മലയാളം പഠിച്ച് പ്രൊപ്പോസ് ചെയ്തു, ഹംസമായത് ബോളിവുഡിലെ സൂപ്പർ താരം; രാഹുൽ ശർമ്മ അസിനെ സ്വന്തമാക്കിയത് ഇങ്ങനെ!
ബോളിവുഡിൽ മലയാളത്തിന്റെ അഭിമാനമായി മാറിയ നടിയാണ് അസിൻ തോട്ടുങ്കൽ. 14-ാം വയസ്സിൽ സത്യൻ അന്തിക്കാടിന്റെ നരേന്ദ്രൻ മകൻ ജയകാന്തൻ വക എന്ന സിനിമയിലൂടെയാണ് അസിൻ സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്. ഏകദേശം പത്ത് വർഷങ്ങൾക്കപ്പുറം ബോളിവുഡിലെ മിന്നും താരമായി മാറുകയായിരുന്നു നടി. ശ്രീദേവിക്ക് ശേഷം തെന്നിന്ത്യയിൽ നിന്നെത്തി ബോളിവുഡ് കീഴടക്കുന്ന നായികയായി അസിൻ മാറുമെന്നാണ് പലരും കരുതിയത്. എന്നാൽ സംഭവിച്ചത് മറിച്ചായിരുന്നു.
2016ൽ വ്യവസായിയായ രാഹുൽ ശർമ്മയെ വിവാഹം ചെയ്ത അസിൻ അഭിനയം ഉപേക്ഷിച്ചു. മകൾക്കും ഭർത്താവിനുമൊപ്പം കുടുംബകാര്യങ്ങളുമായി ജീവിക്കുകയാണ് താരമിപ്പോൾ. ഇടയ്ക്ക് മകളുടെ വിശേഷങ്ങൾ പങ്കുവയ്ക്കാൻ അസിൻ സോഷ്യൽമീഡിയ ഉപയോഗിക്കാറുണ്ട്. അതേസമയം കഴിഞ്ഞ കുറച്ചു ദിവസങ്ങളായി അസിൻ വിവാഹമോചനത്തിലേക്ക് നീങ്ങുന്നു എന്ന വാർത്തകളാണ് പുറത്തുവരുന്നത്. അസിന്റെ ഇൻസ്റ്റാഗ്രാം പേജിൽ നിന്ന് ഭർത്താവിനൊപ്പമുള്ള ചിത്രങ്ങൾ അപ്രത്യക്ഷമായതോടെയാണ് അഭ്യൂഹങ്ങൾ പ്രചരിക്കുന്നത്.

ഇതിനിടെ ഇവരുടെ പ്രണയകഥയും ശ്രദ്ധനേടുകയാണ്. അസിൻ ബോളിവുഡിൽ സജീവമാകുന്ന സമയത്താണ് രാഹുൽ ശർമയെ പരിചയപ്പെടുന്നത്. 2012ൽ പുറത്തിറങ്ങിയ ഹൗസ്ഫുൾ 2 എന്ന ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി ബംഗ്ലാദേശിലേക്ക് യാത്ര ചെയ്യുമ്പോഴാണ് ഇവർ ആദ്യമായി കണ്ടുമുട്ടുന്നത്. നായകൻ അക്ഷയ് കുമാറിനൊപ്പം ഒരു സ്വകാര്യ ജെറ്റിലായിരുന്നു യാത്ര. യാത്രക്കിടെ അക്ഷയ് കുമാർ രാഹുലിനെ അസിന് പരിചയപ്പെടുത്തി.
ഇന്ത്യ-ബംഗ്ലാദേശ് ഏഷ്യകപ്പ് ക്രിക്കറ്റ് മത്സരം കാണാനായിരുന്നു ഇവരുടെ യാത്ര. അവിടെന്ന് തിരികെ വരുമ്പോൾ നിങ്ങൾ തമ്മിൽ നല്ല മാച്ചാണെന്ന് അക്ഷയ് അസിനോട് പറഞ്ഞു. എന്നാൽ അക്ഷയ് തമാശയ്ക്ക് പറഞ്ഞതാണെന്ന് കരുതി അസിൻ അത് വിട്ടു. പിന്നീടാണ് അസിൻ അറിയുന്നത് ഏഷ്യ കപ്പ് സ്പോൺസർ ചെയ്യുന്ന മൈക്രോമാക്സിന്റെ ഉടമസ്ഥനും തങ്ങൾ യാത്ര ചെയ്ത ജെറ്റിന്റെ ഉടമയുമാണ് രാഹുൽ ശർമ്മ എന്ന്.
മൈക്രോമാക്‌സ്- റെവോള്‍ട്ട് ബ്രാന്‍ഡുകളുടെ മേധാവിയായ ആ മനുഷ്യൻ കാണിച്ച എളിമ അസിനെ ആകർഷിച്ചു. അതിനു ശേഷം ഇരുവരും പരസ്പരം നമ്പർ കൈമാറി സുഹൃത്തുക്കളായി. എന്നാൽ വിവാഹം കഴിക്കാൻ തന്നെ ആയിരുന്നു രാഹുലിന്റെ പ്ലാൻ. അച്ഛനെയും അമ്മയെയും പരിചയപ്പെടണമെന്നും താൻ തന്റെ ആളെ കണ്ടെത്തിയെന്ന് പറയണമെന്നും രാഹുൽ പറഞ്ഞു. എന്നാൽ തനിക്ക് സമയം വേണമെന്നായിരുന്നു അസിന്റെ നിലപാട്. തുടർന്ന് ഇരുവരും ഡേറ്റിങ് ആരംഭിച്ചു.
കോടിശ്വരനായ രാഹുലുമായുള്ള തന്റെ പ്രണയം അസിൻ കഴിയുന്നത്ര മാധ്യമങ്ങളിൽ നിന്ന് മറച്ചുവച്ചു. അതിനിടെ പല ഗോസിപ്പുകളും പ്രചരിക്കാൻ തുടങ്ങി. ഒടുവിൽ 2015 ൽ ഓൾ ഈസ് വെൽ എന്ന സിനിമയുടെ പ്രമോഷനിടെ താൻ രാഹുൽ ശർമയുമായി പ്രണയത്തിലാണെന്നും ഉടൻ വിവാഹിതയാകുമെന്നും അസിൻ വെളിപ്പെടുത്തി. 2001 മുതൽ താൻ സിനിമയിലുണ്ട് വിവാഹശേഷം സിനിമ വിട്ട് കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാനാണ് താൻ ആഗ്രഹിക്കുന്നതെന്നും അസിൻ വ്യക്തമാക്കുകയും ചെയ്തു.

തുടർന്നായിരുന്നു ഇവരുടെ വിവാഹം. എന്നാൽ ഇതിനു മുൻപ് രാഹുൽ അസിനെ പ്രൊപ്പോസ് ചെയ്തതും ഏറെ ശ്രദ്ധനേടിയിരുന്നു. ഡൽഹിയിലെ അത്യാഢംബര ഹോട്ടലിൽ ഒരു ട്രെഷർ ഹണ്ട് വച്ച് അതിനൊടുവിൽ ഒരു മോതിരവുമായി രാഹുൽ നടിയെ പ്രൊപ്പോസ് ചെയ്യുകയായിരുന്നു. മലയാളം പഠിച്ച്, കടിച്ചാൽ പൊട്ടാത്ത മലയാളത്തിൽ ആയിരുന്നു പ്രപ്പോസ് ചെയ്തത്. ഏകദേശം ആറ് കോടി രൂപ വിലവരുന്ന മോതിരമാണ് രാഹുൽ അന്ന് അസിന്റെ കയ്യിൽ അണിഞ്ഞത്.
തുടർന്ന് 2016ൽ ഡൽഹിയിൽ വെച്ച് ഹിന്ദു ആചാര പ്രകാരവും ക്രിസ്ത്യൻ ആചാരപ്രകാരവും ഇവർ വിവാഹിതരായി. തൊട്ടടുത്ത വർഷമാണ് ഇവർക്ക് മകൾ ജനിക്കുന്നത്. അരിൻ ശർമ്മ എന്നാണ് മകൾക്ക് പേരിട്ടിരിക്കുന്നത്. രാഹുലിനെ പരിചയപ്പെടുത്തിയതിന് ഇന്നും അസിൻ നന്ദി പറയുന്നത് അക്ഷയ് കുമാറിനോടാണ്. ഇപ്പോഴും അടുത്ത സുഹൃത്തുക്കളാണ് അക്ഷയും അസിനും.


Click it and Unblock the Notifications