നായികയ്ക്ക് ഇത്ര വിദ്യാഭ്യാസം വേണ്ടെന്ന് പറഞ്ഞു! കരിയര്‍ തകര്‍ത്തത് ആ പ്രണയങ്ങള്‍: അമീഷ പട്ടേല്‍
രണ്ടായിരങ്ങളില്‍ ബോളിവുഡിലെ തിരക്കുള്ള നായിയായിരുന്നു അമീഷ പട്ടേല്‍. ഹൃത്വിക് റോഷനൊപ്പം 2000 ല്‍ പുറത്തിറങ്ങിയ കഹോ ന പ്യാര്‍ ഹേയിലൂടെയാണ് അമീഷയും അരങ്ങേറുന്നത്. ചിത്രം ബ്ലോക്ബസ്റ്റര്‍ ആയതോടെ ഒരു രാത്രി ഇരുട്ടി വെളുക്കുമ്പോഴേക്കും അമീഷയും വലിയ താരമായി മാറുകയായിരന്നു. പിന്നീട് അമീഷയ്ക്ക് തിരിഞ്ഞു നോക്കേണ്ടി വന്നില്ല. സിനിമകള്‍ ഒന്നിന് പിന്നാലെ അമീഷയെ തേടിയെത്തുകയായിരുന്നു.
ഹംറാസ്, ഗദ്ദാര്‍, ഭൂല്‍ ഭുലയ്യ, റേസ് 2, ആപ് മുജേ അച്ചേ ലഗ്നേ ലഗേ തുടങ്ങി നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട് അമീഷ. പിന്നീട് സിനിമയില്‍ നിന്നും ഇടവേളയെടുത്ത അമീഷ തിരികെ വരികയും ചെയ്തു. ഇപ്പോഴിതാ ചെറിയൊരു ഇടവേളയ്ക്ക് ശേഷം അമീഷയുടെ പുതിയ സിനിമ റിലീസിന് തയ്യാറെടുക്കുകയാണ്. സൂപ്പര്‍ ഹിറ്റായി മാറിയ ഗദ്ദാറിന്റെ രണ്ടാം ഭാഗമാണ് വരുന്നത്. സണ്ണി ഡിയോളാണ് ചിത്രത്തിലെ നായകന്‍.

ഇപ്പോഴിതാ ബോളിവുഡ് ഹംഗാമയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ തന്റെ സിനിമാ ജീവിതത്തെക്കുറിച്ച് മനസ് തുറക്കുകയാണ് അമീഷ പട്ടേല്‍. തന്റെ കരിയറിന്റെ വലിയൊരു പങ്ക് കാലം തന്നെ പലരും കണ്ടിരുന്നത് ആവശ്യത്തിലധികം വിദ്യാഭ്യാസമുള്ള ആളായാട്ടാണെന്നാണ് അമീഷ പറയുന്നത്. സിനിമയില്‍ അഭിനയിക്കാന്‍ വേണ്ടതിലും അധികം വിദ്യാഭ്യാസം തനിക്കുണ്ടെന്ന് പലരും പറഞ്ഞുവെന്നാണ് അമീഷ പറയുന്നത്.
തന്റെ ഉന്നതജീവിതവും വിദ്യാഭ്യാസവുമൊക്കെ ബോളിവുഡില്‍ ഫിറ്റാകുന്നതിന് തനിക്ക് തടസമായിട്ടുണ്ടോ എന്ന് മിക്കപ്പോഴും ചോദിക്കുമായിരുന്നുവെന്നും അമീഷ പറയുന്നു. ''എന്തുകൊണ്ട് വിദ്യാഭ്യാസമുള്ളൊരാള്‍ക്ക് കലാപ്രവര്‍ത്തനത്തില്‍ ഇടപെട്ടുകൂടാ? എന്റെ കല ആണിത്'' എന്നാണ് അമീഷ പറയുന്നത്. താനും എന്നും സ്വന്തം ഇഷ്ടത്തിനാണ് ജീവിച്ചതെന്നും തന്റെ വീട്ടുകാര്‍ പറയുന്നതിനെ എതിര്‍ത്താണ് ശീലമെന്നും അമീഷ പറയുന്നുണ്ട്.
''ഞാന്‍ എന്നും എല്ലാത്തിനേയം എതിര്‍ത്തിട്ടുണ്ട്. എന്റെ കുടുംബം ഞാന്‍ അമേരിക്കയില്‍ പോകുന്നത് ഇഷ്ടപ്പെട്ടിരുന്നില്ല. അവര്‍ക്ക് കുടുംബക്കാരുള്ള ഇംഗ്ലണ്ടില്‍ പോകണം എന്നായിരുന്നു. അതാകുമ്പോള്‍ അവരുടെ ഒരു കണ്ണ് എന്റെ മേലുണ്ടാകും. പക്ഷെ ഞാന്‍ സമ്മതിച്ചില്ല. എനിക്ക് അമേരിക്കയില്‍ പോകണമെന്നും സ്വന്തം ഇടം കണ്ടെത്തണമെന്നും പറഞ്ഞു'' എന്നാണ് അമീഷ പറയുന്നത്.

ഇതേ അഭിമുഖത്തില്‍ തന്നെ സംവിധായകന്‍ വിക്രം ഭട്ടും മോഡല്‍ കനാവ് പുരിയ്ക്കുമൊപ്പമുള്ള തന്റെ പ്രണയത്തെക്കുറിച്ചും അമീഷ മനസ് തുറക്കുന്നുണ്ട്. പൊതുജനങ്ങള്‍ക്ക് അറിയുമായിരുന്ന ഈ രണ്ട് ബന്ധങ്ങളുമായിരിക്കാം തന്റെ ജീവിതത്തിലെ ഏറ്റവും വലിയ പിഴവുകളെന്നാണ് അമീഷ പറയുന്നത്. തന്റെ അഭിനയ ജീവിതത്തെ തന്നെ ഈ ബന്ധങ്ങള്‍ തകര്‍ത്തുവെന്നും അമീഷ പറയുന്നു.
നേരത്തെ നല്‍കിയ മറ്റൊരു അഭിമുഖത്തില്‍ ബോളിവുഡില്‍ പിടിച്ചു നില്‍ക്കാന്‍ സിംഗിള്‍ ആയിരിക്കുന്നതാണ് ഏറ്റവും നല്ലതെന്ന് അമീഷ പറഞ്ഞിരുന്നു. അത്തരത്തിലുള്ള നായികമാരെയായിരിക്കും പ്രേക്ഷകര്‍ക്ക് കൂടുതല്‍ ഇഷ്ടമെന്നാണ് അമീഷയുടെ അഭിപ്രായം. അല്ലെങ്കില്‍ സൂപ്പര്‍ താരത്തെ പ്രണയിക്കണം. എങ്കില്‍ മാത്രമേ കരിയറില്‍ ഗുണമുണ്ടാകൂ. നടനെ പ്രണയിച്ചാല്‍ അയാളുടെ കൂടെയുള്ള സിനിമകള്‍ ലഭിച്ചു കൊണ്ടിരിക്കും. എന്നാല്‍ തന്നെ സംബന്ധിച്ച് ഇതൊന്നുമായിരുന്നില്ല സാഹചര്യമെന്നാണ് അമീഷ പറഞ്ഞത്.


Click it and Unblock the Notifications











