ആശിച്ച് കിട്ടിയ ആദ്യ സിനിമ; മൂന്ന് ദിവസം കുളിക്കാതെ അനില്‍ കപൂര്‍; സഹോദരനെപ്പറ്റി ബോണി കപൂര്‍
ബോളിവുഡിലെ സൂപ്പര്‍ താരമാണ് അനില്‍ കപൂര്‍. മിസ്റ്റര്‍ ഇന്ത്യയും നായകും പോലെ എക്കാലത്തേയും വലിയ ഹിറ്റുകളിലെ നായകന്‍. ഐക്കോണിക് ആയി മാറിയ അഭിനയമുഹൂര്‍ത്തങ്ങള്‍ സമ്മാനിച്ച നടനാണ് അനില്‍ കപൂര്‍. ഇപ്പോഴും അഭിനയത്തില്‍ പുതിയ തലങ്ങള്‍ തേടുകയാണ് അനില്‍ കപൂര്‍. ഫിറ്റ്‌നസിന്റെ കാര്യത്തില്‍ യുവാക്കളെ പോലും പിന്നിലാക്കുന്ന താരമാണ് അനില്‍ കപൂര്‍.
ഇപ്പോഴിതാ അനില്‍ കപൂറിന്റെ അഭിനയത്തോടുള്ള താല്‍പര്യത്തെക്കുറിച്ച് സംസാരിക്കുകയാണ് സഹോദരനും നിര്‍മ്മാതാവുമായ ബോണി കപൂര്‍. അനില്‍ കപൂറിന് ആദ്യമായി അഭിനയിക്കാനുള്ള അവസരം ലഭിച്ചപ്പോള്‍ രണ്ട് മൂന്ന് ദിവസം കുളിക്കുക പോലും ചെയ്തില്ലെന്നാണ് ബോണി കപൂര്‍ പറയുന്നത്. മേക്കപ്പ് കഴുകി കളയാനുള്ള മടിയായിരുന്നു അതിന് കാരണം.

''അനില്‍ എന്നും നടനാകാനാണ് ആഗ്രഹിച്ചത്. സ്‌കൂളില്‍ പഠിക്കുമ്പോള്‍ ശശി കപൂറിന്റെ ബാല്യകാലം അഭിനയിക്കാനുള്ള അവസരം ലഭിച്ചു. അവന്‍ ഭയങ്കര പാഷനേറ്റ് ആയിരുന്നതിനാല്‍ രണ്ട് മൂന്ന് ദിവസം കുളിച്ചതേയില്ല. മേക്കപ്പ് കളയാതിരിക്കാനായിരുന്നു. എന്നാലല്ലേ അവന്‍ നടനായ കാര്യം എല്ലാവരും അറിയൂ'' ബോണി കപൂര്‍ പറയുന്നു. അനില്‍ കപൂറിന്റെ തുടക്കകാലത്തെക്കുറിച്ചും ബോണി കപൂര്‍ സംസാരിക്കുന്നുണ്ട്.
''അവന്‍ ഒരുപാട് കഷ്ടപ്പെട്ടു. ഏക് ബാര്‍ കഹോയില്‍ നായകന്റെ ശിങ്കിടിയായിട്ടാണ് അഭിനയിച്ചത്. തെലുങ്കിലും കന്നഡയിലും അഭിനയിച്ചു. മണിരത്‌നത്തിന്റെ ആദ്യ സിനിമയിലും അഭിനയിച്ചിരുന്നു. കഠിനാധ്വാനമായിരുന്നു അവന്റേത്. ഒരിക്കല്‍ രമേശ് സിപ്പിയുടെ ഒരു സിനിമയ്ക്കായി പതിനാറ് വയസുകാരനാകാന്‍ നെഞ്ചത്തെ രോമം മുഴുവന്‍ വടിച്ചു കളഞ്ഞു. ഉയരം കൂട്ടാന്‍ എപ്പോഴും പുള്‍ അപ്പ് ചെയ്യുമായിരുന്നു'' ബോണി കപൂര്‍ പറയുന്നു.
തുടക്കകാലത്തെ കഠിനാധ്വാനവും അഭിനയത്തോടുള്ള അടങ്ങാത്ത പാഷനുമാണ് അനില്‍ കപൂറിനെ താരവും സൂപ്പര്‍ താരവുമാക്കുന്നത്. ഇപ്പോഴും തന്നിലെ നടനെ പുതുക്കാന്‍ സാധിക്കുന്നതും അതിനാലാണ്. അഭിനയത്തില്‍ 45 വര്‍ഷം പിന്നിടുകയാണ് അനില്‍ കപൂര്‍. ഇപ്പോഴും സജീവമായി തന്നെ അഭിനയിക്കുന്നുണ്ട് താരം. ഫൈറ്ററും സാവിയുമാണ് ഈ വര്‍ഷം അനില്‍ കപൂര്‍ അഭിനയിച്ച് പുറത്തിറങ്ങിയ സിനിമ. ആമസോണ്‍ പ്രൈം വീഡിയോയുടെ സുബൈദാറിലാണ് ഇപ്പോള്‍ അഭിനയിക്കുന്നത്. ചിത്രത്തില്‍ അനിലിന്റെ മകളായി അഭിനയിക്കുന്നത് രാധിക ആപ്തെയാണ്.

അനിലിന്റെ സഹോദരനായ ബോണി കപൂര്‍ പക്ഷെ സിനിമയുടെ മറ്റൊരു ഏരിയയിലാണ് ശ്രദ്ധ ചെലുത്തിയത്. ബോളിവുഡിലെ വലിയ നിര്‍മ്മാതാക്കളില്‍ ഒരാളാണ് ബോണി കപൂര്‍.ഈയ്യടുത്ത് തന്റെ മേക്കോവറിലൂടെ ബോണി കപൂർ ഞെട്ടിച്ചിരുന്നു. വണ്ണം കുറച്ചാണ് ബോണി കപൂർ കയ്യടി നേടിയത്. ശ്രീദേവിയ്ക്ക് നല്‍കിയ വാക്കായിരുന്നു വണ്ണം കുറയ്ക്കുക എന്നത് എന്നായിരുന്നു അതേക്കുറിച്ച് ബോണി കപൂർ പറഞ്ഞത്. 2018 ലാണ് ശ്രീദേവി മരണപ്പെടുന്നത്.
ബോണിയുടേയും ശ്രീദേവിയുടേയും മകളാണ് നടി ജാന്‍വി കപൂര്‍. അനിലിന്റെ മകള്‍ സോനം കപൂറും മകന്‍ ഹര്‍ഷവര്‍ധന്‍ കപൂറും അഭിനയത്തിലേക്ക് കടന്നു വന്നവരാണ്. ബോണിയുടെ ഇളയമകള്‍ ഖുഷിയും ഈയ്യടുത്ത് അരങ്ങേറിയിരുന്നു.


Click it and Unblock the Notifications











