രണ്‍ബീറിനെ കല്യാണം കഴിച്ചാല്‍ കൊള്ളാമെന്ന് ആലിയ; ആലിയയെ ഇരുത്തി കളിയാക്കി കാമുകി കത്രീന
ബോളിവുഡിലെ സൂപ്പര്‍ താരങ്ങളാണ് ആലിയ ഭട്ടും രണ്‍ബീര്‍ കപൂറും. സിനിമാ കുടുംബങ്ങളില്‍ നിന്നും എത്തിയ താരങ്ങള്‍ വളരെ പെട്ടെന്നു തന്നെ തങ്ങളിലെ പ്രതിഭ കൊണ്ട് സ്വന്തമായൊരു ഇടം നേടിയെടുക്കുകയായിരുന്നു. ഏറെ പ്രതീക്ഷയോടെയാണ് ആലിയയേയും രണ്‍ബീറിനേയും ബോളിവുഡ് ഉറ്റു നോക്കുന്നത്. ഇതിനിടെ ഇരുവരും പ്രണയത്തിലാവുകയായിരുന്നു. ഇന്ന് ബോളിവുഡിലെ ഏറ്റവും പ്രിയപ്പെട്ട താരജോഡിയാണ് ആലിയയും രണ്‍ബീറും.
ആലിയയുമായി പ്രണയത്തിലാകുന്നതിന് മുമ്പ് രണ്‍ബീറും കത്രീന കൈഫും തമ്മില്‍ ഏറെ നാള്‍ പ്രണയത്തിലായിരുന്നു. ഒരുപാട് സിനിമകളില്‍ രണ്‍ബീറും കത്രീനയും ഒരുമിച്ച് അഭിനയിക്കുകയും ചെയ്തിട്ടുണ്ട്. കത്രീനയുമായി പ്രണയത്തിലുള്ളപ്പോള്‍ തന്നെ തനിക്ക് രണ്‍ബീറിനോടുള്ള ക്രഷ് ആലിയ തുറന്നു പറഞ്ഞിട്ടുണ്ട്. തുറന്ന് സംസാരിക്കുന്ന ആലിയയുടെ രീതി പലപ്പോഴും കയ്യടി നേടിയിട്ടുള്ളതാണ്. അത്തരത്തില്‍ ഒരു അവസരത്തിലായിരുന്നു താരസുന്ദരി രണ്‍ബീറിനെക്കുറിച്ചും മനസ് തുറന്നത്.

രണ്‍ബീര്‍ സുന്ദരനാണെന്നും തനിക്ക് വിവാഹം കഴിക്കാന്‍ ആഗ്രഹമുണ്ടെന്നുമായിരുന്നു ഒരിക്കല്‍ കോഫി വിത്ത് കരണില്‍ പങ്കെടുക്കാന്‍ എത്തിയപ്പോള്‍ ആലിയ പറഞ്ഞത്. പിന്നീട് പലപ്പോഴായി രണ്‍ബീര്‍ കപൂറിനോടുള്ള തന്റെ ക്രഷും ആരാധനയുമൊക്കെ ആലിയ തുറന്നു പറഞ്ഞിട്ടുണ്ട്. എന്നാല്‍ ആലിയയുടെ ഈ തുറന്നു പറച്ചില്‍ അന്ന് രണ്‍ബീറിന്റെ കാമുകിയായിരുന്ന കത്രീനയ്ക്ക് അത്ര സുഖിച്ചിരുന്നില്ല. പരസ്യമായി തന്നെ കത്രീന ഇത് വ്യക്തമാക്കുകയും ചെയ്തിരുന്നു.

ആലിയയുടെ തുറന്നു പറച്ചിലിനെക്കുറിച്ച് എന്താണ് അഭിപ്രായം എന്ന് ചോദിച്ചപ്പോള്‍ കത്രീന പറഞ്ഞത്, പതിനഞ്ചിനും മുപ്പത്തഞ്ചിനും ഇടയിലുള്ള എല്ലാ പെണ്‍കുട്ടികള്‍ക്കും രണ്‍ബീറിനോട് ക്രഷ് ഉണ്ടെന്നായിരുന്നു. ആലിയ കൂടിയുള്ള പരിപാടിയില്‍ വച്ചായിരുന്നു കത്രീനയുടെ ട്രോള്‍ സ്വഭാവമുള്ള മറുപടി. എന്തായാലും അധികനാള്‍ കഴിയും മുമ്പ് തന്നെ കത്രീനയും രണ്‍ബീറും പിരിയുകയായിരുന്നു. ഒരു ഘട്ടത്തില്‍ കത്രീനയും രണ്‍ബീറും വിവാഹത്തിന്റെ വക്കോളം എത്തിയിരുന്നു. പിരിഞ്ഞതിന് ശേഷം താന്‍ വിവാഹത്തെക്കുറിച്ച് ചിന്തിച്ചിരുന്നതായി കത്രീന തന്നെ പറഞ്ഞിരുന്നു.

ഇന്ന് രണ്‍ബീറും കത്രീനയും ആലിയയുമെല്ലാം അടുത്ത സുഹൃത്തുക്കളാണ്. ആലിയയുടെ ഏറ്റവും അടുത്ത സുഹൃത്താണ് കത്രീന കൈഫ്. ഇരുവരും പലപ്പോഴായി ഒരുമിച്ച് സമയം ചെലവിടുന്നതിന്റെ ചിത്രങ്ങളും വീഡിയോകളുമെല്ലാം വൈറലായി മാറിയിട്ടുണ്ട്. ഒരുമിച്ച് വര്‍ക്ക് ഔട്ട് ചെയ്യുന്നതിന്റേയും ഒരേപോലെയുള്ള വസ്ത്രങ്ങള്‍ ധരിച്ചതിന്റേയുമെല്ലാം ചിത്രങ്ങള്‍ താരങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിട്ടുണ്ട്. ഇപ്പോഴിതെ ഓഫ് സ്‌ക്രീനിലെ ഈ ആത്മമിത്രങ്ങള്‍ ഓണ്‍ സ്‌ക്രീനിലും ഒരുമിക്കുകയാണ്.

ജീ ലേ സര എന്ന ചിത്രത്തിലൂടെയാണ് ആലിയയും കത്രീനയും ഒരുമിക്കുന്നത്. പത്ത് വര്‍ഷത്തിന് ശേഷം ഫര്‍ഹാന്‍ അക്തര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പ്രിയങ്ക ചോപ്രയും പ്രധാന വേഷത്തിലെത്തുന്നു. സിന്ദഗി ന മിലേഗി ദൊബാര പോലൊരു റോഡ് മൂവിയായിരിക്കും ജീ ലേ സര. സോയ അക്തറും ഫര്‍ഹാന്‍ അക്തറും റീമ കഗ്ട്ടിയും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥയൊരുക്കുന്നത്. ഓഫ് സ്‌ക്രീനിലുള്ള തങ്ങളുടെ സൗഹൃദം ഓണ്‍ സ്‌ക്രീനിലേക്ക് എത്തിക്കുകയാണ് ബോളിവുഡിലെ സൂപ്പര്‍ നായികമാര്‍.

അതേസമയം രണ്‍ബീറും ആലിയയും വിവാഹിതരാകാന്‍ പോവുകയാണെന്ന റിപ്പോര്‍ട്ടുകള്‍ ഈയ്യടുത്ത് പുറത്ത് വന്നിരുന്നു. രണ്‍ബീറും ആലിയയും ഒരുമിച്ചുള്ള ചിത്രങ്ങളും വീഡിയോകളുമെല്ലാം സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്. രണ്‍ബീറിന്റെ വീട്ടിലെ പരിപാടികള്‍ക്കെല്ലാം ആലിയ എത്താറുണ്ട്. രണ്ടു പേരുടേയും കുടുംബങ്ങള്‍ തമ്മിലും നല്ല ബന്ധമാണ്. ഇതിനിടെ രണ്ടു പേരുടേയും അമ്മമാര്‍ തമ്മില്‍ കൂടിക്കാഴ്ച നടത്തിയതോടെയാണ് വിവാഹത്തിനുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചതായുള്ള റിപ്പോര്‍ട്ടുകള്‍ പ്രചരിച്ചത്. എന്നാല്‍ വിവാഹ വാര്‍ത്തകളോട് ആലിയയോ രണ്‍ബീറോ ഇതുവരേയും പ്രതികരിച്ചിട്ടില്ല.
Recommended Video

ഇതിനിടെ കത്രീന കൈഫിന്റെ വിവാഹ വാര്‍ത്തകളും പ്രചരിച്ചിരുന്നു. യുവനടന്‍ വിക്കി കൗശലും കത്രീനയും പ്രണയത്തിലാണെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍ പറഞ്ഞത്. ഇരുവരും രഹസ്യമായി വിവാഹ നിശ്ചയം നടത്തിയതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ഇത് വ്യാജ പ്രചരണമാണെന്ന് പിന്നീട് തെളിയുകയായിരുന്നു. ഇപ്പോള്‍ സല്‍മാന്‍ നായകനാകുന്ന ടൈഗര്‍ ത്രീയുടെ ചിത്രീകരണത്തിനായി ഓസ്ട്രിയയിലാണ് കത്രീനയുള്ളത്. സീറോയാണ് താരത്തിന്റെ അവസാനം പുറത്തിറങ്ങിയ സിനിമ.


Click it and Unblock the Notifications