രണ്‍ബീര്‍ കപൂറും അമീഷ പട്ടേലും പ്രണയത്തിലായിരുന്നോ? പ്രീതി സിന്റയുടെ മുന്‍ കാമുകനേയും പ്രണയിച്ചോ? നടി പറയുന്നു
ബോളിവുഡിലെ ഐക്കോണിക് നായികമാരില്‍ ഒരാളാണ് അമീഷ പട്ടേല്‍. ഹൃത്വിക് റോഷന്റെ നായികയായി കഹോ ന പ്യാര്‍ ഹേ എന്ന സിനിമയിലൂടെയായിരുന്നു അമീഷയുടെ അരങ്ങേറ്റം. ചിത്രം ബോക്‌സ് ഓഫീസില്‍ വലിയ വിജയം നേടി. ഒരു രാത്രി ഇരുട്ടി വെളുക്കുമ്പോഴേക്കും ഹൃത്വിക് റോഷനും അമീഷ പട്ടേലും ബോളിവുഡിലെ തിരക്കുള്ള താരങ്ങളായി മാറി. പിന്നീട് നിരവധി സൂപ്പര്‍ ഹിറ്റുകള്‍ അമീഷയെ തേടിയെത്തുകയും ചെയ്തു.
ഓണ്‍ സ്‌ക്രീനിലെ റൊമാന്റിക് നായികയാണെങ്കിലും ഓഫ് സ്‌ക്രീനിലെ അമീഷയുടെ പ്രണയങ്ങളെല്ലാം തകര്‍ച്ചകളായിരുന്നു. അമീഷയുടെ വ്യക്തി ജീവിതം എന്നും വാര്‍ത്തകളില്‍ ഇടം നേടിയിട്ടുണ്ട്. താരം ഇപ്പോഴും അവിവാഹിതയായി തുടരുകയാണ്. എന്നാല്‍ അമീഷയുടെ പേര് പലരുമായും ചേര്‍ത്തുവെക്കപ്പെട്ടിട്ടുണ്ട്. ഇതില്‍ ബോളിവുഡിലെ മുന്‍നിര താരങ്ങള്‍ മുതല്‍ പ്രമുഖ ബിസിനസുകാര്‍ വരെയുണ്ട്.

അമീഷ പട്ടേലും നെസ് വാഡിയയും തമ്മില്‍ പ്രണയത്തിലാണെന്നായിരുന്നു ഒരിടയ്ക്ക് പുറത്തു വന്ന റിപ്പോര്‍ട്ടുകള്‍ പറഞ്ഞത്. നടി പ്രീതി സിന്റയും നെസ് വാഡിയയും നേരത്തെ പ്രണയത്തിലായിരുന്നു. ഇരുവരുടേയും പ്രണയം വളരെ പരസ്യമായ ഒന്നായിരുന്നു. എന്നാല്‍ പിന്നീട് ഇരുവരും പിരിഞ്ഞു നെസ് വാഡിയയ്‌ക്കെതിരെ ഗുരുതര ആരോപണങ്ങളാണ് അന്ന് പ്രീതി സിന്റ ഉന്നയിച്ചത്. നെസ് തന്നെ പീഡിപ്പിച്ചുവെന്നായിരുന്നു പ്രിതീയുടെ പരാതി.
പിന്നീടാണ് നെസ് വാഡിയയും അമീഷ പട്ടേലും പ്രണയത്തിലാണെന്ന വാര്‍ത്തകള്‍ പുറത്ത് വരുന്നത്. എന്നാല്‍ താനും നെസ് വാഡിയയും പ്രണയത്തിലല്ലെന്നാണ് അമീഷ പട്ടേല്‍ പറയുന്നത്. തന്റേയും നെസ് വാഡിയയുടേയും കുടുംബങ്ങള്‍ തമ്മില്‍ വര്‍ഷങ്ങളുടെ സൗഹൃദമുണ്ടെന്നാണ് അമീഷ പട്ടേല്‍ പറയുന്നത്.
''നെസിന്റേയും എന്റേയും കുടുംബം മൂന്ന് തലമുറകളായി സുഹൃത്തുക്കളാണ്. അദ്ദേഹത്തിന്റെ മുത്തച്ഛനും ഞങ്ങളുടെ അച്ഛനമ്മമാരും ഇപ്പോള്‍ ഞങ്ങളും ഒരേ സൗത്ത് ബോംബെ സര്‍ക്കിളില്‍ നിന്നുള്ളവരാണ്. നെസ് സുന്ദരനും അവിവാഹിതനും, ഞാനും, ആയതിനാലാകാം ഇത്തരം വാര്‍ത്തകള്‍ പുറത്ത് വന്നത്. ആളുകള്‍ ഞങ്ങള്‍ കമിതാക്കള്‍ ആണെന്ന് വ്യഖ്യാനിച്ചതാകാം'' എന്നാണ് അമീഷ പറഞ്ഞത്.
''സത്യത്തില്‍ നെസിന്റെ അച്ഛന്‍ കാരണമാണ് എനിക്ക് കതീഡ്രല്‍ സ്‌കൂളില്‍ അഡ്മിഷന്‍ ലഭിക്കുന്നത്. ഞങ്ങളുടെ കുടുംബങ്ങള്‍ ഒരുമിച്ചാണ് ക്രിസ്തുമസ് അവധിക്ക് പോയിരുന്നത്. ഞങ്ങളുടെ കുട്ടിക്കാലത്ത് ഒരുമിച്ചെടുത്ത ചിത്രങ്ങള്‍ വരെ കാണാന്‍ സാധിക്കും'' എന്നും അമീഷ പട്ടേല്‍ പറയുന്നുണ്ട്. താനും നെസും ഒരിക്കലും പ്രണയത്തിലായിരുന്നില്ലെന്നും അമീഷ പറയുന്നുണ്ട്.
അതേസമയം അമീഷയുടെ പേരിനൊപ്പം കേട്ട മറ്റൊരു പേരായിരുന്നു നടന്‍ രണ്‍ബീര്‍ കപൂറിന്റേത്. രണ്‍ബീര്‍ സിനിമയിലേക്ക് വരുന്ന സമയത്താണ് ഇരുവരും പ്രണയത്തിലാണെന്ന വാര്‍ത്ത പുറത്ത് വരുന്നത്. ചില പാര്‍ട്ടികളില്‍ ഇരുവരും ഒരുമിച്ച് പങ്കെടുത്തുവെന്നും അമീഷ രണ്‍ബീറിനെ ബലം പ്രയോഗിച്ച് ചുംബിച്ചുവെന്നെല്ലാം റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. രണ്‍ബീറിനേക്കാള്‍ പ്രായത്തില്‍ മൂത്തതാണ് അമീഷ. ഈ വാര്‍ത്തയോട് അമീഷ പട്ടേലും രണ്‍ബീര്‍ കപൂറും ഇതുവരെ പ്രതികരിച്ചിരുന്നില്ല. ഇപ്പോഴിതാ അമീഷ ഈ വിഷയത്തില്‍ വ്യക്തത നല്‍കിയിരിക്കുകയാണ്.
''ഒരു വര്‍ഷം ഞങ്ങള്‍ ഒരുമിച്ച് ഒരുപാട് പരിപാടികളില്‍ പങ്കെടുത്തിരുന്നു. ചിലപ്പോള് രണ്‍ബീറിന്റെ വീട്ടിലാകും, ചിലപ്പോള്‍ ആര്‍കെ ബംഗ്ലാവിലാകും. അല്ലെങ്കിലും പൊതു സുഹൃത്തുക്കളുടെ കൂടെ ലോകകപ്പ് കാണാന്‍ പോയതാകും. അവിടെ നിന്നെല്ലാമുള്ള ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ടാകാം'' എന്നാണ് അമീഷ പറയുന്നത്. താനും രണ്‍ബീര്‍ കപൂറും നല്ല സുഹൃത്തുക്കളാണ്. മാത്രമല്ല തങ്ങളുടെ കുടുംബങ്ങള്‍ക്കിടയിലും വളരെ അടുത്ത ബന്ധമുണ്ടെന്നാണ് അമീഷ പറയുന്നത്.
''എന്റെ മുത്തച്ഛന്‍ മരിച്ചപ്പോള്‍ ഒരു തോളില്‍ വച്ചത് രാജ് കപൂര്‍ ആയിരുന്നു. ഋഷി അങ്കിലും ബിബിത ജീയും എന്റെ അച്ഛനമ്മമാരുമെല്ലാം വളരെ അടുത്ത സുഹൃത്തുക്കളായിരുന്നു. കപൂര്‍ കുടുംബവുമായി ഞങ്ങള്‍ക്ക് വര്‍ഷങ്ങളുടെ ബന്ധം തന്നെയുണ്ട്'' എന്നാണ് അമീഷ പട്ടേല്‍ പറയുന്നത്. താനും രണ്‍ബീറും പ്രണയത്തിലാണെന്ന കഥ പ്രചരിക്കാന്‍ കാരണം തങ്ങള്‍ സൗന്ദര്യമുള്ളവരും, ആ സമയത്ത് രണ്ട് പേരും സിംഗിള്‍ ആയിരുന്നതിനാലും ആണെന്നാണ് അമീഷ പട്ടേല്‍ പറയുന്നത്. അതേസമയം തന്നെ ബന്ധപ്പെടുത്തിയ നെസും രണ്‍ബീറുമെല്ലാം നല്ല വ്യക്തികലാണെന്നതില്‍ സന്തോഷമുണ്ടെന്നും പക്ഷെ അതിലൊന്നും യാതൊരു യാഥാര്‍ത്ഥ്യമില്ലെന്നുമാണ് അമീഷ പട്ടേല്‍ പറയുന്നത്.
അതേസമയം അമീഷ പട്ടേലും സംവിധായകന്‍ വിക്രം ഭട്ടും പ്രണയത്തിലായിരുന്നുവെന്നത് വസ്തുതയാണ്. അമീഷയുടെ കരിയറിന്റെ തുടക്കകാലത്താണ് ഇരുവരു പ്രണയത്തിലാകുന്നത്. ഇരുവരും വിവാഹം കഴിക്കാനുള്ള തീരുമാനത്തിലായിരുന്നു. എന്നാല്‍ ഇതിനിടെ അമീഷയും കുടുംബവും തമ്മില്‍ തെറ്റി. തന്റെ സ്വത്ത് അച്ഛന്‍ തന്റെ സമ്മതമില്ലാതെ വഴിവിട്ട രീതിയില്‍ ഉപയോഗിച്ചുവെന്നായിരുന്നു അമീഷയുടെ ആരോപണം. കുടുംബത്തിനെതിരെ താരം പരാതി നല്‍കുകയും ചെയ്തിരുന്നു.
ഈ സംഭവങ്ങള്‍ക്കിടെയാണ് അമീഷയും വിക്രം ഭട്ടും തമ്മിലുള്ള ബന്ധത്തിലും വിള്ളലുകളുണ്ടാകുന്നത്. ഇതോടെ ഇരുവരും പിരിയാന്‍ തീരുമാനിച്ചു. പ്രണയ ബന്ധം അവസാനിച്ചുവെങ്കിലും തങ്ങള്‍ക്കിയില്‍ നല്ല സൗഹൃദമുണ്ടെന്നും തങ്ങളുടെ ബന്ധം വളരെ സ്‌പെഷ്യല്‍ ആയിരുന്നുവെന്നുമാണ് ഇരുവരും പറയുന്നത്. പിന്നീടും അമീഷയുടെ പേരുകള്‍ ചിലരുട പേരിനൊപ്പം കേട്ടിരുന്നു. എന്നാല്‍ ആ ബന്ധങ്ങളൊന്നും വിവാഹത്തിലേക്ക് എത്തിയില്ല. താരം ഇപ്പോഴും അവിവാഹിതയായി തുടരുകയാണ്.
കഹോന പ്യാര്‍ ഹേയിലൂടെ അരങ്ങേറിയതോടെ ബോളിവുഡിലെ പുത്തന്‍ താരോദയമായി അമീഷ മാറുകയായിരുന്നു. നേരത്തെ കരീന കപൂറിന് അരങ്ങേറ്റ സിനിമയായ വാഗ്ദാനം ചെയ്ത ചിത്രമായിരുന്നു ഇത്. എന്നാല്‍ കരീന വാഗ്ദാനം നിരസിച്ചു. ഇതോടെ അമീഷയെ തേടി അവസരമെത്തുന്നത്. ഹിന്ദി അരങ്ങേറ്റത്തിന് പിന്നാലെ അതേവര്‍ഷം തന്നെ അമീഷ തെന്നിന്ത്യയിലേക്കുമെത്തി. ബദ്രി എന്ന തെലുങ്ക് ചിത്രത്തിലൂടെയാണ് അമീഷ തെന്നിന്ത്യയിലെത്തുന്നത്.
പിന്നീട് വന്ന ഹിന്ദി ചിത്രം ഗദ്ദര്‍ ആയിരുന്നു. സണ്ണി ഡിയോള്‍ നായകനായ ചിത്രം ബ്ലോക്ക്ബസ്റ്ററായി മാറി. തുടരെ തുടരെ രണ്ട് ബ്ലോക്ക്ബസ്റ്ററുകള്‍ ഹിന്ദിയില്‍ സമ്മാനിച്ചതോടെ അമീഷ കുതിച്ചുയര്‍ന്നു. പിന്നീട് ക്രാന്തി, വാദാ, സമീര്‍, നരസിംഹുഡു, അന്‍കഹി, ഹണിമൂണ്‍ ട്രാവല്‍സ് പ്രൈവറ്റ് ലിമിറ്റഡ്, ഭൂല്‍ ഭുലയ്യ തുടങ്ങി നിരവധി സിനിമകളില്‍ അഭിനയിച്ചു. പിന്നീട് തുടര്‍ പരാജയങ്ങള്‍ നേരിടേണ്ടി വന്നതോടെ ചെറിയൊരു ഇടവേളയെടുത്തു. ശേഷം തിരികെ വരുന്നത് റേസ് ടുവിലൂടെയാണ്. ചിത്രവും അമീഷയുടെ ഭാവമാറ്റവും കയ്യടി നേടി.

2018 ല്‍ പുറത്തിറങ്ങിയ ഭയ്യാജി സൂപ്പര്‍ഹിറ്റോടെ അമീഷ വീണ്ടും ഇടവേളയെടുത്തു. നീണ്ടൊരു ഇടവേളയ്ക്ക് ശേഷം അമീഷ തിരികെ വരുന്നത് ഗദ്ദര്‍ 2വിലൂടെയാണ്. സണ്ണി ഡിയോള്‍-അമീഷ പട്ടേല്‍ ജോഡി വര്‍ഷങ്ങള്‍ക്ക് ശേഷം ഒരുമിച്ച ചിത്രം ബോക്‌സ് ഓഫീസില്‍ വലിയ വിജയമായി മാറി. ഇതോടെ അമീഷയും കരിയറില്‍ തിരികെ വന്നു. അമീഷയുടതോയി ഒടുവില്‍ പുറത്തിറങ്ങിയ സിനിമ 2024 ല്‍ പുറത്തിറങ്ങിയ തോബ തേര ജല്‍വ ആണ്.
അതേസമയം അന്ന് അമീഷയുടെ കാമുകനെന്ന് മാധ്യമങ്ങള്‍ എഴുതിയ രണ്‍ബീര്‍ കപൂര്‍ ഇന്ന് ബോളിവുഡിലെ സൂപ്പര്‍ താരമാണ്. സഞ്ജയ് ലീല ബന്‍സാലി ഒരുക്കിയ സാവരിയ്യ ആയിരുന്നു ആദ്യ സിനിമ. ചിത്രം പക്ഷെ ബോക്‌സ് ഓഫീസില്‍ പ്രതീക്ഷിച്ച വിജയം നേടിയില്ല. എങ്കിലും രണ്‍ബീര്‍ കയ്യടി നേടി. തുടര്‍ന്ന് നിരവിധി സൂപ്പര്‍ ഹിറ്റുകള്‍ സമ്മാനിച്ചു കൊണ്ട് രണ്‍ബീര്‍ ബോളിവുഡിലെ മുന്‍നിര താരമായി. കപൂര്‍ കുടുംബത്തിന്റെ ഈ തലമുറയിലെ സൂപ്പര്‍ താരമാണ് രണ്‍ബീര്‍ കപൂര്‍.


Click it and Unblock the Notifications











