നടന് പ്രണയം, വിവാഹം കഴിക്കാം, പക്ഷെ അഭിനയം നിര്‍ത്തണം; ഇഷ ഡിയോള്‍ നല്‍കിയ മറുപടി
താരങ്ങളുടെ പാതയിലൂടെ മക്കളും സിനിമയിലെത്തുന്നത് ബോളിവുഡില്‍ പതിവാണ്. അങ്ങനെ സിനിമയിലെത്തിയ താരപുത്രിയാണ് ഇഷ ഡിയോള്‍. ബോളിവുഡിലെ ഐക്കോണിക് താരങ്ങളായ ഹേമ മാലിനിയുടേയും ധര്‍മ്മേന്ദ്രയുടേയും മകളാണ് ഇഷ. അച്ചന്റേയും അമ്മയുടേയും പാതയിലൂടെ ഇഷയും സിനിമയിലെത്തി. 2002 ല്‍ പുറത്തിറങ്ങിയ മേരെ ദില്‍ സെ പൂച്ഛെ ആയിരുന്നു ആദ്യത്തി സിനിമ. ഈ ചിത്രത്തിലെ പ്രകടനത്തിന് ഇഷയെ തേടി മികച്ച പുതുമുഖ നായികയ്ക്കുള്ള പുരസ്‌കാരവുമെത്തിയിരുന്നു.
ഇപ്പോള്‍ അഭിനയത്തില്‍ പണ്ടത്തേത് പോലെ അത്ര സജീവമല്ലെങ്കിലും ഒരുകാലത്ത് തിരക്കുള്ള നായികയായിരുന്നു ഇഷ ഡിയോള്‍. ഇതിനിടെ ഇപ്പോഴിതാ ഇഷ തനിക്ക് വന്നൊരു വിവാഹാഭ്യര്‍ത്ഥനയെക്കുറിച്ച് പറഞ്ഞ വാക്കുകള്‍ സോഷ്യല്‍ മീഡിയില്‍ ചര്‍ച്ചയായി മാറുകയാണ്. തന്റെ കൂടെ അഭിനയിച്ചൊരു നടനാണ് ഇഷയെ വിവാഹം കഴിക്കാന്‍ താല്‍പര്യമുണ്ടെന്ന് പറയുന്നത്.

എന്നാല്‍ ആ നടന്റെ പേര് പറയാന്‍ ഇഷ തയ്യാറായില്ല. പക്ഷെ വിവാഹം കഴിക്കണമെങ്കില്‍ താന്‍ സിനിമയില്‍ അഭിനയിക്കുന്നത് നിര്‍ത്തണമെന്നൊരു നിബന്ധന ആ നടന്‍ മുന്നോട്ട് വച്ചതായും ഇഷ പറയുന്നുണ്ട്. അതേക്കുറിച്ച് അമ്മയോട് സംസാരിച്ചപ്പോള്‍ അമ്മ പറഞ്ഞത് എന്തായിരുന്നുവെന്നും ഇഷ പറയുന്നുണ്ട്.
''ഞാന്‍ തുടങ്ങിയതേയുണ്ടായിട്ടുള്ളൂ. നമുക്ക് കല്യാണം കഴിക്കാമെന്നും നീ അഭിനയം നിര്‍ത്തണമെന്നും അവന്‍ പറഞ്ഞു. എനിക്ക് എന്താണ് ചെയ്യേണ്ടത് എന്നറിയാതെയായി. ഞാന്‍ വീട്ടില്‍ വന്ന് അമ്മയോട് പറഞ്ഞു. സോ സ്വീറ്റ് എന്നായിരുന്നു അമ്മയുടെ പ്രതികരണം'' എന്നാണ് ഇഷ പറയുന്നത്. അതേസമയം താന്‍ അതിന് തയ്യാറായില്ലെന്നും ഇതോടെ ആ നടന്റെ ഹൃദയം തകര്‍ന്നുവെന്നും ഇപ്പോള്‍ താനും ആ നടനും സുഹൃത്തുക്കളല്ലെന്നുമാണ് ഇഷ പറയുന്നത്.
അതേസമയം 2012 ലാണ് ഇഷ ഡിയോള്‍ വിവാഹിതയാകുന്നത്. തന്റെ ബാല്യകാല സുഹൃത്തും ബിസിനസുകാരനുമായ ഭരത് തഖ്താനിയെയാണ് ഇഷ വിവാഹം കഴിച്ചത്. രണ്ട് മക്കളാണ് ദമ്പതികള്‍ക്കുള്ളത്. രാധ്യയും മിരായയും. നിരവധി ഹിറ്റ് സിനിമകളിലെ നായികയായിരുന്നു ഇഷ ഡിയോള്‍. കുച്ഛ് തോ ഹേ, എല്‍ഒസി കാര്‍ഗില്‍, ആയുധ എഴുത്ത്, യുവ, ധൂം, കാല്‍, നോ എന്‍ട്രി, ദസ്, തുടങ്ങി നിരവധി ഹിറ്റുകള്‍ ഇഷയുടെ കരിയറിലുണ്ട്.

വിവാഹത്തോടെയാണ് ഇഷ ബിഗ് സ്‌ക്രീനില്‍ നിന്നും ഇടവേളയെടുക്കുകയായിരുന്നു. പിന്നീട് താരം റോഡീസ് എക്‌സ് 2വിലെ ഗാങ് ലീഡറായി മിനിസ്‌ക്രീനിലെത്തുകയായിരുന്നു. ഈയ്യടുത്ത് ഇഷ ഡിയോള്‍ ഒടിടി ലോകത്തും സാന്നിധ്യം അറിയിച്ചു. അജ്യ് ദേവ്ഗണ്‍ നായകനായ രുദ്രയിലൂടെയാണ് ഇഷ ഡിയോള്‍ ഒടിടിയില്‍ എന്‍ട്രി നടത്തുന്നത്. ഒടിടി റിലീസായ ഹണ്ടര്‍ ആണ് ഒടുവില്‍ പുറത്തിറങ്ങിയ സിനിമ.
നടന്‍ ധര്‍മ്മേന്ദ്രയുടേയും ഹേമ മാലിനിയുടേയും മകളാണ് ഇഷ ഡിയോള്‍. ധര്‍മ്മേന്ദ്രയുടെ രണ്ടാം വിവാഹമായിരുന്നു ഹേമ മാലിനിയുടേത്. ഈയ്യടുത്ത് ധര്‍മ്മേന്ദ്രയുടെ ആദ്യ വിവാഹത്തിലെ മകന്‍ സണ്ണി ഡിയോളിന്റെ മകന്റെ വിവാഹം നടന്നിരുന്നു. വിവാഹത്തിന് ഹേമയും മക്കളും എത്താത്തത് ചര്‍ച്ചയായിരുന്നു. അതേസമയം പോയ വാരം റിലീസ് ചെയ്ത സണ്ണിയുടെ ഗദ്ദാര്‍ 2 വന്‍ വിജയമായി മാറിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം ഗദ്ദാര്‍ 2വിന്റെ പ്രത്യേക പ്രദര്‍ശനം ഒരുക്കിയിരുന്നു ഇഷ. കുടുംബത്തിനും സുഹൃത്തുക്കള്‍ക്കും വേണ്ടിയാണ് ഇഷ സിനിമയുടെ പ്രത്യേക പ്രദര്‍ശനം നടത്തിയത്.


Click it and Unblock the Notifications











