പോയി പണിനോക്കൂ! വിഷമം അങ്ങനെ കേട്ടതില്‍ മാത്രം; ദാമ്പത്യത്തിലെ 'വിള്ളലു'കളെക്കുറിച്ച് ആലിയ
കോഫി വിത്ത് കരണിന്റെ ഏറ്റവും പുതിയ എപ്പിസോഡില്‍ അതിഥികളായി എത്തിയത് ബോളിവുഡിലെ സൂപ്പര്‍ നായികമാരായ കരീന കപൂറും ആലിയ ഭട്ടുമാണ്. താനുമായി ബന്ധപ്പെട്ട പല വിവാദങ്ങളെക്കുറിച്ചും പരിപാടിയില്‍ ആലിയ ഭട്ട് സംസാരിക്കുന്നുണ്ട്. തന്നെക്കുറിച്ച് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന എന്തെങ്കിലും തെറ്റിദ്ധാരണകളെക്കുറിച്ച് സംസാരിക്കാന്‍ താല്‍പര്യമുണ്ടോ എന്ന് കരണ്‍ ജോഹര്‍ ചോദിച്ചതിന് പിന്നാലെയാണ് ആലിയ മനസ് തുറന്നത്.
ഇത് ഇന്റര്‍നെറ്റിന്റെ കാലമാണെന്നും എല്ലാ ആഴ്ചയും ഓരോ തെറ്റിദ്ധാരണകളുണ്ടാകുമെന്നുമാണ് ആലിയ പറഞ്ഞത്. ''ചില ദിവസങ്ങളില്‍ ഞാന്‍ ബക്കല്‍ ഫാറ്റ് സര്‍ജറി ചെയ്‌തെന്നാകും. ചില ദിവസം സ്‌കിന്‍ വൈറ്റനിംഗ് ചെയ്‌തെന്നാകും. ചില ദിവസം എന്റെ ദാമ്പത്യത്തില്‍ പ്രശ്‌നമുണ്ടെന്നാകും. തെറ്റിദ്ധാരണകള്‍ തെറ്റിദ്ധാരണകളാണ്. ഞാന്‍ അതൊന്നും ഗൗനിക്കുന്നില്ല. നിങ്ങള്‍ നിങ്ങളുടെ പണി നോക്കൂ, ഞാന്‍ എന്റെ പണി നോക്കാം'' എന്നാണ് ആലിയ പറഞ്ഞത്.

തന്റെ ഭര്‍ത്താവും നടനുമായ രണ്‍ബീര്‍ കപൂറിനെക്കുറിച്ച് സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്ന ചര്‍ച്ചകളെക്കുറിച്ചും ആലിയ മനസ് തുറക്കുന്നുണ്ട്. ആലിയ രണ്‍ബീറിനെക്കുറിച്ച് പറഞ്ഞ വാക്കുകള്‍ക്ക് പിന്നാലെയാണ് സോഷ്യല്‍ മീഡിയയില്‍ രണ്‍ബീറിനെതിരെ വ്യാപക വിമര്‍ശനം ഉയര്‍ന്നത്.
''എന്റെ ടീം എന്നോട് ഇത് കൈവിട്ടു പോവുകയാണെന്ന് പറഞ്ഞു. അങ്ങനെയാവട്ടെ എന്നാണ് ഞാന്‍ പറഞ്ഞത്. കാരണം, ആളുകള്‍ എപ്പോഴും എന്തെങ്കിലും പറയും. പിന്നീട് ചില ആര്‍ട്ടിക്കളുകള്‍ കണ്ടാണ് ഞാന്‍ കാര്യത്തിന്റെ ഗൗരവ്വം മനസിലാക്കുന്നത്. അവന്‍ ടോക്‌സിക്കാണെന്നാണ് പറഞ്ഞത്. നിങ്ങള്‍ കാര്യമായിട്ടാണോ? ആളുകള്‍ തെറ്റിദ്ധരിച്ചുവെന്നതില്‍ എനിക്ക് വിഷമമുണ്ട്. അവന്‍ ശരിക്കും അതിന്റെയെല്ലാം ഓപ്പോസിറ്റാണ്'' എന്നാണ് ആലിയ പറഞ്ഞത്.
അതേസമയം ഇതേക്കുറിച്ചൊന്നും പരാതിപ്പെടാന്‍ നില്‍ക്കേണ്ടതില്ലെന്നാണ് രണ്‍ബീര്‍ തന്നോട് പറഞ്ഞിട്ടുള്ളതെന്ന് ആലിയ പറയുന്നു. ''രണ്‍ബീര്‍ പറഞ്ഞത്, ആലിയ പ്രേക്ഷകരാണ് നമ്മളെയുണ്ടാക്കുന്നത്. അവര്‍ക്ക് തോന്നുന്നതെന്തും പറയാം. നിന്റെ സിനിമകള്‍ നല്ലതായിരിക്കുന്നിടത്തോളം കാലം ബാന്ദ്രയിലെ നിന്റെ അപ്പാര്‍ട്ടുമെന്റിലിരുന്ന് പരാതിപ്പെടേണ്ടതില്ല എന്നാണ്'' ആലിയ പറയുന്നു.
ആരാധകരുടെ പ്രിയപ്പെട്ട താരജോഡിയാണ് രണ്‍ബീര്‍ കപൂറും ആലിയ ഭട്ടും. ഇരുവരും ബ്രഹ്‌മാസ്ത്രയുടെ ചിത്രീകരണത്തിനിടെയാണ് പ്രണയത്തിലാകുന്നത്. ഏറെ നാളത്തെ പ്രണയത്തിന് ശേഷം രണ്‍ബീറും ആലിയയും വിവാഹിതരാവുകയും ചെയ്തു. ഈയ്യടുത്താണ് ഇരുവര്‍ക്കും മകള്‍ ജനിച്ചത്. രാഹ എന്നാണ് താരപുത്രിയ്ക്ക് ഇരുവരും പേരിട്ടിരിക്കുന്നത്.

അതേസമയം റോക്കി ഓര്‍ റാണി കി പ്രേം കഹാനിയാണ് ആലിയയുടെ ഒടുവിലിറങ്ങിയ സിനിമ. രണ്‍വീര്‍ സിംഗ് നായകനായ സിനിമ വിജയം നേടുകയും ചെയ്തിരുന്നു. മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരത്തിന്റെ തിളക്കത്തിലാണ് ആലിയ ഭട്ട് ഇപ്പോള്‍. ഗംഗുബായ് കഠിയാവാഡിയിലെ പ്രകടനത്തിനാണ് ആലിയയെ തേടി ദേശീയ പുരസ്‌കാരമെത്തിയത്. ജിഗ്രയാണ് ആലിയയുടെ പുതിയ സിനിമ. വസന്ത് ബാലയാണ് സിനിമയുടെ സംവിധാനം.
ആനിമല്‍ ആണ് രണ്‍ബീര്‍ കപൂറിന്റെ പുതിയ സിനിമ. അര്‍ജുന്‍ റെഡ്ഡിയൊരുക്കിയ സന്ദീപ് വേങ്ങയാണ് ആനിമലിന്റെ സംവിധാനം. രശ്മിക മന്ദാനയാണ് ചിത്രത്തിലെ നായിക. ആനിമലില്‍ ഇതുവരെ കാണാത്ത രൂപത്തിലും ഭാവത്തിലുമാണ് രണ്‍ബീര്‍ എത്തുന്നത്.


Click it and Unblock the Notifications