത്.
തന്റെ ആദ്യത്തെ കണ്‍മണിയായ പൂജയ്ക്ക് വേണ്ടി മഹേഷ് കത്തെഴുതിയതില്‍ തനിക്ക് ചെറിയ അസൂയയുണ്ടെന്ന് ആലിയ സമ്മതിക്കുകയും ചെയ്യുന്നുണ്ട്. പിന്നാലെ പൂജ അച്ഛന്‍ തനിക്കെഴുതിയ ആ കത്തിനെക്കുറിച്ചും സംസാരിക്കുന്നുണ്ട്. മദ്യപിച്ചിരുന്നു ആസമയത്ത് മഹേഷ് ഭട്ട് എന്നാണ് പൂജ പറയുന്നത്.

''അദ്ദേഹം ഞാന്‍ ജനിച്ച് അഞ്ച് മണിക്കൂര്‍ കഴിഞ്ഞ് എനിക്കായൊരു കത്തെഴതി. അദ്ദേഹം കുറച്ച് മദ്യപിച്ചിരുന്നു. നിന്റെ ദൈവികതയിലും പാപത്തിലും സത്യസന്ധമായിരിക്കുക എന്നാണ് അദ്ദേഹം എഴുതിയത്. ഞാന്‍ കഷ്‌പ്പെടുമ്പോഴാണ് നീ ജനിക്കുന്നത്. നിന്റെ അമ്മ എനിക്ക് ഭാഗ്യം കൊണ്ടു വന്നുവെന്നും നീയാണ് കൊണ്ടു വന്നതെന്നും ചിലര്‍ പറയും. ഈ ലോകത്ത് നിനക്ക് ആഗ്രഹിക്കുന്നതെന്തും ആകാം. ഈ പ്രപഞ്ചത്തിന്റെ ഹൃദയസ്പന്ദനം നീയാണ്. എന്നെഴതിയ ശേഷം നിനെക്കെന്നെ മഹേഷ് എന്നോ പാപ്പ എന്നോ എന്തും വിളിക്കാം എന്നും അദ്ദേഹം എഴുതിയിരുന്നു'' പൂജ പറയുന്നു.
അതേസമയം താന്‍ അമ്മ സോണി രാസ്ദാനോടാണ് കൂടുതല്‍ അടുപ്പം എന്നാണ് ആലിയ പറയുന്നത്. ''അച്ഛന്‍ ഷൂട്ടിംഗും മറ്റും കാരണം എപ്പോഴും അടുത്തുണ്ടായിരുന്നില്ല. പക്ഷെ അമ്മ എപ്പോഴും കൂടെയുണ്ടായിരുന്നു. അമ്മയില്ലാത്തൊരു ജീവിതം എനിക്ക് ചിന്തിക്കാന്‍ പോലും സാധിക്കില്ല. അമ്മയുടെ കാര്യത്തില്‍ ഞാന്‍ വളരെ പ്രൊട്ടക്ടീവാണ്. അമ്മ വളരെ പാവമാണ്'' എന്നാണ് അമ്മയെക്കുറിച്ച് ആലിയ പറഞ്ഞത്.


Click it and Unblock the Notifications











