'സ്‌കൂൾ കാലഘട്ടം മുതലേ ഞാൻ അനുഭവിക്കുന്നതാണ്! എനിക്കിപ്പോഴും അരക്ഷിതാവസ്ഥ തോന്നാറുണ്ട്': അനന്യ പാണ്ഡെ
ബോളിവുഡിലെ യുവനായികമാരിൽ ശ്രദ്ധേയയാണ് അനന്യ പാണ്ഡെ. നടന്‍ ചങ്കി പാണ്ഡെയുടെ മകളായ അനന്യ, കരൺ ജോഹർ സംവിധാനം ചെയ്ത സ്റ്റുഡന്റ് ഓഫ് ദ ഇയര്‍ ടുവിലൂടെയാണ് ബോളിവുഡിൽ അരങ്ങേറ്റം കുറിക്കുന്നത്. മോഡലായിരുന്ന അനന്യ അന്ന് മുതല്‍ നിരന്തരം സോഷ്യല്‍ മീഡിയയുടെ അധിക്ഷേപങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും ഇരയാകാറുണ്ട്. താരപുത്രിയായതിനാല്‍ നെപ്പോട്ടിസത്തിന്റെ പേരിലുള്ള വിമർശനങ്ങളും നടിക്ക് കേൾക്കേണ്ടി വന്നിട്ടുണ്ട്.
സോഷ്യല്‍ മീഡിയയുടെ നിരന്തരമുള്ള ബോഡി ഷെയിമിങ്ങും അനന്യക്ക് നേരിടേണ്ടി വന്നിട്ടുണ്ട്. തന്റെ മെലിഞ്ഞ ശരീരത്തിന്റെ പേരിലായിരുന്നു പലപ്പോഴും അനന്യ വിമര്‍ശിക്കപ്പെട്ടിരുന്നത്. എന്നാല്‍ തനിക്കെതിരെയുള്ള വിമര്‍ശനങ്ങളെയെല്ലാം കാറ്റില്‍പ്പറത്തി കൊണ്ട് ബോളിവുഡില്‍ സ്വന്തമായൊരു ഇടം നേടിയെടുത്തിരിക്കുകയായിരുന്നു അനന്യ പാണ്ഡെ. എന്നാൽ ഇപ്പോഴിതാ ബോഡി ഷെയിമിങ്ങും മറ്റു പരിഹാസങ്ങളുമൊക്കെ തന്നെ ബാധിച്ചിട്ടുണ്ടെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് അനന്യ. എല്ലെ മാഗസിന് നൽകിയ അഭിമുഖത്തിലാണ് നടി മനസുതുറന്നത്.

ഹൈസ്‌കൂൾ മുതൽ തനിക്ക് വെല്ലുവിളി നിറഞ്ഞ കാലഘട്ടമായിരുന്നുവെന്ന് അനന്യ ഓർത്തു, "ഹൈസ്‌കൂൾ എല്ലാവർക്കും ബുദ്ധിമുട്ടുള്ള സമയമാണ്. ഓരോരുത്തർക്കും അവരുടേതായ അരക്ഷിതാവസ്ഥയുണ്ടാകും, അത് ഒരിക്കലും മെച്ചപ്പെടില്ല. എന്റെ ശരീരത്തെക്കുറിച്ച് എനിക്ക് ഇപ്പോഴും അരക്ഷിതാവസ്ഥ തോന്നാറുണ്ട്, അത് ചിലപ്പോൾ നമ്മുടെ ശരീരത്തെക്കുറിച്ചും ആരെങ്കിലും പറഞ്ഞ കമന്റിനെ തുടർന്നാകാം, അല്ലെങ്കിൽ ഒരു ദിവസം നമുക്ക് സ്വയം തോന്നുന്നതാകാം. അങ്ങനെ ഏത് വിധത്തിലുമാകാം," അനന്യ പറഞ്ഞു.
"സോഷ്യൽ മീഡിയ എത്രത്തോളം പ്രതികൂലമായി ബാധിക്കുമെന്ന് നിങ്ങൾക്കറിയില്ല. അത് മെല്ലെ മെല്ലെ നിങ്ങളെ ബാധിക്കും, അതിലെ നെഗറ്റിവിറ്റി വളർന്നു കൊണ്ടിരിക്കുകയാണ്. അതുകൊണ്ടാണ് എനിക്ക് ഉത്കണ്ഠയോ സങ്കടമോ അസന്തുഷ്ടിയോ തോന്നുന്ന പേജുകൾ ഒഴിവാക്കാനും അവ അൺഫോളോ ചെയ്യാനുമൊക്കെ തുടങ്ങിയത്", അനന്യ വ്യക്തമാക്കി.
മുൻപ് ടൈംസ് ഓഫ് ഇന്ത്യക്ക് നൽകിയ ഒരു അഭിമുഖത്തിൽ ശരീര പ്രകൃതിയുടെ പേരിൽ താൻ സ്‌കൂളിൽ നിന്നും നേരിട്ട പരിഹാസങ്ങൾ കുറിച്ച് അനന്യ തുറന്നു പറഞ്ഞത് ചർച്ചയായിരുന്നു, "എന്റെ സ്കൂളിൽ ഞങ്ങൾക്ക് യൂണിഫോം ഉണ്ടായിരുന്നു, നെയിൽ പോളിഷോ കാജലോ ഉപയോഗിക്കാൻ കഴിയില്ല. ശരീരപ്രശ്നങ്ങൾ, സമ്മർദ്ദം, പരീക്ഷകൾ അങ്ങനെ പല വിധ പ്രശ്നങ്ങൾ എനിക്ക് അക്കാലത്ത് ഉണ്ടായിരുന്നു.

എത്രയൊക്കെ ഭക്ഷണം കഴിച്ചാലും അതൊന്നും എന്റെ ശരീരത്തിൽ പിടിക്കില്ലായിരുന്നു. എല്ലാവരും നല്ല വടിവൊത്ത ശരീരവുമായി സുന്ദരിയായിട്ട് ഇരിക്കാൻ ആഗ്രഹിക്കുന്നവരാണ്, പക്ഷേ ഇപ്പോൾ ഞാൻ എന്റെ എന്റെ ഈ ലുക്കിൽ സംതൃപ്തയാണ്. എന്നാൽ സ്‌കൂളിലെ യൂണിഫോമിൽ ഞാൻ അസ്വസ്ഥയായിരുന്നു. അതെന്റെ മെലിഞ്ഞ കൈകളും കാലുകളും ഒക്കെ എടുത്ത് കാണിക്കുന്നതിൽ എനിക്ക് ബുദ്ധിമുട്ടുണ്ടായിരുന്നു.
എനിക്ക് നല്ല ഉയരമുള്ളതിനാൽ എന്നെ ഹഞ്ച്ബാക്ക് എന്നൊക്കെയാണ് ഒപ്പമുള്ള കുട്ടികൾ വിളിച്ചിരുന്നത്. ഒപ്പമുള്ള കുട്ടികൾ പറയുന്നത് കേൾക്കണമെങ്കിൽ കുഞ്ഞിന് നിന്ന് കേൾക്കേണ്ട സാഹചര്യം ആയിരുന്നു എന്റേത്. അതൊക്കെ കൊണ്ട് ഒരുപാട് പരിഹാസങ്ങൾ കേട്ടിട്ടുണ്ട്. സ്‌കൂളിൽ നിന്നേ ഇത്രയും വേദനാജനകമായ അനുഭവങ്ങൾ ഉള്ളത് കൊണ്ടാണ് ഇപ്പോൾ വരുന്ന ട്രോളുകളും പരിഹാസങ്ങളും എന്നെ ബാധിക്കാത്തത്," അനന്യ പാണ്ഡെ അഭിമുഖത്തിൽ പറഞ്ഞു.


Click it and Unblock the Notifications











